/sathyam/media/post_attachments/Ljrb2tTaMFEqmNnIPHpV.jpg)
ചെന്നൈ : തമിഴ്നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വരുന്ന നിർധന കുടുംബങ്ങളുടെ ആശാ കേന്ദ്രമായ രാജീവ്‌ഗാന്ധി ഗവണ്മെന്റ് ഹോസ്പിറ്റൽ സുന്നി സംഘടനകളുടെ അഭിമുഖ്യത്തിൽ നടത്തിവരുന്ന ഭക്ഷണവിതരണം ശ്രദ്ധ നേടുന്നു. ആശുപത്രിയിൽ നിത്യേന എത്തുന്ന വളരെ പാവപ്പെട്ട രോഗികൾക്കും അവരുടെ കൂട്ടിരുപ്പുകാർക്കും 110 ദിവസങ്ങളായി പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും തികച്ചും സൗജന്യമായാണ് പ്രസ്ഥാന പ്രവർത്തകർ വിതരണം ചെയ്യുന്നത്.
/sathyam/media/post_attachments/IoU5J4kJz35ird7WDvxJ.jpg)
ദൈനംദിന ജീവിതത്തിൽ രോഗങ്ങളും പരീക്ഷണങ്ങളും കാരണം പൊറുതിമുട്ടുന്ന അസംഖ്യം സാധാരണക്കാർ ആശ്രയിക്കുന്ന നഗരത്തിലെ ഏറ്റവും സുപ്രധാനമായ ആതുരാലയമായ ഈ ഗവൺമെന്റ് ആശുപത്രിയിൽ അതിദാരിദ്രരും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവരും ആയവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് കഷ്ടതകൾ അനുഭവിക്കുന്നത്.
/sathyam/media/post_attachments/POCA6kXsBH3c34qjP12i.jpg)
പലരും അവരുടെ കുടുംബനാഥന്മാരാണ്. കുടുംബത്തിലെ നാലഞ്ച് ജീവിതങ്ങളുടെ വയറുനിറക്കാൻ പകലന്തിയോളം പാടുപെട്ട് പണിയെടുക്കുന്ന ഗൃഹനാഥന്മാർ രോഗത്തിന് കീഴ്പ്പെട്ട് മാസങ്ങളോളം ആശുപത്രി കിടക്കയിൽ അഡ്മിറ്റ് ആകുമ്പോൾ ആ കുടുംബങ്ങൾക്ക് മുന്നിൽ പട്ടിണിയും ദൈന്യതയും വലിയ വെല്ലുവിളിയാവുകയാണ്.
അവർക്ക് കഴിക്കാനുള്ള ആഹാരം എങ്കിലും തയ്യാർ ചെയ്തു കൊടുക്കുന്നത് അവരോടുള്ള ഏറ്റവും വലിയ കരുണയുടെ ഭാഗമാണ് എന്ന തിരിച്ചറിവിലാണ് തമിഴ്നാട് ഘടകം മുസ്ലിം ജമാഅത്ത്, എസ് എസ് എഫ് സംഘടനകൾ അഭ്യുദയ കാംക്ഷികളുടെ സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചത്.
110 ദിവസം പിന്നിട്ട് മുന്നോട്ടുപോകുന്ന ഭക്ഷണവിതരണത്തിന് ഫീൽഡിൽ ഇതിനകം 20,000 പേർക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സഹകാരികളുടെ സംഭാവനകൾ ആണ് ഏക ആശ്രയം. അന്നദാനം മഹാദാനം എന്ന പുണ്യ സന്ദേശം ജാതിമതഭേദമന്യേയുള്ള മനുഷ്യ സഹോദരങ്ങൾക്ക് കൈമാറുകയും അവശത അനുഭവിക്കുന്നവർക്ക് ജീവിതത്തിലേക്കുള്ള പുനരധിവാസം സാധ്യമാക്കുകയും ആണ് ഈ സദുദ്യമത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
ഭക്ഷണവിതരണത്തിനു പുറമേ രക്തം ആവശ്യമുള്ളവർക്ക് രക്ത ബാങ്ക് സംവിധാനം, ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവർക്കുള്ള ചികിത്സാ സൗകര്യങ്ങൾ, മറ്റു അടിയന്തിര ആതുര സേവനങ്ങളും പ്രസ്ഥാന കുടുംബത്തിനു കീഴിൽ ആസൂത്രണം ചെയ്തു വരുന്നു. എസ്എസ്എഫ് ദേശീയ സെക്രട്ടറിയേറ്റ് അംഗം
കമാലുദ്ധീൻ സഖാഫി,സയ്യിദ് റാഷിദ് ബുഖാരി തങ്ങൾ,മുഹമ്മദ് ഹാജി ഏറാമല,കുഞ്ഞുമുഹമ്മദ് ഹാജി,മുഹമ്മദലി ഹാജി,മുഹ്സിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘമാണ് ഭക്ഷണ വിതരണത്തിന് ചുക്കാൻ പിടിക്കുന്നത്.