/sathyam/media/post_attachments/OMImy5nQpNY1zSBdhqWF.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ ന്യൂനമർദ്ദത്തിന് ശക്തി കുറഞ്ഞതിന് പിന്നാലെ അടുത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എട്ടോളം ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വൈഗ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മധുരയിലും ജനങ്ങൾക്ക് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ 69 അടിയാണ് ഡാമിലെ ജലനിരപ്പ്. 71 അടിയാണ് പരമാവധി ജലനിരപ്പ്. അണക്കെട്ടിൽ നിന്നും ഷട്ടറുകൾ വഴി പരമാവധി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. റാണിപ്പേട്ട് ജില്ലയിലെ കല്ലാർ നദി, തിരുവള്ളുവർ ജില്ലയിലെ അരണിയാർ നദി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ചെന്നൈ ടി-നഗറിൽ കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന് ശക്തി കുറഞ്ഞതോടെയാണ് ചെന്നൈയിൽ മഴയ്‌ക്ക് ശമനമായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിലും പുതുച്ചേരിയിലുമെല്ലാം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കോയമ്പത്തൂരിലെ സ്‌കൂളുകളെല്ലാം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
അതേസമയം ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രയുടെ തീരപ്രദേശങ്ങൾ, റായൽസീമ, കർണാടകയുടെ തെക്കൻ തീരങ്ങൾ, കേരളം എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us