/sathyam/media/post_attachments/3TzgO9Yojj8CB4OqLyhT.jpg)
ബംഗളൂരു: സ്വന്തം അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ 17കാരി അറസ്റ്റിൽ. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. ജൂലൈ 12നാണ് പെൺകുട്ടി കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തുന്നത്.
കൊല നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക്, ഭാര്യ സുധാഭായി, മകൾ രമ്യ, മുത്തശ്ശി ഗുന്ദിബായി എന്നിവരാണ് മരിച്ചത്. മകൻ രാഹുലിനും വിഷം നൽകിയെങ്കിലും ചികിത്സയിലൂടെ രക്ഷപെട്ടു. തിപ്പയുടെ മൂത്തമകളാണ് കൊലപാതക കേസിൽ അറസ്റ്റിലായത്.
റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തിലാണ് വിഷം കലർത്തി നൽകിയത്. ജോലിക്ക് പോകാൻ നിർബന്ധിച്ചതാണ് കൊലയ്‌ക്ക് കാരണം. പെൺകുട്ടിയുടെ അമ്മ കൂലിപ്പണിക്കാരിയാണ്. തന്റെ കൂടെ ജോലിയ്‌ക്ക് വരാൻ അമ്മ നിർബന്ധിച്ചിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് അമ്മ പലഹാരമുണ്ടാക്കിയത്.
ഭക്ഷണത്തിൽ ആരോ വിഷം കലർത്തിയതാണ് മരണത്തിന് കാരണമെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലേ സംശയം ഉയർന്നിരുന്നു. പിന്നീടാണ് അന്വേഷണം പെൺകുട്ടിയിലേക്കും നീങ്ങിയത്. സംഭവ ദിവസം കുട്ടി റാഗി പലഹാരം കഴിക്കാതിരുന്നതും സംശയത്തിന് വഴിയൊരുക്കി.
ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റുള്ളവരെ പോലെ തന്നോടും കൂലിപ്പണിയ്‌ക്ക് പോകാൻ നിർദ്ദേശിച്ചതാണ് കൊലയ്‌ക്ക് കാരണമെന്ന് കുട്ടി വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.