Advertisment

ശാന്തി പർവ്വം

New Update

publive-image

Advertisment

വെള്ളിയാഴ്ച്ച ഒരു പ്രാവ് അപകടത്തിൽപ്പെട്ടു. പ്രാവുകൾ ദൈവങ്ങളുടെ കൂട്ടുകാരെന്ന് തോന്നിയിട്ടുണ്ട്. ആരാധനാലയങ്ങളുടെ ശാന്തതയിൽ പ്രാവുകളെ കാണാം. സന്ദേശവാഹകരായും ശാന്തിയുടെ പ്രതീകങ്ങളായും മനുഷ്യനൊപ്പം എത്രയോ കാലങ്ങൾക്ക് മുമ്പേ കൂടിയതാണ് ഈ പക്ഷിയും.

താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽ തീറ്റയിട്ടുകൊടുക്കുമ്പോൾ ഓടിവരുന്ന പലനിറത്തിലുള്ള പ്രാവുകളെ ഒഴിവുസമയങ്ങളിൽ നോക്കിനിൽക്കുന്നത് വായനപോലെ സന്തോഷം തരുന്നു. അറിവുകൾ കാഴ്ചകളിലൂടെയും ലഭിക്കുമല്ലോ.

ദുബായിൽ പൂച്ചകളും പ്രാവുകളും സാധാരണം. മനുഷ്യരുടെ ഇടയിൽ സർവ്വസ്വതന്ത്ര്യത്തോടെ കളപ്പുരയിൽ ശേഖരിക്കാതെ അവ ജീവിക്കുന്നു.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പുറത്തിറങ്ങേണ്ടിവന്നു. പ്രാർത്ഥനസമയത്ത് കടകൾ അടയ്ക്കുന്നതിന് മുമ്പ് സാധനംവാങ്ങി വരണം. ഖിസൈസിലെ ഷേക്ക് കോളനിയിൽ കെട്ടിടങ്ങളുടെ ഇടയിൽ സമാന്തരമായി കിടക്കുന്ന വഴിയിലൂടെ അതിവേഗം നടന്നുനീങ്ങവെ കെട്ടിടഭിത്തിയോട് ചേർന്ന് ഒരു പ്രാവ്. വെള്ളത്തൂവലിൽ കറുത്ത പൊട്ടുകൾ. കഴുത്തിൽ മഴവിൽ വർണ്ണം ചാലിച്ചിരിക്കുന്നു.

എന്നെക്കണ്ടതും അത് മുടന്തിമുടന്തി ഓടുവാൻ തുടങ്ങി. അതെന്നിൽ കൗതുകം ജനിപ്പിച്ചു. സൂക്ഷിച്ചുനോക്കിയപ്പോൾ പക്ഷിയുടെ കാലിൽ ഒരു കമ്പിവളഞ്ഞ് കുരുങ്ങിയിരിക്കുന്നു. ഒപ്പം രണ്ടുകാലിലും നിറയെ തലമുടി കുരുങ്ങി ചങ്ങലയ്ക്കിട്ടപോലെ. കണ്ടപ്പോൾ പാവം തോന്നി. ഞാൻ മെല്ലെ അതിനടുത്തേക്ക് നടന്നു. എന്നെക്കണ്ടതും പ്രാവ് വീണ്ടും പേടിച്ച് പ്രയാസപ്പെട്ട് ഓടുന്നു.

ഓടിച്ചെന്ന് പിടിച്ചു പിടിച്ചില്ല എന്നായപ്പോൾ അത് അടുത്തുകണ്ട ഒരു കാറിന് കീഴിലേക്ക് ചാടിക്കയറി. ഞാൻ തറയിൽക്കിടന്ന് കൈകൊണ്ട് പ്രാവിനെ പിടിക്കുവാൻ ശ്രമിച്ചെങ്കിലും എത്തുന്നില്ല. എത്ര ശ്രമിച്ചിട്ടും പിടികൂടാനാകാതെ നിരാശനായി എണീറ്റപ്പോൾ നെറ്റിയിലേക്ക് വിയർപ്പിച്ചാലുകൾ വഴിവെട്ടി. കടകൾ ഇപ്പൊൾ അടയ്ക്കും. പ്രാവിനെ അവിടെ നിർത്തിയിട്ട് ഞാൻ കടയിലേക്കോടി.

