രജനീകാന്തിന് 71-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാലോകവും

New Update

publive-image

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ 71-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാലോകവും. കഥ എന്തായാലും സിനിമയില്‍ രജനീകാന്ത് നിറഞ്ഞു നില്‍ക്കണമെന്നത് ആരാധകര്‍ക്ക് നിര്‍ബന്ധമാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി ആരാധകരും താരങ്ങളുമാണ് എത്തിയിരിക്കുന്നത്.

Advertisment

പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു. ഒരുമിച്ച് അഭിനയിച്ച മണിരത്‌നം ചിത്രം ‘ദളപതി’യുടെ ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നത്. ”സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക”, ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

കാര്‍ത്തിക് സുബ്ബരാജ്, ഡി ഇമ്മന്‍, സാക്ഷി അഗര്‍വാള്‍, ഹന്‍സിക, കലൈപ്പുലി എസ് താണു, പ്രേംജി അമരന്‍, ശിവകാര്‍ത്തികേയന്‍, വിഷ്ണു വിശാല്‍, സീനു രാമസാമി തുടങ്ങി നിരവധി പേര്‍ പ്രിയ സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്. രജനി ആരാധകരും മറ്റു താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളും രജനിയോടുള്ള തങ്ങളുടെ സ്‌നേഹമറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

അതേസമയം ‘അണ്ണാത്തെ’യുടെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ സന്തോഷത്തിലുമാണ് പിറന്നാള്‍ ദിനത്തില്‍ രജനി. സിരുത്തൈ ശിവ ആദ്യമായി രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രം നവംബര്‍ നാലിനാണ് തിയറ്ററുകളില്‍ എത്തിയത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം കോളിവുഡില്‍ നിന്നെത്തിയ ഏറ്റവും വലിയ റിലീസ് ആയിരുന്നു ചിത്രം.

Advertisment