കുറുപ്പ് പ്രദര്‍ശനം മുടങ്ങി; തിയറ്ററില്‍ വാക്കേറ്റവും കയ്യാങ്കളിയും

New Update

publive-image

Advertisment

കൊച്ചി: എംജി റോഡിലെ കവിത തിയറ്ററില്‍ കുറുപ്പ് സിനിമ പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും. പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ് ആളുകള്‍ ശാന്തരായത്. പ്രൊജക്ടര്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഷോ മുടങ്ങിയതെന്ന് തിയേറ്റര്‍ അധികൃതര്‍ പറഞ്ഞു. നൂണ്‍ഷോ പ്രദര്‍ശനം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ തടസ്സം നേരിട്ടു.

പിന്നീട് തകരാര്‍ പരിഹരിച്ച് വീണ്ടും പ്രദര്‍ശനത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നിരാശരായ പ്രേക്ഷകര്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലായി. ഇതിനിടെ പൊലീസെത്തിയാണ് പ്രേക്ഷകരെ പിന്തിരിപ്പിച്ചത്.

ഓണ്‍ലൈനില്‍ ടിക്കറ്റെടുത്തതിനാല്‍ നേരിട്ടു പണം തിരിച്ചു നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ പ്രേക്ഷകര്‍ ജീവനക്കാര്‍ക്കു നേരെ തിരിഞ്ഞു. നൂണ്‍ഷോ മുടങ്ങിയിട്ടും, ആപ്പില്‍ ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവയ്ക്കാതിരുന്നതും പ്രേക്ഷകരെ പ്രകോപിപ്പിച്ചു.

ഷോ നടക്കില്ലെന്ന് അറിഞ്ഞുകൊണ്ടു ടിക്കറ്റ് നല്‍കുകയും മറ്റേതെങ്കിലും ടിക്കറ്റ് എടുക്കാന്‍ അവസരം നഷ്ടപ്പെടുത്തിയതിലുമാണ് പ്രേക്ഷകരുടെ ദേഷ്യം. പണം മടക്കി നല്‍കിയാലും സര്‍വീസ് ചാര്‍ജ് കിഴിച്ചുള്ള തുക മാത്രമേ ലഭിക്കുകയുള്ളൂ എന്നതും പ്രകോപനത്തിനു കാരണമായി.

കാര്യം കൈവിട്ടു പോകുമെന്നു വന്നതോടെ പൊലീസിനെ വിളിക്കുകയായിരുന്നു. മുടങ്ങിയ പ്രദര്‍ശനത്തിന്റെ പണം തിരികെ നല്‍കുമെന്ന് തിയറ്റര്‍ അധികൃതര്‍ അറിയിച്ചു.

Advertisment