/sathyam/media/post_attachments/0ce722DjAQqnaYPP8Jk2.jpg)
സൂര്യൻ, ജെൻ്റിൽമാൻ, കാതലൻ, കാതൽ ദേശം, രക്ഷകൻ എന്നീ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് 'ജെൻ്റിൽമാൻ' കെ.റ്റി. കുഞ്ഞുമോൻ നിർമ്മിക്കുന്ന ' ജെൻ്റിൽമാൻ2 ' വിൻ്റെ സംവിധായകൻ ആരായിരിക്കും എന്ന അഭ്യൂഹങ്ങൾക്ക് അറുതിയായി.
നാനിയെ നായകനാക്കി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണയാണ് ബ്രഹ്മാണ്ഡ ചിത്രമായ ' ജെൻ്റിൽമാൻ2' വിൻ്റെ സംവിധായകൻ. നിർമ്മാതാവ് തന്നെയാണു ഇക്കാര്യം തൻ്റെ സോഷ്യൽ മീഡിയാ പേജിലൂടെ അറിയിച്ചത്.
ഇതോടെ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന സിനിമാ പ്രേമികളുടെയും, സിനിമാ രംഗത്തുള്ളവരുടെയും ദീർഘകാല ചർച്ചക്ക് വിരാമമായി. പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഷ്ണു വർദ്ധൻ്റെ സഹ സംവിധായകനായി ബില്ല, അറിന്തും അറിയാമലും, പട്ടിയൽ, സർവ്വം എന്നീ സിനിമകൾക്ക് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ച അനുഭവ സമ്പത്തിൻ്റെ ഉടമ കൂടിയാണ് ഗോകുൽ കൃഷ്ണ.
ഷങ്കർ എന്ന സംവിധായകനെ സമ്മാനിച്ച നിർമ്മാതാവാണ് കുഞ്ഞുമോൻ. എ. ആർ. റഹ്മാനെ പ്രശസ്തനാക്കിയതും കുഞ്ഞുമോൻ സിനിമകളായിരുന്നു. ' ജെൻ്റിൽമാൻ2 ' വിലൂടെ മറ്റൊരു ബ്രഹ്മാണ്ഡ സംവിധായകനെയാണ് താൻ സമ്മാനിക്കാനിരിക്കുന്നത് എന്നാണ് കുഞ്ഞുമോൻ പറയുന്നത്.
നേരത്തെ തന്നെ സംഗീത സംവിധായകനായി കീരവാണി എന്ന മരഗതമണി,നായികമാരായി നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. നായകൻ ആരെന്ന സസ്പെൻസ് ഇപ്പോഴും നില നിർത്തുകയാണ് നിമ്മാതാവ്.
' ജെൻ്റിൽമാൻ2 ', വിൻ്റെ അണിയറ സാങ്കേതിക വിദഗ്ദർ, മറ്റ് അഭിനേതാക്കൾ എല്ലാവരും ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരാണെന്നും അതിനെ കുറിച്ചുള്ള അറിയിപ്പുകൾ വരും ദിവസങ്ങളിൽ തന്നെ ഉണ്ടാവുമെന്നും കുഞ്ഞുമോൻ അറിയിച്ചു.
ജെൻ്റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിച്ച് എ.ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ' ജെൻ്റിൽമാൻ2' വിൻ്റെ ചിത്രീകരണം വരുന്ന ചിങ്ങ മാസത്തിൽ ഇന്ത്യയിലും വിദേശത്തുമായി ആരംഭിക്കും.