ഇന്ത്യന്‍ മോട്ടര്‍സൈക്കിളുകളില്‍ കരുത്തിന്റെ പ്രാധാന്യം മനസിലാക്കി വിപണിയിലെത്തിയ വാഹനമായ ആര്‍എക്‌സ്100ന് ജനങ്ങള്‍ക്കിടയിലുള്ള വികാരം മനസിലാക്കി യമഹ പുതിയ മോഡല്‍ ഒരുക്കുന്നു. യമഹയുടെ ആര്‍എക്‌സ്100 എന്ന മോഡലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്തയും ഒരു സന്തോഷവാര്‍ത്തയുമുണ്ട്. ആര്‍എക്‌സ്100 എന്ന മോഡലിന്റെ പിന്‍ഗാമി എന്ന തരത്തില്‍ ഒരു മോഡല്‍ വിപണിയിലെത്തില്ല എന്നതാണ് ദുഃഖവാർത്ത.
/sathyam/media/post_attachments/sqViNHu2ezttxDgn2n8d.jpg)
യമഹ തങ്ങളുടെ ക്ലാസിക് കാവ്യമായ ആര്‍എക്‌സ് 100ന് നല്‍കുന്ന ബഹുമാനമെന്ന നിലയില്‍ 'ആര്‍എക്‌സ്' ബാഡ്ജില്‍ ഒരുക്കുന്ന വാഹനം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നത് വാഹനപ്രേമികളെ ത്രില്ലടിപ്പിക്കുന്നു. ആര്‍എക്‌സ് സീരിസിലുള്ള വാഹനങ്ങളോടുള്ള ഇഷ്ടക്കൂടുതല്‍ അറിയുന്നതുകൊണ്ടുതന്നെയാണ് ടൂസ്‌ട്രോക് രാജാക്കന്മാരായ വാഹനത്തിന് പിന്‍തലമുറക്കാരെ വിപണിയിലെത്തിക്കാത്തതെന്ന് യമഹ ഔദ്യോഗികമായി പറയുന്നു.
യമഹ മോട്ടര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ഐഷിന്‍ ഷിഹാനയാണ് ആര്‍എക്‌സ്100ന്റെ ഫോര്‍ സ്‌ട്രോക് വകഭേദം വിപണിയിലെത്തില്ലെന്ന ഉറപ്പു പറഞ്ഞിട്ടുള്ളത്. കമ്യൂട്ടര്‍ വിഭാഗത്തില്‍ നിന്നു താല്‍കാലികമായെങ്കിലും ഏറെ നാളുകളായി യമഹ ചെറിയ അകലം പാലിക്കുന്നുണ്ട്. പ്രീമിയം ടൂവീലര്‍ ബ്രാന്‍ഡ് എന്ന തലത്തില്‍ നില്‍ക്കാനാണ് നിര്‍മാതാക്കളുടെ ലക്ഷ്യമെന്ന് സംസാരമുണ്ട്. എന്നാല്‍ ഭാരക്കുറവും സ്റ്റൈലിങ്ങും പവറും പെര്‍ഫോമന്‍സും ചേര്‍ന്ന വാഹനം വിപണിയിലെത്തിക്കാനുള്ള കടുത്ത പരീക്ഷണങ്ങളിലാണ് യമഹയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആര്‍എക്‌സ്100 പഴയ വിപണിയില്‍ എന്തായിരുന്നോ അതേ തലത്തില്‍ പുതിയ വിപണിയെ നോക്കിക്കണ്ടു വാഹനം വിപണിയിലെത്തിക്കാനാണ് യമഹ ശ്രമിക്കുന്നത്. പോയ കാലത്തെ താരങ്ങളായ റോയല്‍ എന്‍ഫീല്‍ഡ്, ജാവ, യെസ്ഡി എന്നീ കമ്പനികള്‍ പുതിയ തലമുറയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ വിപണിയിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെ ആര്‍എക്‌സ് വിപണിയിലെത്തിക്കുമെന്ന് സൂചനകള്‍ നിര്‍മാതാക്കള്‍ നല്‍കിയത് വാഹനപ്രേമികള പ്രതീക്ഷയിലാഴ്ത്തിയിരുന്നു.