തിരികെ വന്നപ്പോൾ ആ പ്രാവിനെ നിരീക്ഷിച്ചുകൊണ്ട് മറ്റുചില പ്രാവുകൾ അടുത്ത കെട്ടിടങ്ങളിൽ കുറുകുന്നു. ചിലത് അങ്ങോട്ടും ഇങ്ങോട്ടും പാറിനടക്കുന്നു. കാറിനടിയിലേക്ക് ഞാൻ നോക്കി; പാവം അവിടെത്തന്നെയുണ്ട്. ഉപദ്രവിക്കുമെന്ന് പേടിച്ച് നിൽക്കുകയാണ്.

തൊട്ടടുത്ത് ഇടനാഴിയിൽ ഒരു ആൺപൂച്ച സുഖമായി ഉറങ്ങുന്നു. ഉറക്കത്തിന് വിഘ്നം വരുത്തിയതിലാകണം അവൻ കാലുംകയ്യും നീട്ടി കണ്ണുതുറന്നടച്ച് തിരിഞ്ഞുകിടന്നു. തൊട്ടുമുന്നിൽ പക്ഷിയെക്കണ്ടിട്ടും പൂച്ച അതിനെപിടിക്കുവാൻ ശ്രമിക്കാതിരുന്നതെന്താണ്?

ഇതും ചിന്തിച്ച് സഞ്ചി താഴെവച്ച് ഞാൻ തറയിൽ കുനിഞ്ഞ്കിടന്ന് വീണ്ടും പ്രാവിനെ പിടിയ്ക്കുവാൻ ശ്രമം തുടർന്നു. പാവം ഓടിച്ചെന്ന് റോഡിലെ വണ്ടിയ്ക്ക് മുന്നിൽപ്പെടാതിരുന്നാൽ മതി. എൻറെ കൈനീണ്ടുചെന്നതും പ്രാവ് കാറിനുകീഴെനിന്നും പുറത്തേക്ക് ചാടി. ഞാൻ പിന്നിലൂടെ പാത്തുപാത്ത് ചെന്ന് ഒറ്റപ്പിടുത്തം. പ്രാവ് കയ്യിൽ!

അതിനെ ആകെ വിറയ്ക്കുണ്ട്. ഞാൻ വലതുകരംകൊണ്ട് മെല്ലെ പിടിച്ചു. തളർന്നിരിക്കുന്ന പക്ഷിയുടെ തലയിൽ തടവി, പിന്നെ പ്രയാസപ്പെട്ട് കാലിൽ കുരുങ്ങിയിരിക്കുന്ന കമ്പി ഊരിയെടുത്തു. അതിലും പ്രയാസമായിരുന്നു വല്ലാതെ കുരുങ്ങിയ തലമുടി. തലയിലിരിക്കേണ്ട മുടി തറയിലായാൽ....

പേടിച്ച പ്രാവ് കാൽവിരലുകൾ മടക്കിവച്ചു. കൂർത്ത നഖത്തിലാകെ കുരുങ്ങിയ മുടി പണിപ്പെട്ട് എടുത്തുകളഞ്ഞു. പിന്നെ ഭയത്തിൻറെ കൂടാരമായ ആ കണ്ണുകളിലേക്ക് നോക്കി തലയിൽ വീണ്ടും തടവി. എത്ര സുന്ദരമാണ് പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും? കൈകുമ്പിളിൽ പ്രാവിനെ എടുത്ത് ഞാൻ അമർത്തിച്ചുംബിച്ചു;

ആദ്യാനുഭവം. പാവം അനങ്ങാതെയിരിക്കുകയാണ്. പിന്നെയതിനെ കാറിൻറെ മുകളിലെടുത്തുവച്ചു. താൻ സ്വതന്ത്രമായെന്ന് പ്രാവിന് മനസ്സിലാകാത്തപോലെ. അത് അനങ്ങാതെ നിന്നപ്പോൾ ഞാൻ ചെറിയ ശബ്ദമുണ്ടാക്കി.

