രചന

പൂവിന്റെ നിരാശ (കഥ)

സമദ് കല്ലടിക്കോട്
Sunday, August 29, 2021

-കെ.എസ് ഹരിഹരൻ

നല്ല മഴ! മണ്ണിൻ്റെയും മനസ്സിൻ്റെയും ആഴത്തിലേയ്ക്കിറങ്ങുന്നകുളിര്. ഓണംപടി കടന്നുപോയവഴിയിൽ പൂക്കൾകൊഴിഞ്ഞ് ഇലകൾമഞ്ഞിച്ച്, ദ്രവിച്ച് വീണൊടിഞ്ഞ് പാടവരമ്പത്തിൻ്റെ കുതിർന്നമണ്ണടർപ്പിൽവിലയം പ്രാപിയ്ക്കുന്ന തുമ്പച്ചെടികളെ മഴത്തുള്ളികൾ മുത്തമിട്ട് കടന്നുപോകുന്നു. പ്രകൃതിയുടെ പുണ്യാർച്ചനയിൽ പരിശുദ്ധമായവൾക്ക്,വീണ്ടും മഹാബലി തമ്പുരാന് പ്രിയപ്പെട്ടവളായി പുനർജനിയ്ക്കാം. എന്തൊരു കൗതുക ജന്മമാണതിൻ്റേത്.

അടുത്തചിങ്ങം വരുമ്പോൾ നിറയെ വെൺമയുടെ പൂക്കുടചൂടി വീണ്ടും. അവൾ. ഇവിടെതന്നെ പ്രത്യക്ഷപ്പെട്ടും.. ‘പൂക്കൊട്ടയേന്തി വരുന്ന കുട്ടിക്കൂട്ടുകാർക്ക് കൈനിറയെ വെളുത്ത പൂക്കൾ കൊടുക്കുന്ന തുമ്പച്ചെടിക്കൂട്ടങ്ങളെ’ എനിയ്ക്കെന്നും ഇഷ്ടമായിരുന്നു.. ഞാനെൻ്റെ കുട്ടിക്കാലത്ത് ഇവളെ കൂട്ടാൻ ഓരോരോ പാടവരമ്പിലൂടെയും നടന്നിട്ടുണ്ട് അവിടെയെല്ലാം, രണ്ടു ഭാഗത്തും വെള്ളയുടുപ്പിട്ട് അവൾ നിന്നിരുന്നു…

അത്തം തുടങ്ങി തിരുവോണം വന്നു പോയികഴിഞ്ഞിട്ടും പതിനാറാംനാളിൽ മകം വരുന്നതുവരേയും തുമ്പപ്പൂക്കൾകൊണ്ട് പൂക്കളം തീർത്തിരുന്നു.. പിന്നെയുംഅവളെ പാടവരമ്പിന് രണ്ടുഭാഗത്തും കാണാമായിരുന്നു. ചിങ്ങമാസംകഴിഞ്ഞാലും അവൾ തൂവെള്ളയടുപ്പിട്ട് കന്നിനിലാവുണ്ണാൻ ഉണ്ടായിരുന്നു’ ഇന്നവൾവരുന്നതുംപോകുന്നതും പെട്ടെന്നായിരിയ്ക്കും. ഇനി അവൾഅടുത്ത ഓണത്തിന്നുവരുമോയെന്നുള്ളതുതന്നെ സംശയമാണ്..

കണ്ണാന്തളിപൂക്കൾക്കുവന്ന വംശനാശംഅവൾക്കും വന്നുച്ചേരുമോയെന്നാണ് എൻ്റെ സംശയം.അച്ഛൻ്റെ ബാല്യകാലത്ത് തോട്ടം നിറയെ കണ്ണാന്തളിപ്പൂക്കൾ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. എന്നാൽ എൻ്റെ കുട്ടിക്കാലത്ത് നാടുവിട്ടുപോയ കണ്ണാന്തളിയെ കാണാൻ കാടുകയറിപോയിട്ടുണ്ട്. പക്ഷേനിരാശമാത്രമായിരുന്നു..

‘ഓണം നമ്മളിൽ നിന്ന് മായുന്നതുപോലെ പ്രകൃതിയിലെ ഓരോരോ പൂച്ചെടിക്കൂട്ടുകാരികളും ഭൂമിയിൽ നിന്ന് മെല്ലെ, മെല്ലെ,മാഞ്ഞ് മാഞ്ഞ് പോകുന്നു…

×