രചന

കാലനാഥൻ (കഥ)

സത്യം ഡെസ്ക്
Thursday, September 9, 2021

-വെട്ടിപ്പുറം മുരളി

‘സമയമെന്തായി…?’ രവി ആകാംക്ഷയോടെ ചോദിച്ചു. ഇതു കേട്ടപ്പോൾ വാച്ച് റിപ്പയർ
ചെയ്തുകൊണ്ടിരുന്ന കലാനാഥൻ ജോലി നിർത്തി തല ഉയർത്തി നോക്കി. അയാളുടെ ഒരു കണ്ണിൽ ഭൂതക്കണ്ണാടി പിടിപ്പിച്ചിട്ടുണ്ട്. അയാൾ പല്ലു കാട്ടി ചിരിച്ചു.
‘ഇപ്പോ സമയമെന്തായീന്നു പിടികിട്ടുന്നില്ല.?’ ചിന്താക്കുഴപ്പത്തോടെ രവി പിറുപിറുത്തു.

പൊടുന്നനെ കനത്ത മഴ അടർന്നു വീണു. പ്രതീക്ഷിക്കാതെയുണ്ടായ മഴവീഴ്ചയിൽ ഞെട്ടി
കലാനാഥനും രവിയും വാച്ചുകടയിൽ നിന്നു പുറത്തേക്കു നോക്കി. ഇടയ്ക്കിടെ മഴമേഘങ്ങൾ
വന്നു കരിവേഷം കാട്ടി പോയെങ്കിലും ഉടനെ പെയ്യുമെന്നു ജനം നിനച്ചിരുന്നില്ല.

കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അധികം കടകൾ അടഞ്ഞു കിടന്നു. അതിനാൽ നിരത്ത് ഏറെക്കുറെ ജനരഹിതമായിരുന്നു. മഴയുടെ സഹചാരിയായി കാറ്റ് കുറച്ചു ശക്തിയോടെ വീശിയടിച്ചു. ദിക്കുകളിൽ ഇരുണ്ട മേഘങ്ങൾ ഉരുണ്ടു കയറി. പകൽ അവസാനിക്കാറായ പ്രതീതി ഉളവാക്കിക്കൊണ്ട് ഇരുൾ കനത്തു.

‘ഈ ഭൂതക്കണ്ണാടി മാറ്റാതെയാണോ പുറത്തേക്കു നോക്കുന്നത് ?’ രവി ‘ഭൂതക്കണ്ണാടി ഇരിക്കുന്നതു പ്രശ്‌നമല്ല…’
‘പിന്നെ…?’
‘കാഴ്ചയുടെ അഥവാ കാണുന്നതിന്റെ രീതി അനുസരിച്ചു കാര്യങ്ങൾ മാറും.’ പുഞ്ചിരിയോടെ
കലാനാഥൻ
‘ഇപ്പോ സന്ധ്യയായോ…?’
‘അറിയില്ലല്ലോ…’
‘സമയമെന്തായി…?’ രവി ചോദിച്ചു.
‘നോക്ക്, ഭിത്തിയിൽ കുറേ ക്ലോക്കുകളുണ്ടല്ലോ…!’ കലാനാഥൻ ഭിത്തിയിലേക്കു കണ്ണുകൾ നീട്ടി
പറഞ്ഞു.

രവി തിരിഞ്ഞു വാച്ചുകടയുടെ ഭിത്തിയിലേക്കു നോക്കി. അവിടെ കുറേ ക്ലോക്കുകൾ
നിരത്തിവെച്ചിട്ടുണ്ട്. അടുത്ത ഭിത്തിയിലും ക്ലോക്കുകൾ ഉണ്ട്. വാച്ചുകടയുടെ വാതിലിനു
മുകളിൽ ഉൾപ്പെടെ നാലു ഭിത്തികളിലും ഒട്ടേറെ ക്ലോക്കുകൾ നിരത്തിവെച്ചിരിക്കുന്നു. ക്രമം
പാലിക്കാതെ അവിടവിടെ തോന്നിയതുപോലെയാണു സമയമാപിനികൾ ഭിത്തികളിൽ
നിരത്തിയിരിക്കുന്നത്.

‘ഇത്രയധികം ക്ലോക്കുകളോ…!’ രവി ആശ്ചര്യപ്പെട്ടു
‘നിങ്ങളെപ്പോലെയുള്ളവർ കൊണ്ടുതന്നതാ, നന്നാക്കാൻ…!’
‘നന്നാക്കിയിട്ടു തിരികെ കൊണ്ടുപോകാറില്ലേ…?!’
‘ചിലർ വന്നു വാങ്ങിക്കും, മറ്റു ചിലർ പിന്നെ വാങ്ങിക്കാം എന്നു പറയും. ചില മിടുക്കന്മാർ ഈ വഴിക്കേ വരാറില്ല, അങ്ങനെ അനാഥമായ ക്ലോക്കുകൾ ഏറെയുണ്ട്…!’

