ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി നിര്‍മിച്ച ‘തലൈവി’യിലെ ചില രംഗങ്ങള്‍ വസ്‌തുതാ വിരുദ്ധമെന്ന് അണ്ണാ ഡിഎംകെ. ചിത്രം മികച്ച രീതിയില്‍ വന്നെങ്കിലും ചില രംഗങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവ് ഡി ജയകുമാറാണ് രംഗത്തെത്തിയത്.
ചിത്രത്തില്‍ എംജിആറിനെ പരാമര്‍ശിക്കുന്ന രംഗങ്ങളിൽ ചിലതിനെതിരെയാണ് ജയകുമാര്‍ രംഗത്ത് എത്തിയത്. ആദ്യ ഡിഎംകെ സര്‍ക്കാരില്‍ എംജിആര്‍ മന്ത്രിയാവണമെന്ന് പറഞ്ഞെങ്കിലും കരുണാനിധി ആവശ്യം തള്ളിയെന്നാണ് സിനിമ പറയുന്നത്. എന്നാൽ അണ്ണാദുരൈയുടെ മരണശേഷം കരുണാനിധിയെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് മൽസരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് എംജിആറാണെന്ന് ജയകുമാര്‍ ചൂണ്ടിക്കാട്ടി.
എംജിആറിന്റെ അനുമതിയില്ലാതെ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും ജയലളിത ചര്‍ച്ച നടത്തിയെന്ന് സിനിമ പറയുന്നു. ഇത് എംജിആറിനെ ചെറുതാക്കി കാണിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിനിമയിലെ മറ്റുഭാഗങ്ങള്‍ മികച്ചതായിരുന്നെന്നും ജയകുമാര്‍ പറഞ്ഞു.
കങ്കണ റണാവത്ത്, അരവിന്ദ് സ്വാമി, നാസര്‍ തുടങ്ങിയവര്‍ അഭിനയിച്ച ‘തലൈവി’ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്‌തത്. എഎല്‍ വിജയ്‌യാണ് ചിത്രം സംവിധാനം ചെയ്‌തത്. കെവി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ ഒരുക്കിയത്. നീരവ് ഷാ ഛായാഗ്രഹണവും, ജിവി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിച്ച ചിത്രം വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്‌ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവരാണ് നിര്‍മിച്ചത്.