ബുള്‍ തരംഗം ഇന്ന് നിഫ്റ്റിയെ 18,300ലേക്ക് കൈപിടിച്ചുയര്‍ത്തുമോ? ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിദേശ ഫണ്ടുകള്‍ നിലനിര്‍ത്തുന്ന ആത്മവിശ്വാസം മുന്നേറ്റ സാധ്യതകള്‍ക്ക് ശക്തി പകരും. അതേസമയം യുറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും പണപ്പെരുപ്പം രൂക്ഷമായത് ആഗോള സമ്പദ്ഘടനയില്‍ വര്‍ഷാന്ത്യം വിള്ളലുവാക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം. മൂന്നാം വാരവും കരുത്ത് കാണിച്ച് നിഫ്റ്റി 330 പോയിന്റും ബോംബെ സെന്‍സെക്സ് 990 പോയിന്റും ഉയര്‍ന്നു.
യുഎസ് ഫെഡ് റിസര്‍വ് പലിശയിനത്തില്‍ 125 ബേസിസ് പോയിന്റ് വര്‍ധന വരുന്ന നാല് മാസങ്ങളില്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. നിലവിലെ നാലു ശതമാനത്തില്‍ നിന്ന് അഞ്ചേകാലിലേക്ക് യുഎസിൽ പലിശ കയറാം. 40 വര്‍ഷത്തെ ഉയര്‍ന്ന നാണയപ്പെരുപ്പത്തിലാണ് ബ്രിട്ടന്. ചുരുങ്ങിയ കാലയളവില്‍ എട്ട് തവണ അവര്‍ പലിശ നിരക്ക് ഉയര്‍ത്തിയിട്ടും പണപ്പെരുപ്പം കൈപിടിയില്‍ ഒതുക്കാനായിട്ടില്ല. കൂടുതല്‍ കടുത്ത നടപടികള്‍ ബാങ്ക് ഒഫ് ഇംഗ്ലണ്ടില്‍ നിന്നും പ്രതീക്ഷിക്കാം.
പിന്നിട്ട വാരം ബിഎസ്ഇ മെറ്റല്‍ ഇന്‍ഡക്സ് 4.7 ശതമാനവും ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, എസ്ബിഐ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎല്‍ടെക്, ആര്‍ഐഎല്‍, ഐടിസി, എം ആൻഡ് എം, എച്ച്യുഎല്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവയിലും നിക്ഷേപകര്‍ താത്പര്യം കാണിച്ചു. അതേസമയം ഫണ്ടുകളുടെ ലഭാമെടുപ്പും വില്‍പ്പന സമ്മര്‍ദവും മാരുതി, എച്ച് യുഎല്‍, എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയെ തളര്‍ത്തി.
ആഭ്യന്തര മ്യൂചല്‍ ഫണ്ടുകള്‍ ലാഭമെടുപ്പിന്റെ മാധുര്യം നുകരുന്നു. പിന്നിട്ട വാരം അവര്‍ 4496 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പന നടത്തി. കഴിഞ്ഞ ഒന്‍പത് പ്രവര്‍ത്തി ദിനങ്ങളില്‍ എട്ടിലും അവര്‍ വില്‍പ്പനക്ക് മുന്‍തൂക്കം നല്കി. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാടുകള്‍ നടന്ന എല്ലാ ദിവസങ്ങളിലും നിഷേപകരായി നിലകൊണ്ട് മൊത്തം 10,339 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു.
വിദേശ നിക്ഷേപം ഉയര്‍ന്നത് ഒരു പരിധിവരെ ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപക്ക് താങ്ങായി. ഡോളറിന് മുന്നില്‍ രൂപ 82.48ല്‍ നിന്നും ഒരുവേള 83.20ലേക്ക് ദുര്‍ബലമായെങ്കിലും വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ വാരാന്ത്യം 82.32 ലേക്ക് മെച്ചപ്പെട്ടു.
ബോംബെ സൂചിക പോയ വാരത്തിലെ 59,959 പോയിന്റില്‍ നിന്നും 61,289 വരെ ഉയര്‍ന്നു. മുന്‍ നിര ഓഹരികളിലെ വാങ്ങല്‍ താല്പര്യത്തില് സൂചിക തിളങ്ങിയതിനിടയില് ഊഹക്കച്ചവടക്കാരും ഓപ്പറേറ്റര്‍മാരും നടത്തിയ ലാഭമെടുപ്പില്‍ 60,600 റേഞ്ചിലേക്ക് തളര്‍ന്ന് ശേഷം വെളളിയാഴ്ച്ച ക്ലോസിങില്‍ 60,950 പോയിന്റിലാണ്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി പോയവാരം രണ്ട് ശതമാനത്തിന് അടുത്ത് ഉയര്‍ന്നു. നിഫ്റ്റി നീണ്ട ഇടവേളക്ക് ശേഷം 18,000 പോയിന്റിനെ കൈപിടിയിലും ഒതുക്കി. 17,786ല്‍ നിന്നുള്ള കുതിപ്പില്‍ 18,178 വരെ കയറിയ ശേഷം മാര്‍ക്കറ്റ് ക്ലോസിങില്‍ 18,117 പോയിന്റിലാണ്. 18,230 -18,350 റേഞ്ചില്‍ പ്രതിരോധവും 17,950 - 17,790 റേഞ്ചില്‍ താങ്ങ് ഈ വാരം പ്രതീക്ഷിക്കാം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുത്തിയ കടുത്ത നിയന്ത്രങ്ങളില്‍ നിന്നു ചൈന പിന്തിരിയുന്ന വിവരം വാരാന്ത്യം ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ ഉണര്‍വ് സൃഷ്ടിച്ചു. ഷാങ്ഹായ് ഇന്‍ഡക്സില്‍ വെളളിയാഴ്ച ഉടലെടുത്ത ബുള്‍ തരംഗം ഹോങ്കോങ്, കൊറിയന്‍ മാര്‍ക്കറ്റുകളില്‍ മാത്രമല്ല യൂറോപ്യന്‍ വിപണികളിലും ചലനമുളവാക്കി. പുതിയ സാഹചര്യത്തില്‍ ഇന്ന് സിംഗപ്പുര്‍ നിഫ്റ്റിയില്‍ ഇടപാടുകളുടെ ആദ്യപകുതിയിലെ കുതിച്ചുചാട്ടം ഇന്ത്യന്‍ വിപണിയിലും വന്‍ ആവേശം ഉളവാക്കാം.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. വാരാന്ത്യം എണ്ണ വില ബാരലിന് 98.51 ഡോളറായി. ഡോളര്‍ സൂചികയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് ഇടയില്‍ ഫണ്ടുകള്‍ മഞ്ഞലോഹത്തില്‍ വാരാവസാനം നിക്ഷേപത്തിന് മത്സരിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1,645 ഡോളറില്‍ നിന്നും 1,683 ഡോളര്‍ വരെ ഉയര്‍ന്നു.