/sathyam/media/post_attachments/FcqCJdJXIZRbOG4E1Lz7.webp)
ചെന്നൈ: വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപ്പിടിച്ച് നാല് പേര്‍ മരിച്ച സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ നാമക്കലാണ് ദാരുണ സംഭവം.
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പടക്കക്കട ഉടമയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. കടയുടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാര്‍, ഭാര്യ പ്രിയ, ഭാര്യ മാതാവ് ശെല്‍വി, അയല്‍വാസി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ തില്ലൈകുമാറിന്റെ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുതുവത്സരാഘോഷങ്ങള്‍ക്ക് വില്‍ക്കാനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്ക കൂട്ടത്തിനാണ് തീപിടിച്ചത്. പാല്‍ തിളപ്പിക്കുന്നതിനായി ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ഒരു ടണ്ണോളം നാടന്‍ പടക്കത്തിനാണ് തീപിടിച്ചത്.
ഇവ അനധികൃതമായാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പ്രദേശത്തെ തീ അണയ്ക്കാനായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.