കൊച്ചി : 2 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് മലയാളി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പ് ആയ ടെക്നിസാന്റ്. എസ് 3 കെ വെഞ്ച്വേഴ്‌സ് പാർട്നർ ശശിധർ പൈ, ഇ വൈ പാർട്ണർമാരായ കെ ടി ചാണ്ടി, സുരഭി മർവ എന്നിവരിൽ നിന്നാണ് ടെക്‌നിസാന്റിന് ഈ നിക്ഷേപം ലഭിച്ചത്. ഈ നിക്ഷേപത്തിലൂടെ ലഭിച്ച മൂലധനം ഉപയോഗിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും മിഡിൽ ഈസ്റ്റ്, ഓഷ്യാനിക് മേഖലകളിലേക്കും വ്യവസായം വിപുലീകരിക്കാനും ടെക്നിസാന്റ് പദ്ധതിയിടുന്നു.
മലയാളികളായ നന്ദകിഷോർ ഹരികുമാർ, ഡിൻസൺ ഡേവിഡ് കുര്യൻ, രാകേഷ് ഐക്കര എന്നിവർ ചേർന്ന് സ്ഥാപിച്ച ടെക്നിസാന്റ് ഡിജിറ്റൽ റിസ്ക് മാനേജ്മെന്റ് മേഖലയിൽ മികച്ച സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. സ്വയം വികസിപ്പിച്ച AI- പവർഡ് ഡിജിറ്റൽ റിസ്ക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ ഇന്റഗ്രിറ്റെ ഉപയോഗിച്ച് സൈബർ മേഖലയിലെ ഭീഷണികൾ, ഡാറ്റാ ലംഘനങ്ങൾ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കി സൈബർ സുരക്ഷ ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
“ഡിജിറ്റൽ സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ലഭിച്ച വളരെ വലിയൊരു പിന്തുണയാണ് ഈ നിക്ഷേപം. ഈ ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക സൈബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ മെച്ചപ്പെടുത്തി സാങ്കേതിക പുരോഗതി കൈവരിക്കാനും ഞങ്ങളെ സഹായിക്കും,” ടെക്നിസാന്റ് സിഇഒ നന്ദകിഷോർ ഹരികുമാർ പറഞ്ഞു.
സൈബർ സുരക്ഷ ഈ കാലഘട്ടത്തിൽ വളരെയേറെ അനിവാര്യമായ ഘടകമാണ്. വ്യത്യസ്ത മേഖലയിലുള്ള ഉപഭോക്താക്കൾക്കായി സൈബർസ്പേസ് സുരക്ഷിതമാക്കുന്നതിൽ ടെക്നിസാന്റിന്റെ പ്രതിബദ്ധത വളരെ ശ്രദ്ധേയമാണ്. ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യവസായ മേഖലയിൽ വിജയ മുദ്ര പതിപ്പിക്കാൻ ടെക്‌നിസാന്റിന് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ”എസ് 3 കെ വെഞ്ച്വേഴ്‌സിന്റെ പാർട്നർ ശശിധർ പൈ അഭിപ്രായപ്പെട്ടു.