/sathyam/media/post_attachments/MVhapor3MCTNgdeLlVGn.jpg)
പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ സ്വന്തമാക്കി വിപ്രോ കൺസ്യൂമർ കെയർ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, ഇടപാട് മൂല്യം എത്ര എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നിറപറയെ ഏറ്റെടുത്തതോടെ, പാക്കേജ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനമാണ് വിപ്രോ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡാണ് നിറപറ. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് നിറപറ വിപണിയിലെത്തിക്കുന്നത്.
മസാലപ്പൊടികൾ, സുഗന്ധവ്യഞ്ജന മിശ്രിതങ്ങൾ, വിവിധ പലഹാരങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അരിപ്പൊടികൾ എന്നിവയാണ് നിറപറ പ്രധാനമായും പുറത്തിറക്കുന്നത്. പുതിയ ബിസിനസ് മേഖലയിൽ ചുവടുറപ്പിച്ചതോടെ, ഡാബർ, ഇമാമി, ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ എഫ്എംസിജി സ്ഥാപനങ്ങളാണ് വിപ്രോയുടെ പ്രധാന എതിരാളികൾ.
പാക്കേജ് ഫുഡ്സ്, സ്പൈസസ് വിഭാഗത്തിൽ മുൻനിരയിലെത്താൻ വിപ്രോയെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഏറ്റെടുക്കൽ. ഇന്ത്യയിൽ അതിവേഗം വളരുന്ന എഫ്എംസിജി ബിസിനസാണ് വിപ്രോ കൺസ്യൂമർ കെയർ. ഫേഷ്യൽ കെയർ ഉൽപ്പന്നങ്ങൾ, വെൽനസ് ഉൽപ്പന്നങ്ങൾ, ഹോം കെയർ ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് വിപ്രോ കൺസ്യൂമർ കെയർ വിപണിയിലെത്തിക്കുന്നത്.