ചെന്നൈ: മാജിക്ക് രംഗത്തെ സമഗ്ര പ്രവർത്തനങ്ങളെ മുൻ നിർത്തിയും മാനുഷിക മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന വിവിധ സന്ദേശപ്രചാരണ ജാലവിദ്യകൾ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആനന്ദ് മേഴത്തൂരിന് ഹോണററി ഡോക്ടറേറ്റും അംഗത്വവും നൽകി ഇന്റർനാഷണൽ ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ആദരിച്ചു.
പ്രശസ്ത തമിഴ് സിനിമാ താരങ്ങളായ കലൈമണി യോഗി ബാബു,എം.എസ് ഭാസ്‌കർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കലാ സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച വിശിഷ്ടവ്യക്തികൾക്ക് ഹോണൊററി ഡോക്ടറേറ്റ് നൽകുന്ന ചടങ്ങിൽ ആണ് ഏക മലയാളി താരമായി ആനന്ദ് മേഴത്തൂർ തിളങ്ങിയത്.
ചെന്നൈ അരുമ്പാക്കം വിജയ് പാർക്കിൽ നടന്ന ചടങ്ങിൽ ആയിരുന്നു കോൺവൊക്കേഷൻ പ്രോഗ്രാം. മദ്രാസ് ഹൈക്കോടതി ലോക് അദാലത് ജഡ്ജി ജസ്റ്റിസ് ഡോ.ടി. എൻ.വള്ളിനായഗം, നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എഡിജി ഡോ.ഹേമ കാർത്തിക് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആണ് ആദരവ് നൽകിയത്.
കേരള സംഗീത നാടക അക്കാദമി. യുവജനക്ഷേമ ബോർഡ്,എക്സൈസ് ഡിപ്പാർട്ട്‌മെന്റ്, റോട്ടറി ഇന്റർനാഷണൽ,തുടങ്ങി ഒട്ടനവധി സംഘടനകളുടെ അവാർഡുകളും അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയ ആനന്ദ്മേഴത്തൂർ കണ്ണുകൾ മൂടിക്കെട്ടി ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ജാലവിദ്യകൾ അവതരിപ്പിച്ചതിന് ദേശീയ അന്തർദേശീയ അവാർഡുകളും മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാമിന്റെ പേരിലുള്ള കലാംസ്‌വേൾഡ് റെക്കോർഡ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.