‘അങ്ങനെ അനാഥം എന്നു പറയാമോ? ഇപ്പോ നിങ്ങളല്ലേ ഇതിന്റെയൊക്കെ നാഥൻ.!’
ഇതു കേട്ടപ്പോൾ കലാനാഥൻ തുറന്നു ചിരിച്ചു. എന്നാൽ ആ ചിരി കാറ്റിലും മഴയിലും
അലിഞ്ഞുപോയി.

‘സമയം നോക്കിയോ…?’ കലാനാഥൻ
സമയം തിരഞ്ഞ് രവി പിന്നെയും ഭിത്തികളിലെ സമയമാപിനികളിലേക്കു തിരിഞ്ഞു. ഒരു
ക്ലോക്കിൽ അഞ്ചു മണി എന്നു കണ്ടു.
സമയം അഞ്ചുമണി തന്നെയെന്ന് ഉറപ്പിക്കുന്നതിനായി മറ്റൊരു സമയമാപിനിയിലേക്കു നോക്കി.
അതിന്റെ കാലസൂചികൾ 3.30 എന്നു കാണിച്ചു.

‘ങേ…!?’ അയാൾ അമ്പരന്നു. ശരിയായ സമയം ഏതെന്നറിയാനായി രവി മറ്റൊരു
സമയമാപിനിയിലേക്കു നോക്കി, അതിൽ 6 മണി.

‘ശ്ശെടാ…?’ രവി ചിന്താക്കുഴപ്പത്തോടെ മറ്റൊരു ക്ലോക്കിലേക്കു നോക്കി. അതിൽ സൂചികൾ 1.10 ൽ
നിശ്ചലമാണ്. അയാൾ ഉടനെ മറ്റൊന്നിലേക്കു നോക്കി അതിനു സൂചികളേ ഉണ്ടായിരുന്നില്ല.
മറ്റൊന്നിനു സമയത്തെ സൂചിപ്പിക്കുന്ന അക്കങ്ങളേ ഇല്ലായിരുന്നു. ഇനിയൊരു
സമയമാപിനിയാകട്ടെ ഉള്ളിലുള്ള യന്ത്രങ്ങളെ പുറത്തുകാട്ടി നിൽക്കുകയാണ്.

ഇതിനു പുറമേ ത്രിമുഖം, ചതുർമുഖം, ഷഡ്മുഖം, വൃത്തം, ദീർഘവൃത്തം, ദീർഘചതുരം, വെള്ളത്തുള്ളി, കിളി, ആന, പുഷ്പം, ഇല തുടങ്ങി പ്രപഞ്ചത്തിലെ ആകൃതികളെ മിക്കതിനെയും ആവാഹിച്ച സമയമാപിനികൾ. എത്രയെത്ര ആകൃതിയിലുള്ള ക്ലോക്കുകൾ…! ഇതെല്ലാം കണ്ടപ്പോൾ കാലത്തിന്റെ ഏതു സന്ധിയിലാണു താൻ നിൽക്കുന്നതെന്ന ചിന്താക്കുഴപ്പമായി. പിന്നെ രവിയുടെ കാലബോധം അസ്തമിച്ചപോലെയായി.

‘സമയം നോക്കിയോ…?’ കലാനാഥൻ ചിരിയോടെ, ഭൂതക്കണ്ണാടി മാറ്റാതെ ചോദിച്ചു.
രവി വിസ്മയഭരിതനായി അയാളെ നോക്കി അമ്പരന്നു. ചുറ്റും സമയമാപിനികൾ നിരന്നിരുന്നിട്ടും
സമയം നോക്കാനോ തിരിച്ചറിയാനോ കഴിയാത്ത ദുരവസ്ഥ. പലതും പല സമയമാണ്
കാണിക്കുന്നത്. ഇതിൽ യഥാർത്ഥ സമയം ഏതാണ്?

മഴയുടെ വീര്യം കൂടി, അന്തരീക്ഷം വീണ്ടും ഇരുണ്ടുമൂടി. സമയം തിരിച്ചറിയാനാവാത്ത വിധം
ദിനസ്ഥിതി വല്ലാതെ മാറിയിരിക്കുന്നു.
‘ഇതിൽ ഏതാണ് യഥാർത്ഥ സമയം…?’ രവി തെല്ല് പരിഭ്രമത്തോടെ ചോദിച്ചു.

