ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തെ തുടർന്ന് കടക്കെണിയിലായ യുവാവ് ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ചെന്നൈ തുറപ്പാക്കം സ്വദേശി മണികണ്ഠൻ (36), ഭാര്യ താര(35), മക്കളായ ധരൺ (10), ധഗൻ (1) എന്നിവരാണ് മരിച്ചത്.
താരയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം മണികണ്ഠൻ തൂങ്ങി മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് നാല് പേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യയെ ബാറ്റ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ ശേഷം മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ഏറെ നേരമായിട്ടും ആരേയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ ഇവരെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. സംശയം തോന്നിയതോടെ അയൽവാസികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഫ്‌ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്നു മണികണ്ഠൻ. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ഇയാൾ ജോലിക്ക് പോയിരുന്നില്ലെന്നാണ് വിവരം. ഓൺലൈൻ ചൂതാട്ടത്തിൽ സജീവമായിരുന്നു മണികണ്ഠൻ. ഭീമമായ തുകയുടെ കടവും ഇത് മൂലം സംഭവിച്ചു. ഈ പ്രശ്‌നത്തിന്റെ പേരിൽ മണികണ്ഠനും ഭാര്യയും തമ്മിൽ വഴക്കും പതിവായിരുന്നു.