കോവിഡ് ഭീതി വിട്ടകന്നതോടെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാടും നഗരവും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വരുന്ന ഇത്തവണത്തെ ക്രിസ്മസ് രാവുകൾ ആഘോഷമാക്കാൻ നിരവധി തരത്തിലുള്ള പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
ഇത്തവണ പേപ്പർ നക്ഷത്രങ്ങൾ മുതൽ ഡിജിറ്റൽ എൽഇഡി നക്ഷത്രങ്ങൾ വരെയാണ് വിപണിയിലെ താരമായിരിക്കുന്നത്. 30 രൂപ മുതൽ ആരംഭിക്കുന്ന പേപ്പർ നക്ഷത്രങ്ങൾക്കും 525 രൂപ വരെ വില വരുന്ന ഡിജിറ്റൽ നക്ഷത്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.
വർണ വെളിച്ചം വിതറുന്ന നക്ഷത്രങ്ങൾ ക്രിസ്മസ് രാവുകളെ മനോഹരമാക്കുന്നതിൽ പ്രധാനിയാണ്. വഴിയരികിലെ ചെറുകടകളിൽ പോലും ക്രിസ്മസ് ട്രീ, നക്ഷത്രങ്ങൾ, പുൽക്കൂട് എന്നിവയുടെ വിൽപ്പന പൊടിപൊടിക്കുന്നുണ്ട്.
രാത്രി കാലങ്ങളിലാണ് ഭൂരിഭാഗം പേരും നക്ഷത്രങ്ങൾ വാങ്ങാൻ കടകളിലേക്ക് ഒഴുകിയെത്തുന്നത്. നക്ഷത്രങ്ങളോടൊപ്പം പുൽക്കൂടുകൾ വാങ്ങുന്നവരുടെ എണ്ണവും ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. 325 രൂപ മുതൽ 1,000 രൂപ വരെയാണ് റെഡിമെയ്ഡ് പുൽക്കൂടുകളുടെ വില.