'ദി അമേരിക്കൻ ഡ്രീം' ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ, ഉള്ളിൽ നീന്തൽക്കുളം മുതൽ ഹെലിപാഡ് വരെ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ അതിന്റെ എല്ലാ സൌന്ദര്യത്തോടെയും തിരിച്ചെത്തിയിരിക്കുന്നു. സ്വന്തം റെക്കോർഡ് തകർത്താണ് ലിമോ ഇപ്പോൾ ശ്രദ്ധനേടുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, "ദി അമേരിക്കൻ ഡ്രീം" എന്ന് പേരിട്ടിരിക്കുന്ന സൂപ്പർ ലിമോയുടെ ഇപ്പോഴത്തെ നീളം 30.54 മീറ്റർ (100 അടി 1.50 ഇഞ്ച്) ആണ്.

ഈ നീളൻ കാറിന്റെ ഫോട്ടോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അതിന്റെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ചെറുതെന്ന് തോനുമെങ്കിലും അത്യാഢംഭരങ്ങൾ നിറഞ്ഞതാണ് ഈ കാർ. 1986-ൽ കാലിഫോർണിയയിലെ ബർബാങ്കിൽ കാർ കസ്റ്റമൈസർ ജെയ് ഓർബെർഗ് നിർമ്മിച്ചതാണ് ഈ കാർ. അക്കാലത്ത് 60 അടി ആയിരുന്നു നീളം, 26 ചക്രങ്ങളും. മുന്നിലും പിന്നിലും ഒരു ജോടി V8 എഞ്ചിനുകൾ ഉണ്ടായിരുന്നു.

കുറച്ച് കസ്റ്റമൈസേഷനുകൾക്ക് ശേഷം, ഇത് പിന്നീട് 30.5 മീറ്ററായി ഉയർത്തി. ഇന്ത്യൻ വിപണിയനുസരിച്ച്, ആറ് ഹോണ്ട സിറ്റി സെഡാനുകൾ (15 അടി വീതം) ദി അമേരിക്കൻ ഡ്രീമിന്റെ അരികിൽ പാർക്ക് ചെയ്യാം. അപ്പോഴും കുറച്ച് സ്ഥലം അവശേഷിക്കും. "ദി അമേരിക്കൻ ഡ്രീം" 1976 ലെ കാഡിലാക് എൽഡൊറാഡോ ലിമോസിനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, രണ്ടറ്റത്തുനിന്നും ഓടിക്കാൻ കഴിയും എന്ന പ്രത്യേകതയും ഈ കാറിനുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പേജിൽ പറയുന്നു. ഇത് രണ്ട് ഭാഗങ്ങളായി നിർമ്മിച്ച് മധ്യത്തിൽ യോജിപ്പിച്ചിരിക്കുന്നു.

എന്നാൽ കാറിന്റെ നീളം കൂടിയതോടെ ആഢംഭര യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വലിയ വാട്ടർബെഡ്, ഡൈവിംഗ് ബോർഡ്, ബാത്ത് ടബ്, മിനി ഗോൾഫ് കോഴ്‌സ്, ഒരു നീന്തൽക്കുളം, ഇതിനെല്ലാം പുറമെ ഒരു ഹെലിപാഡും ഈ അമേരിക്കൻ ഡ്രീമിലുണ്ട്. ഹെലിപാഡ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് സ്റ്റീൽ ബ്രാക്കറ്റുകളോടെയാണ്, അയ്യായിരം പൗണ്ട് വരെ ഭാരം വഹിക്കാൻ കഴിയുമെന്ന് ദി അമേരിക്കൻ ഡ്രീം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായ മൈക്കൽ മാനിംഗ് ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞു.

റഫ്രിജറേറ്ററുകൾ, ടെലിഫോൺ, നിരവധി ടെലിവിഷൻ സെറ്റുകൾ എന്നിവയുമുണ്ട് ഈ നീളൻ കാറിൽ. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 75-ലധികം ആളുകൾക്ക് ഈ കാറിൽ സഞ്ചരിക്കാൻ കഴിയും. ആദ്യകാലത്ത് "ദി അമേരിക്കൻ ഡ്രീം" നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഉയർന്ന അറ്റകുറ്റപ്പണി ചെലവും പാർക്കിംഗ് പ്രശ്നങ്ങളും കാരണം ആളുകൾക്ക് കാറിനോടുള്ള താൽപ്പര്യം നഷ്ടപ്പെടുകയും അത് തുരുമ്പെടുക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് കാർ പുനഃസ്ഥാപിക്കാൻ മാനിംഗ് തീരുമാനിക്കുകയും ഇബേയിൽ നിന്ന് വാങ്ങുകയുമായിരുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം പുനഃസ്ഥാപിക്കുന്നതിന് $250,000 ചിലവായി. അറ്റകുറ്റപ്പണിഖൾ പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തു. എന്നാൽ "അമേരിക്കൻ ഡ്രീം" റോഡിൽ എത്തില്ല. ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിന്റെ ക്ലാസിക് കാറുകളുടെ ശേഖരത്തിന്റെ ഭാഗമായിരിക്കും ഈ വാഹനം.

Advertisment