Advertisment

'തമ്പ്രാന്‍ ഖലീഫ' വ്യത്യസ്ത നോവൽ... അബു ഇരിങ്ങാട്ടിരി ഏറനാടന്‍ മിത്തുകളുടെ കഥാകാരന്‍ (പുസ്തക നിരൂപണം)

New Update

-റഹ്മാന്‍ കിടങ്ങയം

Advertisment

publive-image

മലയാള കാഥാലോകത്തേയ്ക്ക് ഏറനാടന്‍ പുരാവൃത്തങ്ങളെ സന്നിവേശിപ്പിച്ചെടുത്ത കഥാകാരനാണ് അബു ഇരിങ്ങാട്ടിരി. ചേറുമ്പ് എന്ന ദേശത്തിന്‍റെ പെരുമയും പുരാവൃത്തവും ജനജീവിതവും രേഖപ്പെടുത്തുന്നതിലൂടെ ഏറനാടിന്‍റെ ഭൂതകാല ചരിത്രം, ഐതിഹ്യങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ കോറിയിട്ടുകൊണ്ട് കഥയെഴുത്തിന്‍റെ തനത് രചനാകൗശലം പ്രകടമാക്കിയ കഥാകാരനാണ് അബു.

സ്വന്തം പാരമ്പര്യത്തെയും കുടുംബാന്തരീക്ഷത്തെയും ചുററുപാടിനേയും കഥയാക്കി രൂപപ്പെടുത്തി ഏറനാടന്‍ സ്ത്രീകളുടെ ദുരിതജീവിതത്തിലേക്കും പൂരോഹിത്യത്തിന്‍റെ അവസരവാദത്തിലേക്കും സാമൂഹ്യവിമര്‍ശനത്തിന്‍റെ തീച്ചൂട്ടുമായി കടന്നു ചെന്ന ഈ കഥാകാരന്‍ എഴുത്തിന്‍റെ വഴിയില്‍ കാണിച്ച തന്‍റേടവും ആത്മാര്‍ഥതയും അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്.

അബു ഇരിങ്ങാട്ടിരിയെ ഏറനാടന്‍ മിത്തുകളുടെ കഥാകാരന്‍ എന്നു വിളിക്കാം. നോവലായാലും കഥയായാലും അതിന്‍റെ രചനാശില്പത്തില്‍ കൃത്യമായ ലക്ഷ്യബോധത്തോടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന മിത്തുകളുടെയും പുരാവൃത്തങ്ങളുടെയും എരിവും പുളിയും നല്‍കുന്ന വായനാരസം ചില്ലറയല്ലെന്ന് അബുവിന്‍റെ കൃതികളോരോന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഏറനാടന്‍ മിത്തുകളെ കൂട്ടുപിടിച്ച് ഭാവനയും യാഥാര്‍ഥ്യവും ഇഴപിരിയാനാവാത്ത തരത്തില്‍ നോവല്‍ ശില്‍പ്പത്തിന്‍റെ ആഖ്യാനത്തെ സവിശേഷമായ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത തമ്പ്രാന്‍ ഖലീഫ എന്ന ഭ്രമാത്മകമായ രചന വായിക്കുമ്പോള്‍ അബു ഇരിങ്ങാട്ടിരിയുടെ സര്‍ഗവിശേഷം ശരിക്കും ബോധ്യമാവും.

ഏറനാടന്‍ വാമൊഴിയുടെ തെളിമയും സൗന്ദര്യവും തുടിക്കുന്ന ഈ നോവല്‍ അതിസുന്ദരവും അത്യപൂര്‍വ്വവുമായ ഒരു വായനാനുഭവമാണ് പ്രദാനം ചെയ്യുന്നത്. ആമിനയുമ്മയുടെ മകള്‍ ഹലീമയാണ് നോവലിലെ കേന്ദ്രകഥാപാത്രം. പകലന്തിയോളം ആലുഹാജിയുടെ വീട്ടില്‍ പിടിപ്പത് ജോലി ചെയ്ത് മടങ്ങീ വന്ന്, നിസ്കാരവും ഖുര്‍ആന്‍ ഓത്തും ഭക്ഷണവും കഴിച്ച് വിളക്കൂതിയാല്‍ ആമിനയുമ്മ മകള്‍ക്കായി കഥകളുടെ കെട്ടഴിക്കുകയായി.