പ്രാവ് മുടന്തൽ മാറാത്തപോലെ പതുക്കെ കാറിൻറെ മുകളിലൂടെ നടക്കുന്നു. തളർന്നുവീണ് എല്ലാ പ്രതീക്ഷയും നഷ്ടപെട്ട ഒരുജീവിയുടെ ചലനങ്ങൾ ആദ്യമായി ഞാനറിഞ്ഞു. അകത്തേക്ക് പോകുന്ന ജീവശ്വാസം ഒന്ന് നിലച്ചാൽ നീയുമില്ല ഞാനുമില്ല. ഈ തുടിപ്പിൻറെ വെളിച്ചവും തെളിച്ചവുമല്ലേ അനാദികാലം മുതൽ ദൈവങ്ങൾപോലും പ്രഘോഷിക്കുന്നത്?

കാറിൻറെ മുകളിൽ കയറിനിന്ന പ്രാവ് നാലുപാടും തല തിരിച്ചും മറിച്ചും നോക്കി. ചുറ്റും മുഴങ്ങുന്ന മറ്റുപ്രാവുകളുടെ കുറുകലുകളും വട്ടമിട്ടുപറക്കലും അത് ശ്രദ്ധിക്കുകയാണ്. എത്രയോനേരമായി ബന്ധനത്തിലായി തളർന്ന പക്ഷി നടക്കാനും പറക്കാനും മറന്നപോലെ.

ഞാൻ തൊട്ടടുത്ത് ചെന്ന് ഒന്നുരണ്ട് ഫോട്ടോകൾ എടുക്കുമ്പോൾ അതെന്നെ സൂക്ഷിച്ചുനോക്കികൊണ്ടിരുന്നു. നന്ദിയേകുകയാണോ? എല്ലാ പ്രതീക്ഷയും അസ്തമിച്ച് പാർത്ഥൻ തേർത്തട്ടിൽ കിടന്നപ്പോഴും വൻകുരിശേന്തി കാൽവരിയിലേക്ക് നടക്കവേ യേശു വീണപ്പോഴും കൈപിടിക്കുവാൻ ആളുണ്ടായിരുന്നു. എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നതിന് മുമ്പ് രക്ഷയുടെ ഒരു ചെറുവെളിച്ചം തെളിയുമെന്നത് മിഥ്യയല്ല.

ഞാനൊന്നുകൂടി ശബ്ദമുണ്ടാക്കി. അതുകേട്ട് മടിച്ചുനിന്ന പ്രാവ് തൻറെ നഷ്ടമായ ബാലൻസ് തിരികെ ലഭിച്ചപോലെ ചിറകുവിടർത്തി. പിന്നെ മുന്നോട്ടാഞ്ഞ് പറന്ന് അടുത്തുള്ള എ.സിയുടെ ഔട്ട്ഡോർ യൂണിറ്റിനുമുകളിൽ കയറിയിരുന്ന് എന്നെ നോക്കി. അതുകണ്ട് വിയർപ്പൊപ്പി തിരയിളകിവന്ന സന്തോഷസൂചകമായി ഞാൻ ചിരിച്ചു. നെറ്റിയിലെ വിയർപ്പിനാൽ അപ്പംമാത്രമല്ല ഭക്ഷിക്കാനാകുന്നതെന്നറിഞ്ഞ നേരം വസ്ത്രങ്ങളെല്ലാം ഉച്ചച്ചൂടിൽ നഞ്ഞുകുതിർന്നിരുന്നു.

എങ്കിലും തിരികെ സൂര്യപ്രതാപത്തിനു താഴെ നടക്കുമ്പോൾ മനസ്സിൽ നിറയെ കുളിർമമാത്രമായിരുന്നു.

-ജോയ് ഡാനിയേൽ

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. കഥാകൃത്ത്, കോളമിസ്റ്റ്. 'ഖിസ്സ' എന്ന കഥാസമാഹാരങ്ങളുടെ എഡിറ്റർ. 2020-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദുബായിൽ സ്വകാര്യകമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്ററായി ജോലിചെയ്യുന്നു.

column
Advertisment