ഐറ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് തുടങ്ങാൻ ഒരുങ്ങുകയാണ്. 1,43,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക് എന്ന സവിശേഷതയുള്ള ഈ ബൈക്ക് എത്തുന്നത്. ഇപ്പോഴിതാ ബൈക്കിന്‍റെ ആദ്യ 9,999 പ്രീ-ബുക്കിംഗുകൾക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 1,999 രൂപ ടോക്കൺ തുക നൽകി ബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 9,999 ഉപഭോക്താക്കൾക്ക് വാങ്ങുമ്പോൾ 5,000 രൂപയുടെ ആനുകൂല്യം നേടാം.
/sathyam/media/post_attachments/DrudXQkKmPIbPpLBUH7u.jpg)
10,000 മുതൽ 29,999 പ്രീ-ബുക്കിംഗുകൾ വരെ, ഉപഭോക്താക്കൾക്ക് 2,999 ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാനും വാങ്ങുമ്പോൾ 2,500 രൂപയുടെ ആനുകൂല്യം നേടാനും കഴിയും. മെയ് 17 മുതൽ രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലും മാറ്റർ ഏറ ഇലക്ട്രിക് മോട്ടോർബൈക്കിന്റെ ബുക്കിംഗ് ആരംഭിക്കും. 30,000 മുതൽ, ഉപഭോക്താക്കൾക്ക് ടോക്കൺ തുകയായ 3,999 രൂപയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. അതേസമയം അധിക ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.
എന്നിരുന്നാലും, റദ്ദാക്കിയാൽ എല്ലാ ഉപഭോക്താക്കൾക്കും പ്രീ-ബുക്കിംഗ് തുക പൂർണ്ണമായും റീഫണ്ട് ചെയ്യപ്പെടും. ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡൽഹി എൻസിആർ, കൊൽക്കത്ത തുടങ്ങി രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലും മെയ് 17 മുതൽ ബുക്കിംഗ് ആരംഭിക്കും. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇവി നിർമ്മാതാവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഫ്ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ബൈക്ക് ബുക്കിംഗിനായി ലഭ്യമാകും.
ഇ-ബൈക്കിനുള്ള മുൻകൂർ ബുക്കിംഗുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് രണ്ട് ബൈക്കുകൾ വരെ ബുക്ക് ചെയ്യാം. 25 ജില്ലകളില്‍ നിന്ന് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് വെയ്‌റ്റ്‌ലിസ്റ്റിൽ ചേരാനും അവരുടെ പ്രദേശങ്ങളിൽ ബൈക്ക് ലഭ്യമാകുമ്പോൾ അറിയിക്കാനും കഴിയും. ഫൈനൽ ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ്, പ്രീ-ബുക്കിംഗുകൾക്ക് ശേഷം മാറ്റർ എക്സ്പീരിയൻസ് സെന്ററുകളിൽ ടെസ്റ്റ് ഡ്രൈവുകൾ നടത്താനും സാധിക്കും.
ലിക്വിഡ് കൂൾഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റർ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാർത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5kW ലിക്വിഡ് കൂൾഡ് മോട്ടോറാണ് ഇതിനുള്ളത്. നാല് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇലക്ട്രിക് മോട്ടോർ ജോടിയാക്കിയ ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.