Advertisment

യേശുവിന്‍റെ ആത്മകഥ (പ്രവാസത്തിലെ മഞ്ഞുതുള്ളികൾ)

New Update

publive-image

Advertisment

ദുബായ് യൂണിയൻ മെട്രോസ്റ്റേഷനിൽ ഞാൻ നിൽക്കുന്നു. നമ്പി നാരായണൻറെ 'ഓർമകളുടെ ഭ്രമണപഥം' കയ്യിൽ.പുസ്തകവും വായിച്ച് തീവണ്ടി കാത്ത് നിൽക്കവെ ഒരാൾ ഓടിവന്ന് തോളിൽ തട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ വെളുക്കെ ചിരിച്ചുകൊണ്ട് ടൈ, കോട്ട്, സ്യൂട്ട് ഒക്കെയിട്ട ജെന്റിൽമാൻ.

"ഹലോ, എന്നാ ഉണ്ട്? പുസ്‌തകം വായിച്ചോണ്ട് നിക്കുവാന്നോ?" ഞാനൊന്ന് അത്ഭുതപ്പെട്ടു. പക്കാ കോട്ടയം-തിരുവല്ല വാക്കിൻറെ ചെയിൻസർവ്വീസ്. എന്നാൽ ആലുവാ മണപ്പുറത്തുപോലും ഈ മുഖം ഓർമ്മയുടെ പഥത്തിലുമില്ല.

"ഞാനും പണ്ട് ഒത്തിരി പുസ്‌തകം വായിക്കുമായിരുന്നെന്നേ. ഇപ്പോ എന്നാ പറയാനാ, ജോലിത്തിരക്ക് കാരണം പറ്റുന്നില്ലന്നേ" ഇതും പറഞ്ഞ് എൻറെ കയ്യിലിരുന്ന പുസ്‌തകത്തിന്റെ കവറിലേക്ക് ദൃഷ്ടിപായിച്ച് അടുത്ത ചോദ്യം.

"എന്തോ പുസ്തകമാ ഇത്? അയ്യോ! ഇതാരുടെ ഫോട്ടോയാ? യേശൂന്റെ കൂട്ടുണ്ടല്ലോ!". ഹൃദയമിടിപ്പോടെ ഇതിയാനെ ഞാനൊന്ന് ദയനീയമായി നോക്കി.

"...നമ്പി നാരായണൻ, ഐ.എസ്.ആർ.ഒ" ഞാൻ മറുപടി നൽകി.

"നമ്മുടെ റോക്കറ്റ് ഒക്കെ വിടുന്ന മറ്റേ സംഭവം ല്ലേ?" വീണ്ടും ചോദ്യം. ഇത്രയുമായപ്പോൾ ഞാൻ തിരിച്ചൊരു ചോദ്യം ചോദിച്ചു. "നാട്ടിൽ എവിടാ?" അയാൾ എന്നെ കണ്ണുകൊണ്ട് ഒരുഴിച്ചിൽ നടത്തി പുഞ്ചിരിയും നെഞ്ചുവിരിയും നടത്തി മറുപടിയേകി. "ലാൻഡ് ഓഫ് ലെറ്റേഴ്‌സ്". പിന്നെ അടുത്ത ചോദ്യം "ഇതിയാൻ എഴുതിയ നോവലാണോ ഇത്?" ഉത്തരം പറയുമ്പോൾ എനിക്ക് തലമാത്രം ചൊറിയാൻ തോന്നി. "അല്ല ആത്മകഥ"

"അന്നോ? എൻറെ മാഷ; ആത്മകഥ വായിക്കുവാന്നേൽ നമ്മുടെ ഗാന്ധിടെ വായിക്കണം. ഇടിവെട്ടുസാധനം; എന്തുവാ അതിൻറെ പേര്? ശോ! നാക്കേലിരിക്കുന്നു" കീടമടിക്കാൻ ടച്ചിങ്‌സ് തേടുന്ന പ്രതീതിയിൽ അയാൾ പുളഞ്ഞു.

അപ്പോൾ അനൗൺസ്‌മെന്റ് മുഴങ്ങി. ഗ്രീൻ ലൈനിലേക്കുള്ള ട്രെയിനും വന്നുനിന്നു. നമ്മുടെ പഴയ വായനക്കാരൻ പച്ചവെട്ടിലിനെപ്പോലെ ട്രെയിനിലേക്ക് ചാടിക്കയറി, പിന്നാലെ ഞാനും. അടുത്ത ബോഗിയിലേക്ക് ഞാൻ മുങ്ങുമ്പോൾ പിൻവിളി. "നില്ല്, യേശുവിൻറെ ആത്മകഥയെപ്പറ്റി പറഞ്ഞിട്ട് പോ. അല്ല.. ആ നമ്മുടെ ഗാന്ധീടെ ആത്മകഥയുടെ പേരെന്തു കുന്തമാ...?"

ഞാൻ നിന്നില്ല. മൊബൈലുകളിൽ മാത്രം തലവണങ്ങി നിൽക്കുന്ന പലതരം രാജ്യക്കാരുടെ ഇടയിലൂടെ ഒരു മലയാളിയിൽനിന്നും ഓടിയൊളിക്കാൻ തിരിഞ്ഞുനോക്കാതെ അടുത്ത ബോഗി ലക്ഷ്യമാക്കി നീങ്ങി.

അപ്പോൾ ചിന്തയുടെ ഭ്രമണപഥം ചിലമ്പി; നമ്പിസാർ പൊറുത്താലും.

column
Advertisment