മാനുവൽ കാറിൽ ക്ലച്ച് ചവിട്ടി മടുത്തവർക്ക് ഓട്ടോമാറ്റിക്ക് കാർ വാങ്ങുന്നത് തന്നെയാണ് നല്ലത്. കുറഞ്ഞ വിലയിൽ പോലും ഇന്ന് ഇന്ത്യൻ വിപണിയിൽ ഓട്ടോമാറ്റിക്ക് കാറുകൾ ലഭ്യമാണ്. ഇന്ത്യയിലെ വില കുറഞ്ഞ ഓട്ടോമാറ്റിക്ക് കാറുകളുടെ പട്ടികയിൽ മാരുതി സുസുക്കിയുടെ നാല് കാറുകളും റെനോയുടെ ഒരു വാഹനവുമാണുള്ളത്.
മാരുതി സുസുക്കി ആൾട്ടോ കെ10
ഇന്ത്യയിൽ നിലവിൽ എഎംടി ഗിയർബോക്‌സുമായി വരുന്ന ഏറ്റവും വില കുറഞ്ഞ കാറാണ് മാരുതി സുസുക്കി ആൾട്ടോ കെ10. ആൾട്ടോ കെ10 VXI AGS വേരിയന്റിന് 5.61 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ വാഹനം 1.0 ലിറ്റർ, 3 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്നു. 65.7 ബിഎച്ച്പി പീക്ക് പവറും 89 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. മികച്ച മൈലേജും കുറഞ്ഞ മെയിന്റനൻസും ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
മാരുതി സുസുക്കി എസ്-പ്രെസ്സോ
മാരുതി സുസുക്കി എസ്-പ്രെസ്സോ എസ്‌യുവി പോലുള്ള ബോക്സി ഡിസൈനുള്ള ഹാച്ച്ബാക്കാണ്. ഈ വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വരുന്ന വിഎക്സ്ഐ (ഒ) എജിഎസ് വേരിയന്റിന് 5.76 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്സ്-ഷോറൂം വില. ആൾട്ടോ കെ10ന് കരുത്ത് നൽകുന്ന അതേ 1.0 ലിറ്റർ, 3 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ഈ വാഹനത്തിലും ഉള്ളത്. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന സൌകര്യങ്ങളുള്ള മികച്ചൊരു വാഹനമാണ് മാരുതി സുസുക്കി എസ്-പ്രെസ്സോ.
റെനോ ക്വിഡ്
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും വില കുറഞ്ഞ മോഡലാണ് റെനോ ക്വിഡ്. എഎംടി ഗിയർബോക്സുള്ള ക്വിഡിന്റെ ഏറ്റവും വില കുറഞ്ഞ വേരിയന്റാണ് RXT 1.0 EASY-R. ഈ വേരിയന്റിന് 6.12 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 67 ബിഎച്ച്പി പീക്ക് പവറും 91 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് റെനോ ക്വിഡ് RXT 1.0 EASY-Rന് കരുത്ത് നൽകുന്നത്.
മാരുതി സുസുക്കി സെലേറിയോ
മാരുതി സുസുക്കി സെലേറിയോയാണ് ഇന്ത്യയിൽ വില കുറഞ്ഞ കാറുകളിൽ പോലും എഎംടി ഗിയർബോക്‌സ് സാധ്യമാണ് എന്ന് തെളിയിച്ച വാഹനം. ഓട്ടോമാറ്റിക്കിന്റെ ഇന്ത്യയിലെ ജനപ്രിതിക്കും സെലേറിയോ വലിയ പങ്ക് വഹിച്ചു. എഎംടി ഗിയർബോക്‌സുള്ള മാരുതി സുസുക്കി സെലേറിയോ VXI AGS മോഡലിന് 6.38 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 1.0 ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് ഈ വാഹനം വരുന്നത്. 65.7 ബിഎച്ച്പി പീക്ക് പവറും 89 എൻഎം പീക്ക് ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.
മാരുതി സുസുക്കി വാഗൺആർ
മാരുതി സുസുക്കി സ്വിഫ്റ്റ് നിർമ്മിച്ച അതേ പ്ലാറ്റ്‌ഫോമിലാണ് നിലവിൽ വിൽപ്പനയിലുള്ള മാരുതി സുസുക്കി വാഗൺ ആർ നിർമ്മിച്ചിരിക്കുന്നത്. വാഗൺ ആറിന്റെ എഎംടി ഗിയർബോക്‌സ് വേരിയന്റിന്റെ 6.54 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സെലേറിയോയുടെ അതേ 1.0 ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. 1.2 എഞ്ചിൻ ഓപ്ഷനിലും ഈ വാഹനം ലഭ്യമാണ്.