ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി FAME II സ്കീമിന് കീഴിൽ നൽകുന്ന സബ്‌സിഡി കുറയ്ക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഓല ഇലക്ട്രിക്ക്, ഏഥർ എനർജി, ഹീറോ വീഡ തുടങ്ങിയ ബ്രാന്റുകളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് വൈകാതെ വില വൻതോതിൽ ഉയരുമെന്നാണ് സൂചനകൾ.
/sathyam/media/post_attachments/PjEpsFqiftdCPfmsHB4T.jpg)
ഘനവ്യവസായ മന്ത്രാലയം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് നൽകുന്ന സബ്സിഡി 15 ശതമാനമായി കുറയ്ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. FAME IIൽ വരുത്തുന്ന മാറ്റങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രത്തിന്റെ പാനലാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. മന്ത്രാലയത്തിന്റെ നിർദേശം പാനൽ അംഗീകരിച്ചാൽ വൈകാതെ തന്നെ ഇന്ത്യയിലെ ഇലക്ട്രിക്ക് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും വില വർധിക്കും. ഈ സ്കീമിന് കീഴിൽ വരുന്ന എല്ലാ ബ്രാന്റുകളുടെയും വാഹനങ്ങൾക്ക് വില വർധനവ് ലഭിക്കുമെന്ന് ഉറപ്പാണ്.
ഫേം II സ്കീമിന് കീഴിൽ ആനുകൂല്യം ലഭിക്കുന്ന 24 ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളുമായി ചേർന്ന് സബ്സിഡി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ സർക്കാർ ഈ ആഴ്ച യോഗം ചേർന്നിരുന്നു. ഒരു kWh ബാറ്ററി ശേഷിക്ക് 10,000 രൂപയെന്ന ഡിമാൻഡ് ഇൻസെന്റീവ് നിലനിർത്തുക എന്നതിൽ തീരുമാനമായിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ എക്‌സ് ഷോറൂം വില 40 ശതമാനത്തിൽ നിന്നും 15 ശതമാനമാക്കി മാറ്റുന്നതിലും തീരുമാനം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് 3 വീലറുകൾ, 4 വീലറുകൾ എന്നിവയുടെ 1,500 കോടി രൂപയോളം വരുന്ന ഉപയോഗിക്കാത്ത സബ്‌സിഡികൾ 2 വീലറുകൾക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സബ്സിഡി വിതരണം ചെയ്യുന്നത് എക്‌സ്-ഫാക്‌ടറി വിലയിൽ 40 പിസി ലിമിറ്റ് എന്ന നിലവിലെ നിരക്കിൽ തന്നെയായിരിക്കും. ഈ സ്‌കീം രണ്ട് മാസത്തിനുള്ളിൽ അവസാനിക്കും. മന്ത്രാലയത്തിന്റെ നിർദ്ദേശം പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ആൻഡ് സ്റ്റിയറിംഗ് കമ്മിറ്റി (പിഐഎസ്‌സി) ഇക്കാര്യങ്ങൾ അവലോകനം ചെയ്യുമെന്നും വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.