Advertisment

അബു ഇരിങ്ങാട്ടിരിയുടെ ദേശം ചേറുമ്പാണ്. വെള്ളാരങ്കല്ലുകള്‍ നിറഞ്ഞ, ഒലിപ്പുഴ ശാന്തമായി ഒഴുകുന്ന സ്വച്ഛന്ദ ഗ്രാമം... (പുസ്തക പഠനം 'ചേറുമ്പിലെ കാക്കകൾ')

New Update

publive-image

Advertisment

-ഡോ. മിനിപ്രസാദ്‌

അബു ഇരിങ്ങാട്ടിരിയുടെ ദേശം ചേറുമ്പാണ്. ചാമക്കുന്നും കൂമ്പന്‍മലയും പര്യേത്തിമലയും ചേര്‍ന്ന് അതിരിട്ട് ചുററി സംരക്ഷിക്കുന്ന ചേറുമ്പ്. വെള്ളാരങ്കല്ലുകള്‍ നിറഞ്ഞ ഒലിപ്പുഴ ശാന്തമായി ഒഴുകുന്ന ചേറുമ്പില്‍ എല്ലാത്തിനും സാക്ഷിയാവുന്നത് കുന്നും ആല്‍മരവുമാണ്.

സദാ വീശിയടിക്കുന്ന ഏറനാടന്‍ കാററിന്റെ കുളിര്‍മ്മയും പാണോക്കായയുടെ മധുരവും പറങ്കൂച്ചിമരങ്ങളുടെ തണുപ്പും നിറഞ്ഞതാണ് ചേറുമ്പ്.ഇവിടെ മഞ്ഞവെയില്‍ തൂവി സന്ധ്യ പൂക്കുകയും ആല്‍മരത്തിന്‍െറ ഇലകള്‍ കലപില കൂട്ടുകയും ചെയ്യും.

"കുഞ്ഞിപ്പക്ഷികള്‍ ശ്വാസം മുട്ടി കരയുമ്പോള്‍" പകയോടെ കുന്ന് കത്തും. അത്രക്ക് സജീവാവസ്ഥയായി ചേറുമ്പ് കഥയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ആല്‍മരവും കുന്നിന്‍പുറവും ചേര്‍ന്ന് അതിരിടുന്ന സ്വച്ഛന്ദഗ്രാമത്തില്‍ത്തന്നെയാണ് സാമൂഹ്യാസമത്വങ്ങളാല്‍ ദുര്‍ബലപ്പെട്ടുപോകുന്ന ഒരു പാട് നിസ്സഹായരെ അബു ഇരിങ്ങാട്ടിരി കാണുന്നത്.

നിസ്സഹായതയുടെ അടിസ്ഥാന കാരണം മതത്തിന്റെ കാവലാളുകളാണ് എന്ന തിരിച്ചറിവ് ആ മതനീതികളോടുള്ള രൂക്ഷമായ വിമര്‍ശനമാക്കി ഈ കഥകളെ പരിവര്‍ത്തനപ്പെടുത്തുന്നു. മതസ്ഥാപനങ്ങളും അതിന്‍റെ കാവലാളന്‍മാരും എന്നും ആലംബഹീനര്‍ക്കും ആശയറ്റവര്‍ക്കും അഭയമാവേണ്ടതുണ്ട്.

ദൈവത്തിനു മുമ്പില്‍ എല്ലാവരും സമന്‍മാരായതിനാല്‍ മതത്തിലും അതങ്ങനെത്തന്നെ ആയിരിക്കേണ്ടതുമുണ്ട്. എന്നാല്‍ ഇതൊക്കെ നമ്മുടെ പ്രത്യാശകള്‍ മാത്രമാണ്. ഇതിനപ്പുറത്തെ യാഥാര്‍ഥ്യം മതം പണക്കാരനൊപ്പമാണ് എന്നതും അത് മററു ചിലര്‍ക്ക് ഒരു വരുമാനസ്രോതസ്സാണ് എന്നതുമാണ്. അബു ഇരിങ്ങാട്ടിരിയുടെ കഥകളില്‍ ഈ രണ്ടു തലങ്ങളും കാണാം.

