Advertisment

വിമാന യാത്രക്കാര്‍ ലഗേജുകള്‍ മാറി എടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു; കൂടുതലും അബദ്ധം പറ്റുന്നത് വിമാന യാത്രയില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

Advertisment

മനാമ: വിമാന യാത്രക്കാർ ലഗേജുകൾ മാറി എടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. വിമാന യാത്ര നടത്തി മുൻപരിചയമില്ലാത്തവർക്കാണ് അധികവും ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത്. യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയാണ്​ ലഗേജുകൾ മാറിപ്പോകുന്നതിന്​ ഇടയാക്കുന്നത്​.

ബഹ്​റൈനിലേക്ക്​ സന്ദർശക വിസ അനുവദിച്ചുതുടങ്ങിയ​തോടെ യാത്രക്കാരുടെ വരവിലും വർധനയുണ്ടായിട്ടുണ്ട്​. ഇവിടെയുള്ള ബന്ധുക്കളുടെ അടുത്തേക്ക്​ കുടുംബാംഗങ്ങൾ ധാരാളമായി വരുന്നുണ്ട്​. അതിനാൽ, ലഗേജുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത്​ അത്യാവശ്യമാണ്​.

നാട്ടിൽനിന്ന്​ പുറപ്പെടുമ്പോൾ ലഗേജുകൾ തയ്യാറാക്കുന്നത്​ വീട്ടിലെ മറ്റാരെങ്കിലുമായിരിക്കും. ലഗേജ്​ എങ്ങനെയുള്ളതാണെന്ന്​ യാത്രക്കാരൻ ചിലപ്പോൾ കാര്യമായി ശ്രദ്ധിച്ചെന്ന്​ വരില്ല. പെട്ടിയുടെ പുറത്ത്​ പേര്​ എഴുതിയിട്ടു​ണ്ടെന്ന ധൈര്യത്തിൽ യാത്ര പുറപ്പെടുകയാണ്​ പലരും ചെയ്യുന്നത്​. ഇതാണ്​ അബദ്ധം സംഭവിക്കാൻ ഇടയാക്കുന്നത്.

ഒരേ രൂപത്തിലും നിറത്തിലുമുള്ള ബാഗുകൾ കാണുമ്പോൾ യാത്രക്കാർക്ക്​ ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ട്​. ഈ സാഹചര്യത്തിൽ, യാത്രക്കാർക്ക്​ സ്വീകരിക്കാവുന്ന ചില എളുപ്പ വഴികൾ നിർദേശിക്കുകയാണ്​ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്.


1. വീട്ടിൽനിന്ന്​ തന്നെ ലഗേജുകളുടെ ഫോട്ടോ എടുത്ത്​ ​സൂക്ഷിക്കുക. ബഹ്​റൈനിൽ എത്തി ബാഗ്​ എടുത്ത്​ കഴിഞ്ഞാൽ മൊബൈലിൽ സൂക്ഷിച്ചിട്ടുള്ള ഫോട്ടോയുമായി ഒത്തുനോക്കുക.

2. ലഗേജിന്​ പുറത്ത്​ എല്ലാ വശങ്ങളിലും വ്യക്​തമായി കാണാവുന്ന വിധത്തിൽ വലിപ്പത്തിൽ പേരെഴുതുക. മാഞ്ഞുപോകാത്ത വിധത്തിലാണ്​ പേര്​ എഴുതിയിരിക്കുന്നതെന്ന്​ ഉറപ്പ്​ വരുത്തണം. പേരിനൊപ്പം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സ്ഥലപ്പേരോ മറ്റോ എഴുതുന്നതും നല്ലതാണ്​.

3. ലഗേജിന്​ പുറത്ത്​ പെട്ടെന്ന്​ തിരിച്ചറിയാൻ കഴിയുന്ന ഒരു സ്റ്റിക്കർ പതിക്കുകയോ മറ്റെന്തെങ്കിലും അടയാളം ഇടുകയോ ചെയ്യുക.

4. ബോർഡിങ്​ സമയത്ത്​ ലഗേജിൽ കെട്ടുന്ന ടാഗിലെ പേരും നമ്പറും നോക്കി സ്വന്തം ലഗേജാണെന്ന്​ ഉറപ്പ്​ വരുത്തുക.


അഥവാ ലഗേജ്​ മാറിപ്പോവുകയാണെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. മാറിക്കിട്ടിയ ലഗേജ്​ ബോർഡിങ്​ പാസ്​, ടിക്കറ്റ്​, പാസ്​പോർട്ട്​ എന്നിവ സഹിതം വിമാനത്താവളത്തിലെ അറൈവൽ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലോസ്റ്റ്​ ആന്‍റ്​ ഫൗണ്ട്​ കൗണ്ടറിൽ എത്തിച്ചാൽ മതി.

ലഗേജ്​ മാറി എടുത്തയാൾ ഇതിനകം അവിടെ എത്തിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച്​ ഉറപ്പ്​ വരുത്തി അപ്പോൾ തന്നെ നിങ്ങൾക്ക്​ നൽകുന്നതാണ്​. മാറിക്കിട്ടിയ ആൾ ലഗേജ്​ പിന്നീടാണ്​ കൗണ്ടറിൽ എത്തിക്കുന്നതെങ്കിൽ നിങ്ങളെ വിളിച്ച്​ വിവരം അറിയിക്കും. അപ്പോൾ പോയി വാങ്ങിയാൽ മതിയാകും.

Advertisment