/sathyam/media/post_attachments/m8APbBl4vg8wmEg1JzaU.jpg)
രാജ്യത്ത് സോവറിൻ ഗ്രീൻ ബോണ്ടിന്റെ ഒന്നാം ഘട്ട ലേല നടപടികൾ ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ലേല നടപടികൾ ജനുവരി 25 മുതലാണ് ആരംഭിക്കുക.
രാജ്യത്തെ പൊതുമേഖലയിൽ പ്രകൃതി സൗഹൃദ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്നതാണ് സോവറിൻ ഗ്രീൻ ബോണ്ട്. രണ്ടാം ഘട്ട ലേല നടപടികൾ ഫെബ്രുവരി 9- നാണ് ആരംഭിക്കുക.
5 വർഷം, 10 വർഷം എന്നിങ്ങനെ രണ്ട് കാലാവധിയിലുള്ള കടപ്പത്രങ്ങളാണ് പുറത്തിറക്കുക. ഇത്തരത്തിൽ 4,000 കോടി രൂപ വീതമുള്ള കടപ്പത്രങ്ങൾ പുറത്തിറക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ലേലത്തിൽ 8,000 കോടി രൂപ വീതം മൊത്തം 16,000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.
സ്ഥിര വില അടിസ്ഥാനത്തിലാണ് ലേലം നടക്കുക. ഇന്ത്യയിൽ 2070- ഓടെ ഹരിതോർജോപയോഗ രാജ്യമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയായി കാർബൺ വികിരണം കുറച്ച്, കാർബൺ ന്യൂട്രലാക്കാൻ ഗ്രീൻ ബോണ്ട് പുറത്തിറക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.