‘നിങ്ങൾ നോക്കി പറയൂ…’
‘എനിക്കു മനസിലാകുന്നില്ല, ഓടുന്ന ക്ലോക്കുകൾപോലും ഒരുപോലെയല്ല സമയം
കാണിക്കുന്നത്…!’ രവി
‘എന്നാൽ ഇതിലൊരു ക്ലോക്ക് നിങ്ങൾ തിരക്കുന്ന സമയം കാണിക്കുന്നുണ്ട്.’ ഒരു കടങ്കഥ പോലെ
കലാനാഥൻ പറഞ്ഞു.

രവി തന്റെ സമയം തിരഞ്ഞു ക്ലോക്കുകളിലേക്കു വീണ്ടും നോക്കി. ഇതിൽ ഏതാണ് യഥാർത്ഥ
സമയം?, അഥവാ താൻ തിരക്കുന്ന സമയം…!

ക്ലോക്കുകളിലെ വിവിധ സമയങ്ങൾ രവിയുടെ കാലബോധത്തെ വീണ്ടും കശക്കിയെറിഞ്ഞു.
കാലചിന്തയിൽ ചാക്രികമായ മനസ് പൊടുന്നനെ നിശ്ചലമായി. അയാൾ നിരാനന്ദത്തോടെ
കണ്ണുകൾ മേൽപോട്ട് ഉയർത്തി.

‘രവീ… നിങ്ങളുടെ സമയം തീരുമാനിക്കുന്നതു നിങ്ങളല്ല, സമയം നിങ്ങളെ തേടിവരും,
കാത്തിരിക്കുക…’ കലാനാഥൻ തത്ത്വചിന്തകനെപ്പോലെ പതുക്കെ പറഞ്ഞു.
കടയുടെ മുമ്പിലൂടെ ഒരു ആംബുലൻസ് പാഞ്ഞുപോയി. പുറത്തേക്കു നോക്കിയ കലാനാഥൻഗൗരവത്തിൽ, ആരോടെന്നില്ലാതെ പിറുപിറുത്തു-

‘കോവിഡ്…’

രവി മറുപടി പറയാനാവാതെ, താൻ ചെറുതായ പോലെ കലാനാഥനെ സൂക്ഷിച്ചു നോക്കി. ഇനി
സമയമറിയാൻ സമയമാപിനികളിലേക്കു നോക്കിയിട്ടു കാര്യമില്ലെന്നു രവിക്കു തോന്നി.
നിശൂന്യമനസോടെ അയാൾ അവിടെ നിശ്ചലനായി ഇരുന്നു. കലാനാഥൻ രവിയെ നാക്കി
നിഗൂഢമായ അർത്ഥങ്ങൾ ഒളിപ്പിച്ചു പുഞ്ചിരിച്ചു. രവി തെല്ലു വിളറി.

കലാനാഥൻ ഭൂതക്കണ്ണാടിയിലൂടെ നോക്കി കാലസൂചികളെ നിയന്ത്രിക്കുന്ന ജോലി തുടർന്നു.
സമയമറിയാതെ, തിരികെ പോകാനായി രവി എഴുന്നേറ്റു.
‘പോവുകയാണ്.’ രവി

അപ്പോൾ കലാനാഥൻ ഭൂതക്കണ്ണാടി ഊരിമാറ്റിയിട്ടു ഇരുകൺകളാൽ രവിയെ നോക്കി നന്നായി
ചിരിച്ചു. പിന്നെ പറഞ്ഞു-
‘ഇതാണ് കൃത്യസമയം…!’
‘അതേയോ…?!’
‘അതേ…എല്ലാം സമയത്തെ ആശ്രയിച്ചിരിക്കുന്നു…!’

കലാനാഥന്റെ ആ വാക്കുകൾ രവിയുടെ അന്തരാത്മാവിൽ സൂചിമുനപോലെ കൊണ്ടുകയറി.
ഇതിനു മറുപടി പറയാൻ രവിക്കു കഴിഞ്ഞില്ല. എന്നാൽ എന്തൊക്കെയോ കാര്യങ്ങൾ മനസിൽ
നിറയുന്നതായി തോന്നി. രവി കലാനാഥനെ ഏതാനും നിമിഷം സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു-

‘നിങ്ങൾ കലാനാഥനല്ല, കാലനാഥനാണ്, കാലത്തിന്റെ നാഥൻ…!’
അതുകേട്ടപ്പോൾ കലാനാഥൻ ഉറക്കെച്ചിരിച്ചു. ആ ചിരി ചാറ്റമഴയോടും ചെറുകാറ്റിനോടും
ചേർന്നലിഞ്ഞ് ദിക്കുകളിൽ ലയിച്ചു.

മഴയും കാറ്റും തെല്ലു ശമിച്ചിരുന്നു.
രവിയുടെ മനസിൽ പതിയെ ആശ്വാസം അങ്കുരിച്ചു. അയാൾ സമയമാപിനികളിൽ നിന്നു
മുക്തനായി പുറത്തേക്കിറങ്ങി.

കഥ പൂർണമാകുന്നു…

×