അന്താരാഷ്ട്ര ഫുട്‌ബോളിലെ അതികായന്‍മാര്‍ക്ക് കീഴില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ നവമുകുളങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കേഴ്‌സ് അക്കാദമി 2022 ഓഗസ്റ്റ് 15 മുതല്‍ 21 വരെ നടക്കും. ഇന്ത്യയിലുടനീളമുള്ള 13 വയസ്സ് മുതല്‍ പ്രായമുള്ള കളിക്കാര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകരായ ചെന്നൈയിലെ ഫുട്‌ബോള്‍ പ്ലസിന്റെ കോച്ചും സ്ഥാപകനുമായ ഡേവിഡ് ആനന്ദ് പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ സ്‌പെയിനിലെ അത്‌ലറ്റിക് ബില്‍ബാവോയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായ ഗെയ്‌സ്‌ക ടോക്വെറോയാണ് കളിക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ടം ഡിസംബറിലായിരിക്കും നടക്കുക.
ഓരോ ഘട്ടത്തിലും പരിശീലനത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലോകോത്തര സ്‌ട്രൈക്കര്‍മാര്‍ ഉണ്ടാകും. ഒരാഴ്ച കളിക്കാര്‍ക്ക് ദൈനംദിന പരിശീലനവും തിയറി ക്ലാസുകളും ഫിറ്റ്‌നസ് സെഷനുകളും നടക്കും. പ്യൂമയാണ് സ്‌പോണ്‍സര്‍മാര്‍.
തിരഞ്ഞെടുക്കപ്പെടുന്ന 2 മികച്ച കളിക്കാര്‍ക്ക് സ്‌പെയിനില്‍ ഒരു മാസത്തെ പരിശീലനത്തിന് 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കും. സ്‌പെയിനിലെ രണ്ടാം ഡിവിഷന്‍ ലാ ലിഗ ക്ലബ്ബില്‍ ഒരു മാസത്തെ പരിശീലനം ലഭിക്കും. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ സ്‌കോളര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കും. കളിക്കാര്‍ക്ക് http://www.footballplus.in വഴി 2022 ജൂലൈ ഒന്നാം വാരം മുതല്‍ അപേക്ഷിക്കാം.
ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കേഴ്‌സ് അക്കാദമിയുടെ പ്രഖ്യാപന വേളയില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ഗെയ്‌സ്‌ക ടോക്വെറോയും സംഘാടകരും.