ഒരിക്കലും അവസാനിപ്പിക്കാന്‍ പററാത്ത കഥകള്‍. നാട്ടിലെ പഴയ സംഭവങ്ങളൊക്കെ ഹലീമ അങ്ങനെയാണ് കേട്ടറിഞ്ഞത്. പുരാതനമായ തറവാടുകളെക്കുറിച്ച്, തമ്പ്രാക്കന്‍മാരെക്കുറിച്ച്.. അവരുടെ കണക്കില്ലാത്ത ഭൂസ്വത്തുക്കളെക്കുറിച്ച്, തമ്പ്രാക്കന്‍മാരുടെ സുഖജീവിതത്തെക്കുറിച്ച്, അവരുടെ കമ്പങ്ങളെയും വാശികളെയും കുറിച്ച്, എണ്ണമററ കഥകള്‍.

കഥയുടെ താളത്തില്‍ ലയിച്ച് ഹലീമ ഉറക്കത്തിന്‍െറ പരവതാനിയില്‍ മലര്‍ന്നു കിടക്കും.

കഥകള്‍ കേട്ട്, കേട്ട് കഥയിലലിഞ്ഞുപോയ ഹലീമയുടെ മനസ്സില്‍ ക്രമേണ താന്‍ ജനിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചു മരിച്ചുപോയ ഒരു തമ്പ്രാന്‍കുട്ടി മഞ്ഞുമൂടിയ താഴ്വരയിലെ പൂത്തുലഞ്ഞ കൊന്നപോലെ നിറഞ്ഞു നിന്നു.

അന്നേരം ഖലീഫമാരുടെ നേര്‍ച്ച സംഘം ചാമക്കുന്നിന്‍െറ ചെരിവോരങ്ങളിലൂടെ അറവനയും ദഫും മുട്ടി പോവുന്നതും സൂചിക്കുത്തിന്‍െറ സുഖം പോലെ അവരുടെ ഗോത്രസംഗീതത്തിന്‍റെ അലയൊലികള്‍ അവളില്‍ നിറയുന്നതും ഹലീമയറിഞ്ഞു.

പച്ചഷാളഞ്ഞിഞ്ഞ, പൈജാമയും കുര്‍ത്തയുമണിഞ്ഞ ഖലീഫയുടെ കണ്ണുകളിലെ പ്രകാശഗോളങ്ങളിലും കരുത്തിന്‍െറ നിറമേനിയിലും അവള്‍ സ്വപ്നത്തിലെ തമ്പ്രാന്‍റെ ഛായാതിളക്കം കണ്ടു.

ഉച്ചച്ചൂടിന്‍െറ കനത്ത നിശബ്ദതയില്‍, ചെങ്കല്ലരച്ചു മിനുസപ്പെടുത്തിയ ചുവന്ന മണ്‍തിണ്ണയില്‍ കമിഴ്ന്നുകിടന്ന് ഹലീമ കിനാത്തുമ്പിലൂടെ ഉല്ലാസയാത്ര നടത്തുമ്പോള്‍ തമ്പുരാന്‍ ഉത്തരീയം ചുററി, മോഹനരാഗം മൂളി അവള്‍ക്കരികിലേക്കു നടന്നുവന്നു.

അത് തമ്പ്രാനാണോ ഖലീഫയാണോ എന്ന ആശയക്കുഴപ്പം അവളില്‍ നിലതെററി. ചിലപ്പോള്‍ തമ്പ്രാനായും ചിലപ്പോള്‍ ഖലീഫയായും അവളെ പുല്‍കിയ ആ മതിഭ്രമത്തെ അവള്‍ "തമ്പ്രാന്‍ ഖലീഫ" എന്നു വിളിച്ചു.

പര്യേത്തി മലയില്‍ വിറകിനു പോയപ്പോഴാണ് ഹലീമയ്ക്ക് ആദ്യമായി സ്ഥലജലഭ്രമം സംഭവിക്കുന്നത്. സൈനബയും അമ്മുക്കുട്ടിയും കുഞ്ഞായിശയുമൊത്ത്, ജഢാവസ്ഥയില്‍ കിടക്കുന്ന ഉണക്കമരം മഴുകൊണ്ടും മടാക്കത്തികൊണ്ടും വെട്ടിക്കീറുന്നതിനിടയ്ക്കാണ് ഹലീമയില്‍ കുഴല്‍വിളി ഉണരുന്നത്. ഉള്ളില്‍ അറവനമുട്ടിന്‍റെ താളം കൊഴുത്തത്.

കണ്ണുകളിലേക്ക് മഞ്ഞിന്‍താഴ്വരകള്‍ ഇറങ്ങി വന്നത്. ഉടലിലൂടെ എന്തൊക്കെയോ ഓടിക്കയറുന്ന അനുഭവം. കാടിന്‍റെ തരളസീല്‍ക്കാരത്തിലേക്ക് ഹലീമ അരുമയോടെ മുഖം പൂഴ്ത്തി.

