/sathyam/media/post_attachments/Fq64dARUDBOrnZDpodK8.jpg)
ചെന്നൈ: 23കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 17കാരന്‍ അറസ്റ്റില്‍. ഡിഎംകെ കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷയുടെ കൊലപാതകക്കേസിലാണ് യുവതിയുടെ കാമുകനെ അറസ്റ്റ് ചെയ്തതത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ഹര്‍ഷയെ ബുധനാഴ്ച രാവിലെയാണ് കൊമ്പൈ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.യുവതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അവസാനമായി വിളിച്ചത് 17-കാരനെയാണെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുകായിരുന്നു. യുവതിയും 17-കാരനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം ഹൊസൂരിലെ കമ്പനിയില്‍നിന്ന് മടങ്ങിയ ഹര്‍ഷ, തന്നെ കൂട്ടാനായി ധര്‍മപുരിയിലെ ബസ് സ്റ്റോപ്പില്‍ വരണമെന്ന് കാമുകനോട് ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് കാമുകനായ 17-കാരന്‍ ബസ് സ്റ്റോപ്പിലെത്തുകയും യുവതിയുമായി കൊമ്പൈ വനമേഖലയിലേക്ക് പോവുകയും ചെയ്തു. ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് യുവതിയുമായി കാമുകന്‍ വഴക്കിട്ടു. തര്‍ക്കത്തിനിടെ യുവതിയെ ദുപ്പട്ട കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.