/sathyam/media/post_attachments/WBYvLVh1e62ZFR8teagE.jpg)
ചെന്നൈ: നാല് പേരെ കൊന്ന് നാട്ടിൽ ഭീതിപരത്തിയ നരഭോജി കടുവയെ പിടികൂടി. മസിനഗുഡിയിലെ വനമേഖലയിൽ വെച്ചാണ് കടുവയെ പിടികൂടിയത്. കേരള, കർണാടക, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് കടുവയെ കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ മസിനഗുഡിയിൽ നാല് പേരെ കൊന്ന കടുവ ആഴ്‌ച്ചകളോളമാണ് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയത്. 21 ദിവസത്തോളം കടുവയ്‌ക്കായി വനംവകുപ്പ് തെരച്ചിൽ നടത്തിയിരുന്നു. വ്യാഴാഴ്‌ച്ച രാത്രി പത്ത് മണിയോടെ വനംവകുപ്പ് കടുവയെ കണ്ടിരുന്നു.
തുടർന്ന് കടുവയ്‌ക്ക് നേരെ മയക്കുവെടിവെച്ചെങ്കിലും കാട്ടിൽ കയറി രക്ഷപെടുകയായിരുന്നു. ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ കുങ്കിയാനകളേയും ഡ്രോണുകളേയും എത്തിച്ചുള്ള തെരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടുന്നത്.
മയക്കുവെടി വെച്ചിട്ടും പിടികൂടാൻ കഴിയാതിരുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. മനുഷ്യജീവന് പുറമെ 20ൽ അധികം വളർത്തുമൃഗങ്ങളേയും കടുവ കൊന്നിരുന്നു. അതിനിടെ കടുവയെ കൊല്ലരുതെന്നും പിടികൂടുക മാത്രമെ ചെയ്യാവൂ എന്നും മദ്രാസ് ഹൈക്കോടതി വനം വകുപ്പിന് നർദ്ദേശം നൽകി. കടുവയെ കൊല്ലാൻ നിർദ്ദേശിച്ച് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് മൃഗസ്‌നേഹ സംഘടന നൽകിയ ഹർജിയിലാണ് നടപടി.