പരലോകജീവിതമാണ് ഇഹലോകജീവിതത്തേക്കാള്‍ മനുഷ്യനെ എന്നും ഭയപ്പെടുത്താറുള്ളത്.മറെറാരു തരത്തില്‍ പറഞ്ഞാല്‍ പരലോകജീവിതം സുന്ദരവും സുഗമവുമാക്കാനുള്ള ഒരു പരിശീലനം മാത്രമാണ് ഇഹലോകത്തിലെ നാളുകള്‍.

നരകത്തിലെ നിത്യാഗ്നിയും വിറകും ചൂടുമൊക്കെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മതപൗരോഹിത്യം എപ്പോഴും നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ഭയം വിശ്വാസികളില്‍ നിറച്ച് ചോദ്യം ചെയ്യലുകള്‍ക്കതീതരായി അവര്‍ ഉയര്‍ന്നു നില്‍ക്കുകയും മററുള്ളവരുടെ പരലോകജീവിതം നന്നാക്കി നന്നാക്കി ഇഹലോകജീവിതത്തില്‍ അവര്‍ കൊഴുക്കുകയും ചെയ്യുന്നു.

ചേറുമ്പിലെ ആലു ഹാജിയെപ്പോലെ, ആലസ്സന്‍ മൊല്ലാക്കയെപ്പോലെ ആരുടെ ജിവിതത്തിലും എപ്പോഴും കടന്നു ചെല്ലാനും ആരേയും കടന്നുകയറി ഭരിക്കാനും സ്വാതന്ത്ര്യമുള്ളവരാണവര്‍. അവരുപയോഗിക്കുന്ന ഭാഷയുടെ രൂക്ഷതയോ സഭ്യതയോ ഒന്നും പ്രശ്നമേയല്ല.

ചേറുമ്പ് എന്ന സ്വച്ഛന്ദസുന്ദരമായ ഗ്രാമം ഒരു ഒളിത്താവളവും ആയുധസംഭരണശാലയുമാണ് എന്നത് ഒരു ദിവസം പൊടുന്നനെ ഉണ്ടായ ദു:സ്വപ്നമൊന്നുമല്ല. (മൂന്നാം ലോകഭീകരനും പുതിയ രാസായുധവും എന്ന കഥ). ഏതു സ്വച്ഛന്ദഗ്രാമത്തിന്റെയും ഗതി അങ്ങനെയൊക്കെയാവാം.

ഇതൊന്നും ഒരു ഞെട്ടല്‍ പോയിട്ട് അദ്ഭുതം പോലും നല്‍കുന്ന വാര്‍ത്തകളല്ല. കാരണം നമുക്കു ചുററുമിപ്പോള്‍ "സന്ധ്യക്കു ചുവക്കുന്ന കലകളാ"ണുള്ളത്. ഈ കവലകളിലെ പോര്‍വിളികളില്‍ മനം നൊന്ത്, മക്കളെയോര്‍ത്ത് നെഞ്ചുപൊട്ടുന്ന അമ്മമാരുണ്ട്. മനുഷ്യന്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നതെന്തിനാണെന്നറിയാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞായിശുവിന്‍െറ ഒരു ആത്മഗതം ഈ കഥയിലുണ്ടല്ലോ?

ഇതേ പകര്‍പ്പാണ് നാമൊക്കെ പേറുന്നത്.എന്നാലും പൊതുവായ സമാധാനം എന്ന സങ്കല്‍പ്പത്തിലധിഷ്ഠിതമായ "ശാന്തിയാത്രകള്‍" വേണ്ടുവോളമുണ്ട്.പക്ഷെ, അവിടെയും നമുക്ക് ഏതെങ്കിലും ഒരു ചേരി ആവശ്യമാണ്.ഹിന്ദു ചേരിയോ മുസ്ലിം ചേരിയോ ക്രിസ്ത്യന്‍ ചേരിയോ അല്ലാത്ത ഒരു നിലനില്‍പ്പ് അസാദ്ധ്യമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഒരു തരം പൊള്ളുന്ന ചിരിയായി, അതിന്റെ അലകളായി സഞ്ചരിക്കുന്ന വികൃതചിരി കഥയിലുടനീളം പരന്നു കിടക്കുന്നു. അല്‍പ്പം ഹാസ്യം നിറഞ്ഞ വാക്കുകളിലൂടെ അബു പകര്‍ന്നുതരുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ പരസ്പരസ്നേഹവും ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ട ഒരു കാലത്തിന്‍റെ സന്തതികളാണ് നാം എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

