/sathyam/media/post_attachments/r8jqEyIIeX8mh0nwcNpg.png)
കൊച്ചി: മുത്തൂറ്റ് ഫിനാന്സിന്റെ സബ്സിഡിയറിയായ ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് പ്രാഥമിക ഓഹരികളിലൂടെ 350 കോടി രൂപ സമാഹരിക്കാൻ ധാരണയിൽ ഒപ്പു വെച്ചു. നിലവിലുള്ള നിക്ഷേപകരായ മുത്തൂറ്റ് ഫിനാന്സ്, മാജ് ഇന്വെസ്റ്റ് എന്നിവയില് നിന്നും പുതിയ നിക്ഷേപകരായ അഫിര്മ കാപിറ്റലില് നിന്നും ആയിരിക്കും ഓഹരി സമാഹരിക്കുക. നിയന്ത്രണ സ്ഥാപനങ്ങളുടെ അനുമതിക്കു വിധേയമായായിരിക്കും ഈ നടപടികൾ. വനിതാ ശാക്തീകരണം, ദാരിദ്ര്യ നിര്മാര്ജനം, സാമൂഹിക വികസനം എന്നീ മേഖലകളിൽ ബെല്സ്റ്റാറിന്റെ സുസ്ഥിര പ്രവര്ത്തനങ്ങള്ക്കും ആസ്തികളുടെ നിലവാരത്തിനുമുള്ള സാക്ഷ്യപത്രം കൂടിയാണ് മഹാമാരിക്കാലത്തും ബെല്സ്റ്റാര് നടത്തുന്ന ഓഹരി സമാഹരണം.
2016-ല് 57.16 ശതമാനം വിഹിതത്തിനായി മുത്തൂറ്റ് ഗ്രൂപ് നടത്തിയ 55.40 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനു ശേഷം ബെല്സ്റ്റാര് മികച്ച വളര്ച്ച കൈവരിക്കുകയും 19 സംസ്ഥാനങ്ങളിലെ 650 ശാഖകളുമായി 3,100 കോടി രൂപയുടെ ആസ്തികള് കൈകാര്യം ചെയ്യുന്ന നിലയിലേക്ക് എത്തുകയുമായിരുന്നു. 350 കോടി രൂപയുടെ നിക്ഷേപത്തില് 300 കോടി രൂപ അഫിര്മ കാപിറ്റലായിരിക്കും നടത്തുക. തങ്ങളുടെ മൈക്രോ ഫിനാന്സ് സബ്സിഡിയറിയായ ബെല്സ്റ്റാറിലുള്ള അഫിര്മ കാപിറ്റലിന്റെ പങ്കാളിത്തം വായ്പകള് വര്ധിപ്പിക്കാന് സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാന്സ് മാനേജിങ് ഡയറക്ടര് ജോര്ജ്ജ് അലക്സാണ്ടര് മുത്തൂറ്റ് പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധതയുള്ള മൈക്രോഫിനാന്സ് സ്ഥാപനം എന്ന കാഴ്ചപ്പാടോടെ മുന്നേറാനും വനിതകളുടെ സംരംഭകത്വവും സാമ്പത്തിക ഉന്നമനവും സാധ്യമാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൈക്രോ ഫിനാന്സ് രംഗത്ത് ബെല്സ്റ്റാറിനുള്ള സാധ്യതകള് ശരിവെക്കുന്നതാണ് വിഷമമേറിയ ഈ മഹാമാരിക്കാലത്ത് അഫിര്മ കാപിറ്റല് നടത്തുന്ന ഈ നിക്ഷേപമെന്ന് ബെല്സ്റ്റാര് മാനേജിങ് ഡയറക്ടര് കല്പനാ ശങ്കര് പറഞ്ഞു.ബെല്സ്റ്റാറിലേക്കുള്ള രണ്ടാമത്തെ സ്വകാര്യ ഓഹരി നിക്ഷേപമാണ് ഇപ്പോള് നടത്തുന്നത്. 2018-ല് മാജ് ഇന്വെസ്റ്റ് സ്വകാര്യ ഓഹരി നിക്ഷേപം നടത്തിയിരുന്നു. വളര്ച്ചയുടെ രണ്ടാമത്തെ ഘട്ടത്തില് ബെല്സ്റ്റാറിനു പിന്തുണയുമായി യോജിച്ചു പ്രവര്ത്തിക്കുവാന് തങ്ങള് കാത്തിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച അഫിര്മ കാപിറ്റല് പാര്ട്ടണര് ഉദൈ ധവാന് പറഞ്ഞു.