ഓണം താരക പൂക്കൾ (കഥ)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

-കെ.എസ്. ഹരിഹരൻ

Advertisment

ഉത്രാടം എത്രേടംവരെയായി. അത്രേടംവരെമാത്രമേ ആയുള്ളു. മുത്തശ്ശിയുടെ ചോദ്യത്തിനുള്ള മറുപടി. പിന്നെയോരോന്ന് പറയാൻ തുടങ്ങി. മാതേവർ മുറ്റത്തിരിയ്ക്കാ കുട്ടാ. നമ്മുടെ ഇല്ല്യായ്മയും വല്ല്യായ്മയും കാണിയ്ക്കാൻ പറ്റ്വോ ൻ്റെ കുട്ട്യാ. കാണം വിറ്റും ഓണം ഉണ്ണണം ന്നാ പറയാ. ഇവിടെ മുത്തശ്ശൻ ഉണ്ടായിരുന്ന കാലത്ത് അതായിരുന്നുപതിവ്. മൂപ്പര് ഒന്നും പുറത്ത് കാണിയ്ക്കില്ലാ. മുത്തശ്ശിയിങ്ങനെ പറഞ്ഞോണ്ടിരുന്നു.

സന്ധ്യയായികാണും. അച്ഛൻ്റെ മുഖത്ത് പരിഭവം കൂടിക്കൂടിവന്നു. അച്ഛൻ, പെട്ടെന്നെഴുന്നേറ്റ് എങ്ങോട്ടോപോയി. മുത്തശ്ശി പൂജാമുറിയിലേയ്ക്ക്നടന്നു. ഞാൻ, അമ്മയുടെ അടുത്തേയ്ക്കും. അമ്മ ഓടിപ്പായുകയാണ്. ഓരോന്ന് ഒരുക്കുന്നു. ഞാനമ്മയെ ശ്രദ്ധിച്ചു... ആ മുഖത്തും അസ്വസ്ഥത ഉണ്ട്. നാളേയ്ക്ക് ഒന്നും ഇല്ല, തിരുവോണമല്ലെ, അരിയും സാധനങ്ങളും വേണം,

അച്ഛൻ പുറത്തേക്കുപ്പോയിയെന്നറിഞ്ഞപ്പോൾ മനസ്സിൽ ചെറിയൊരു പ്രതീക്ഷയെനിയ്ക്കും തോന്നി... ഞാൻ വടക്കുപ്പുറത്തുകൂടി പഠിപ്പുര വാതിൽക്കലിൽ ചെന്നു നിന്നു. സന്ധ്യ കഴിഞ്ഞെങ്കിലും ഇരുൾവീഴുന്നില്ല, ഉത്രാടരാവിൻ്റെ വെണ്ണിലാശലഭങ്ങൾ മണ്ണിലേയ്ക്ക് ഇറങ്ങാൻ തുടങ്ങി. ചില്ലുനിലാവേറ്റ അരിമുല്ലപ്പൂക്കൾ തിങ്കൾ വല്ലിയിൽ പൂത്ത ചെറു താരകമൊട്ടുപോലെ ശോഭിച്ചു.

ആകാശപ്പാൽപ്പുഴയിൽ ആരും തുഴയാതെ ഒഴുകിവരുന്ന തിരുവോണതോണിയെ കൺകുളിർക്കെ കണ്ടു. പ്രകൃതിയും വാനവും മനസ്സലിഞ്ഞ് പ്രണയിക്കുന്ന നിമിഷത്തിൽ വാനം തൻ്റെ കാമുകിയെ പ്രണയോന്മാദനായി പൊന്നിൽ കുളിപ്പിച്ച് വെണ്ണിലാപ്പുഴയരഞ്ഞാണംചുറ്റുന്നു. കുനുകൂന്തലഴകിൻ താരകപൂക്കൾ ചാർത്തുന്നു. ഓണക്കോടിയുടെ വെണ്ണിലാപ്പട്ടുടുപ്പിച്ച് അവളുടെ കവിൾത്തടങ്ങൾ തൊട്ടുതലോടുന്നു. പ്രിയയുടെ കടാക്ഷമലരുകൾ ഓരോന്നായി ഇറുത്തെടുത്ത തരളിത ഹൃദയത്തടത്തിൽ പ്രണയക്കൊട്ടാരം തീർക്കുന്നു.

പ്രകൃതിവാരിക്കോരി കൊടുക്കുന്ന രമ്യസമൃദ്ധിയിൽ ഞാൻലയിച്ചിരിയ്ക്കുമ്പോൾ, അച്ഛൻ വെറും കൈയ്യോടെ പടികടന്നു വന്നെന്നെ കൈപിടിച്ച് വീട്ടിനുള്ളിലേയ്ക്ക് കൊണ്ടുപോയി. അന്നായിരുന്നു ഞാനാദ്യമായി പ്രകൃതിയിൽ കണ്ടെത്തിയ പ്രണയാക്ഷരപ്പൂക്കൾക്ക് വിശപ്പിൻ്റെ ഗന്ധവും ഉണ്ടെന്നറിഞ്ഞത്.

cultural
Advertisment