Advertisment

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി.ജി, പി.ജി ഡിപ്ലോമ പ്രവേശനം; അവസാന തീയതി മാർച്ച് 31

New Update

publive-image

Advertisment

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023-2024 അദ്ധ്യയന വർഷത്തെ എം.എ, എം. എസ്‌സി, എം. എസ്. ഡബ്ല്യു, എം. എഫ്. എ, എം. പി. ഇ. എസ്, പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷകൾ ഏപ്രിൽ 10 മുതൽ 18 വരെ, സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. ഏപ്രിൽ 25ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എം. എസ്‌സി./എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31.

പി. ജി. പ്രോഗ്രാമുകൾ

എം. എ.- സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, സംസ്‌കൃതം വേദിക് സ്റ്റഡീസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാൻസ് - ഭരതനാട്യം, ഡാൻസ് - മോഹിനിയാട്ടം, തിയറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗ്വിസ്റ്റിക്‌സ്, ഉർദ്ദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി.

എം. എസ്‌സി.- സൈക്കോളജി, ജ്യോഗ്രഫി.

എം. എസ്. ഡബ്ല്യു.(മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)

എം. എഫ്. എ.(മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് - വിഷ്വൽ ആർട്‌സ്)

എം.പി.ഇ.എസ്.(മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ്)

പി. ജി. ഡിപ്ലോമ പ്രോഗ്രാമുകൾ

പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആന്റ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി

പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്

പ്രവേശനം എങ്ങനെ ?

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യൂ. കോഴ്‌സുകളിലേക്കുള്ള പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം.

ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2023 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

ഇവർ 2023 ആഗസ്റ്റ് 31 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. മ്യൂസിക്, ഡാൻസ്, തിയറ്റർ എന്നീ പി. ജി. പ്രാഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.

എം. എസ്. ഡബ്ല്യു. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (SWAT) വഴിയായിരിക്കും എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേക്കുളള പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കും. എസ്. സി., എസ്. ടി., ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 5% മാർക്കിളവ് ഉണ്ടായിരിക്കും.

എം. എഫ്. എ. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 55% മാർക്കോടെ ഫൈൻ ആർട്‌സിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

എം. പി. ഇ. എസ്. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബി. പി. ഇ./ബി.പി.എഡ്./ബി. പി.ഇ.എസ്.) നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഗെയിം പ്രൊഫിഷ്യൻസി, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോട്‌സിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എഡ്യുക്കേഷനിലെ ബിരുദകോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും. 2023 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല.

പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല.

പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്: സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും ബി. എ. എം. എസ്. ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്നും സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബിരുദ തലത്തിൽ നേടിയ മാർക്ക്, സംഘചർച്ച, ഫിസിക്കൽ ഫിറ്റ്‌നസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അവസാന തിയതി മാർച്ച് 31

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ 31.03.2023 ന് മുമ്പായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി/മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അസ്സലുകളും സഹിതം അതാത് വകുപ്പ് മേധാവികൾ, കോഴ്‌സുകൾ നടത്തപ്പെടുന്ന റീജിയണൽ ക്യാമ്പസ് ഡയറക്ടർമാർ എന്നിവർക്ക് അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ടതാണ്.

പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്.

വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും http://www.ssus.ac.in സന്ദർശിക്കുക.

Advertisment