കൂട്ടം തെററിയവളെ കൂട്ടുകാരികള്‍ കണ്ടെത്തുമ്പോള്‍ അവള്‍ ഒരു കാട്ടുചോലയുടെ അരികെ പകുതി വെള്ളത്തിലും പകുതി കരയിലുമായി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. അവളില്‍ ഒരു കരു വളരുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന അറിവ് മണത്തറിഞ്ഞതും കണ്ടറിഞ്ഞതും ഈ കൂട്ടുകാരികളാണ്. അത് ജനനിയേയും ജനത്തേയും അറിയിച്ചതും ഇവര്‍ തന്നെ.

എന്നാല്‍ കരുവിന്‍റെ കാരണക്കാരനെ ചോദിച്ചവരുടെ നേര്‍ക്ക് അവള്‍ കനത്ത മൗനത്തിന്‍റെ മതിലു തീര്‍ത്തു. അവസാനം നാട്ടുപ്രമാണിയായ മരക്കാര്‍ ഹാജി തന്നെ വന്നു. മരക്കാര്‍ ഹാജിയുടെ കാര്യസ്ഥന്‍ കുഞ്ഞിത്തേനു വന്നു. വില്ലന്‍ കുഞ്ഞാലന്‍ വന്നു.

ശബ്ദത്തിന് വെടിയുണ്ടയുടെ ശക്തിയുള്ള മരക്കാര്‍ ഹാജിയുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ കൂസലില്ലാതെ നിന്ന ഹലീമ ധിക്കാരിയായി. ആ ധിക്കാരം കണ്ടു സഹിക്കാതെ കാര്യസ്ഥന്‍ കുഞ്ഞിത്തേനു കഠാര വലിച്ചൂരിയെടുത്ത് അവളുടെ നേരെ പാഞ്ഞടുത്തു. പെട്ടെന്ന് അവള്‍ കുഞ്ഞിത്തേനുവിനെ നോക്കി അത്യുച്ഛത്തില്‍ പൊട്ടിച്ചിരിച്ചു. ചിരിയുടെ കനപ്പില്‍ അയാളുടെ കൈയില്‍നിന്നും കഠാര താഴെ വീണുപോയി.

പൊട്ടിച്ചിരി ചാമക്കുന്നും കേക്കേകുന്നും താണ്ടി പര്യേത്തി മലയും കൂമ്പന്‍ മലയും തുളച്ചു കയറി. ചിരിയുടെ അലകള്‍ ചെന്നിടത്തുനിന്നെല്ലാം പുരുഷാരം ഓടിക്കൂടി. തന്‍റെ കുടിലിനു മുമ്പില്‍ തടിച്ചുകൂടിയ പുരുഷാരത്തോട് ഹലീമ സൗമ്യയായി പ്രഖ്യാപിച്ചു: തന്‍റെ വയററില്‍ വളരുന്ന കുഞ്ഞിന്‍റെ തന്ത ജിന്നാണ്. ഒരു സല്‍ജിന്ന്.

ഹലീമയുടെ ഗര്‍ഭവും ശൈത്താന്‍ കൂടലും നാട്ടില്‍ പാട്ടായി. ജിന്നാണെങ്കിലും ശൈത്താനാണെങ്കിലും അതിറക്കി ഗര്‍ഭത്തിനുത്തരവാദിയായവനെ കണ്ടുപിടിക്കാന്‍ പേരുകേട്ട മന്ത്രവാദിയായ മമ്മിക്കുട്ടി മൊല്ല നിയുക്തനായി. അരയില്‍ നിറയെ കത്തികളുമായി നടക്കുന്ന വില്ലന്‍ കുഞ്ഞാപ്പയെയും കാര്യസ്ഥന്‍ കുഞ്ഞിത്തേനുവിനെയും വിറപ്പിച്ച, ആരെയും കൂസാത്ത ചെകുത്താത്തിപ്പെണ്ണിനെ നേരിടാന്‍ കരുതലോടെ തന്നെയാണ് മമ്മിക്കുട്ടി മൊല്ല ചെന്നത്.

