സ്കോഡയുടെ കുഷാക്ക് എസ്‌യുവി, സ്ലാവിയ സെഡാൻ എന്നിവ ഉൾപ്പെടെ പ്രാദേശികമായി വികസിപ്പിച്ച കാറുകൾക്ക് മികച്ച വില്‍പ്പന നേടിക്കൊണ്ടിരിക്കുകയാണ്. ഒന്നിലധികം എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളും ഗ്ലോബൽ എൻസിഎപിയുടെ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും പുതിയ സ്കോഡ കാറുകളുടെ നല്ല വില്‍പ്പനയിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
ഇപ്പോഴിതാ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, പുതിയ തലമുറ സൂപ്പർബ് സെഡാൻ, ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ ചെറിയ എസ്‌യുവി എന്നിവയുൾപ്പെടെ ഒന്നിലധികം പുതിയ കാറുകൾ രാജ്യത്ത് അവതരിപ്പിക്കാൻ സ്‌കോഡ തയ്യാറെടുക്കുകയാണ്. സ്കോഡ ഒരു പുതിയ ചെറിയ എസ്‌യുവി വികസിപ്പിക്കുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അത് 2024-ന്റെ രണ്ടാം പകുതിയിൽ പുറത്തിറക്കിയേക്കും.
ആന്തരികമായി എസ്‌കെ 216 എന്ന രഹസ്യനാമമുള്ള ഈ പുതിയ സ്കോഡ കോംപാക്റ്റ് എസ്‌യുവി മിക്കവാറും മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ് എന്നിവയ്‌ക്കൊപ്പം മത്സരിക്കും. തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് വാഹനം ഇപ്പോഴും പരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുഷാക്കിനും സ്ലാവിയയ്ക്കും അടിവരയിടുന്ന പരിഷ്‌ക്കരിച്ച MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ സ്‌കോഡ SK216 ചെറു എസ്‌യുവി എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ രൂപത്തിൽ, നാല് മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾ ഉൾക്കൊള്ളാൻ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഒരു ചെറിയ എസ്‌യുവിയെ ഉൾക്കൊള്ളാൻ സ്കോഡ എഞ്ചിനീയർമാർ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പുതിയ വാഹനങ്ങൾ നമ്മുടെ വിപണിയിൽ അവതരിപ്പിക്കുന്നതിന് ഒന്നുരണ്ടു വർഷം കൂടി എടുക്കും.
പുതിയ എനിയാക്ക് ഇലക്ട്രിക് വാഹനവും പുതിയ തലമുറ സൂപ്പര്‍ബ് സെഡാനും സിബിയു ആയി ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും കമ്പനി തയ്യാറെടുക്കുകയാണ് . കൂടാതെ, പുതിയ സ്കോഡ ഒക്ടാവിയ RS ഇന്ത്യൻ വിപണിയിലും പരിഗണനയിലാണ്. 114 ബിഎച്ച്‌പിയും 178 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് പുതിയ സ്‌കോഡ ചെറു എസ്‌യുവിക്ക് കരുത്തേകുന്നത്. മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിലുണ്ടാകും.