വിശ്വാസവും സ്നേഹവും പരസ്പരബന്ധങ്ങളൂമൊക്കെ സ്വന്തം സമുദായാംഗങ്ങളിലേക്ക്, ജാതിക്കാരിലേക്ക് ഒക്കെ ചുരുക്കി വെക്കേണ്ടതാണ് എന്ന തീര്‍പ്പിലേക്ക് നിര്‍ബന്ധപൂര്‍വ്വം വലിച്ചിഴക്കപ്പെടുമ്പോള്‍ മതേതരത്വം,മനുഷ്യമഹത്വം, മാനുഷികമൂല്യങ്ങള്‍ ഇവയൊക്കെ കേള്‍ക്കാന്‍ സുഖമുള്ള ചില പദങ്ങള്‍ മാത്രമാവുന്നു. പൊതുവേദികളിലെ പ്രസംഗവിഷയങ്ങള്‍ മാത്രമാവുന്നു.

സ്വാദ്, രുചി,ഇവ രണ്ടും നൈസര്‍ഗീകമായ രണ്ട് വികാരങ്ങള്‍ക്കപ്പുറത്ത് ആഘോഷിക്കപ്പെട്ടത് കമ്പോളവത്കൃത സാമൂഹ്യവളര്‍ച്ചയോടെയാണ്. പരസ്യങ്ങള്‍ അതേ ആസ്വാദനത്തിന്റെ തലത്തിലേക്ക് സ്ത്രൈണതയേയും പ്രതിഷ്ഠിച്ചു. ഇളം മൂരിക്കുട്ടിക്ക് വില പറഞ്ഞുറപ്പിക്കുന്ന സംഘം വൈകുന്നേരത്തേക്ക് "നൈപജ്ജി"നെ അന്വേഷിച്ചു പോകുന്നത് "സിന്ധിപ്പശു"വിലുണ്ട്.

മ്പകായിള്ളോരും കമ്പള്ളോരും നക്ക്യാപ്പോരേ?' എന്ന ചോദ്യം മൂരിക്കുട്ടനും വിലാസിനിക്കും ബാധകമാണ്. പറങ്കൂച്ചിക്കാടുകളും ഒഴിഞ്ഞ പാടങ്ങളും അറക്കാനും ഓഹരി വെക്കാനും തോലു പൊളിക്കാനുമൊക്കെയുള്ള ഇടങ്ങളായി മാറുന്നു.

ഇത്രയും ഇടങ്ങള്‍ മാത്രമല്ല, വീടിനുള്ളില്‍ത്തന്നെ "ഭീകരജന്തു"ക്കള്‍ക്ക് ഒളിച്ചിരിക്കാവുന്ന താവളങ്ങള്‍ നാം ഒരുക്കിക്കൊടുക്കുന്നതായി "ഭീകരജന്തു"വില്‍ അബു ഓര്‍മ്മപ്പെടുത്തന്നു. ഭാര്യയറിയാതെ ഒളിച്ചിരുന്നു കാണുന്ന സി. ഡി.കളെ ഭീകരജന്തുക്കളോട് ചേര്‍ത്തു വായിക്കാം.

വിവാഹപ്രായം നിയമാനുസൃതമായി നിശ്ചയിച്ചിട്ടും ബാലവിവാഹങ്ങള്‍ വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപകമാണ്. ബാലവിവാഹങ്ങളുടെ ദുര്‍വിധിയിലേക്ക് കടന്നുപോവേണ്ടി വന്ന പെണ്‍നൊമ്പരങ്ങള്‍ ഈ കഥാലോകത്ത് കേള്‍ക്കാം.

