വിഗാര്‍ഡ് വരുമാനത്തില്‍ 46 ശതമാനം വര്‍ധന

New Update

publive-image

Advertisment

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 907.40 കോടി രൂപ ഏകീകൃത മൊത്ത വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 623 കോടി രൂപയില്‍ നിന്ന് ഇത്തവണ 46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 15 ശതമാനം വര്‍ധിച്ച് 59.40 കോടി രൂപയായി. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 51.62 കോടി രൂപയായിരുന്നു. എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച കൈവരിച്ചു. ചരക്ക് നിരക്കിലെ വര്‍ദ്ധനവ് മൊത്ത മാര്‍ജിനില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച ആദ്യ പകുതിയില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത മൊത്ത വരുമാനം 43% വളര്‍ച്ചയോടെ 1472.59 കോടി രൂപയാണ് രേഖപെടുത്തിയിരിക്കുന്നത് . മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1031 കോടി രൂപയാണ് കൈവരിച്ചിരിക്കുന്നത്.ആദ്യ പകുതിയില്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 54% വളര്‍ച്ചയോടെ 84.94 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 55.26 കോടി രൂപയാണ് നേടിയിരിക്കുന്നത്.

'കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആഘാതത്തില്‍ നിന്നുള്ള തിരിച്ചുവരവാണ് ഈ പാദത്തില്‍ കണ്ടത്. ചെലവുകളിലെ കുത്തനെയുള്ള വര്‍ധന മൊത്ത മാര്‍ജിനുകളെ സ്വാധീനിച്ചിട്ടുണ്ട്. ചെലവ് വര്‍ധനയ്ക്ക് ആനുപാതികമായി ചില വിലനിര്‍ണയ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വരുംമാസങ്ങളിലും ഏതാനും നടപടികള്‍ കൂടി ഉണ്ടാകും,' വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

Advertisment