"കുഞ്ഞി"ക്ഷികളുടെ ശ്വാസംമുട്ടിക്കരച്ചിലും മരണവും" എന്ന വിശേഷണമാണ് അവര്‍ക്കായി കഥാകൃത്ത് കണ്ടെത്തുന്നത്.സ്വപ്നങ്ങളുടെ തേരിലേറി പൂത്തുമ്പികളെ കണ്ടു നടക്കുന്നതിനിടയിലാണ് കല്ല്യാണം. ഇരട്ടിയോ അതിലും അധികമോ പ്രായമുള്ള ഒരാളുമായി. അതോടെ ജീവിതം ദുരന്തത്തിന്റെ തീപ്പുഴയാവുന്നു.

തീക്കടല്‍ എന്നാണ് സാധാരണ പ്രയോഗിച്ച് കണ്ടിട്ടുള്ളത്, എന്നാല്‍ അബു ڊതീപ്പുഴ' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. അത് ശ്രദ്ധാര്‍ഹവുമാണ്. ഒലിപ്പുഴയുടെ സ്വച്ഛന്ദമായ ഒഴുക്കാണ് ഈ കഥാലോകത്തിന്റെ കുളിര്‍മ്മ. അത് തീപ്പുഴയായി മാറുന്നു എന്നതുകൊണ്ടുതന്നെ തീപ്പുഴ എന്ന പ്രയോഗം അര്‍ഥപൂര്‍ണ്ണമാണ്.

ഗ്രീഷ്മം, ഉരുകിത്തീരാത്ത മഞ്ഞുതുള്ളികള്‍, പൂവന്‍കോഴി, ഉച്ചച്ചൂട് ഇവയിലെല്ലാം കുഞ്ഞിപ്പക്ഷികളൂടെ കരച്ചിലുണ്ട്. തീപ്പുഴ മറികടക്കാനവര്‍ക്ക് ആവുന്നുമില്ല.

അലിവിന്റെ ഒരു വലിയ ആല്‍മരമുണ്ട് അബു ഇരിങ്ങാട്ടിരിയുടെ കഥാലോകത്ത്. ഭാരതീയ സംസ്കാരത്തില്‍ത്തന്നെ ആല്‍മരം അലിവിന്റെ ഭാവമാര്‍ജ്ജിക്കുന്നു.

സിദ്ധാര്‍ഥനില്‍ നിന്ന് ബുദ്ധനിലേക്കുള്ള ദൂരം ഒരു ആല്‍മരമാണ്. ചേറുമ്പിലും ഭ്രാന്തിക്കും പ്രവാസികള്‍ക്കും കുട്ടികള്‍ക്കും ഒരേ പേലെ അഭയമേകി ഈ ആല്‍മരം നില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് മിഠായി ചൊരിയുന്ന അലിവുമരമായും അത് മാറുന്നുണ്ട്.

ആല്‍മരത്തിന്റെ ഇലകളില്‍ കാററു തട്ടുന്ന മര്‍മ്മരമാണ് ചേറുമ്പിന്‍റെ ജീവിതതാളം. ഏറനാടന്‍ ഭാഷയുടെ താളമാണ് അബു ഇരിങ്ങാട്ടിരിയുടെ കഥകളെ ജീവസ്സുററതാക്കുന്നത്. നേര്‍ത്തുതണുത്ത ഏറനാടന്‍ കാററുപോലെ ആ ഭാഷാപ്രയോഗങ്ങള്‍ കടന്നുവരുന്നു.

"വെയില്‍ക്കായല്‍", "ഉച്ചക്കനപ്പ്" എന്നിങ്ങനെ വ്യതിരിക്തമായ വാക്കുകളും "മാണിക്കക്കല്ലേ" എന്ന വിളിയുടെ സ്നേഹസ്പര്‍ശങ്ങളും "പേടിയുടെ കാട്ടുപൂക്കള്‍" എന്നിങ്ങനെ വളരെ വ്യത്യസ്തമായ ബിംബങ്ങളുമൊക്കെയാണ് ഈ ചേറുമ്പ് കഥകളെ മലയാളസാഹിത്യത്തില്‍ വ്യത്യസ്തമാക്കുന്നത്.

(പൂർണ്ണ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ചേറുമ്പിലെ കാക്കകൾ എന്ന പുസ്തകത്തിന് എഴുതിയ പഠനത്തിൽ നിന്നും)

cultural
Advertisment