ലോഹത്തകിടുകളും ഏലസ്സുകളും പച്ചമരുന്നുകളും പൊതിഞ്ഞു കെട്ടിയ വര്‍ണ്ണക്കൂടും അറബി-മലയാളത്തിലുള്ള മന്ത്രപുസ്തകവും ഉഴിഞ്ഞറുക്കാന്‍ മൂന്നു കോഴികളും കുറുവടിയും പിച്ചാംകത്തിയുമടങ്ങിയ സന്നാഹങ്ങളുമായി വന്നിട്ടും ഹലീമയുടെ മുന്നില്‍ നിന്ന് മമ്മിക്കുട്ടിക്ക് പരാജയപ്പെട്ട് തിരിഞ്ഞോടേണ്ടി വന്നു. അവള്‍ പണ്ഡിതയോ ജിന്നോ ശൈത്താനോ എന്ന് വിസ്മയപ്പെട്ട് ഇരുട്ടിലൂടെ പേടിച്ചോടുമ്പോള്‍ അവള്‍ പറഞ്ഞ കാര്യം മൊല്ലാക്കയെ തളര്‍ത്തി:

"എന്‍റെ കുഞ്ഞിന്‍റെ ബാപ്പ ഒരു ഇസ്ലാം ജിന്നാണ്. എന്താ, സംശയമുണ്ടോ?" ഇസ്ലാം ജിന്നില്‍നിന്ന് ഗര്‍ഭം ധരിച്ച ഹലീമ വെള്ളിയാഴ്ച രാവുകളില്‍ ഉന്‍മാദിനിയായി. ചെറിയ കരിങ്കല്‍ക്കഷ്ണത്തിന്‍റെ വലുപ്പമുള്ള തീക്കട്ട ചട്ടുകം കൊണ്ട് കൈവെള്ളയിലേക്കു കോരിയിട്ട് വീട്ടിനു പുറത്തിറങ്ങി ഉലയ്ക്കുന്ന പൊട്ടിച്ചിരിയുമായി അവള്‍ ഉച്ചവെയിലിലൂടെ നടന്നു.

അറ അടിച്ചു വൃത്തിയാക്കി, കരി കൊണ്ട് നിലം മെഴുകി, കുഴമ്പു പരുവത്തിലാക്കിയ ചെമ്മണ്ണ് ദേഹം മുഴുവനും തേച്ചുപടിപ്പിച്ച് പകല്‍ മുഴുവന്‍ അറയില്‍ ധ്യാനത്തിലിരുന്നു. സന്ധ്യയ്ക്ക് പുളിയന്തോട്ടില്‍ പോയി മന്ത്രം ചൊല്ലി മുങ്ങിക്കുളിച്ചു.

കുളി കഴിഞ്ഞുവന്ന്, കാരത്തിലിട്ട് തിളപ്പിച്ച് തച്ചുതിരുമ്പിയ നിസ്ക്കാരക്കുപ്പായമിട്ട്, ഏഴുതവണ മണ്ണുപൊത്തി വെള്ളമൊഴിച്ചു കഴുകിയ പായ, പാറോത്തിന്‍റെ ഇലകൊണ്ട് ഉരച്ചു കഴുകി ശുദ്ധം വരുത്തിയ കട്ടിലിന്‍മേല്‍ വിരിച്ച് അതിലിരുന്ന് ഖുര്‍ആന്‍ ഓതി.

ക്രമേണ അഭൗമമായൊരു തേജസ്സ് ഹലീമയുടെ മുഖത്ത് കളിയാടാന്‍ തുടങ്ങി. നാളുകള്‍ പോകെ, ആരാധനകൊണ്ടും ഭവ്യതകൊണ്ടും അനുഗ്രഹം വാങ്ങാനായി ആളുകള്‍ ഹലീമക്കരികിലേക്ക് തിക്കിത്തിരക്കി വന്നു. ആട്ടിയോടിച്ചവരും അവഗണിച്ചവരും അവഹേളിച്ചവരും അവളുടെ വീട്ടിലെ നേര്‍ച്ചച്ചോറ് തിന്നാനെത്തി. അവളുടെ വീടും വളപ്പും ഉല്‍സവപ്പറമ്പായി.

കൂട്ടുപ്രാര്‍ഥനകളുടെയും ബൈത്തുകളുടെയും അലയൊലികള്‍കൊണ്ട് പരസ്പരം മാറി. ഹലീമ തേജസ്വിനിയായി ജനങ്ങള്‍ക്കായി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. എല്ലാ ആരവങ്ങളില്‍നിന്നും മനസ്സും ശരീരവും വേര്‍പ്പെടുത്തി അതീവ ഭക്തിയോടെയും കര്‍മ്മബോധത്തോടെയും മന്ത്രങ്ങള്‍ ഉരുവിട്ട് അറയ്ക്കുള്ളില്‍ ഒതുങ്ങി ഇരുന്നു.

അങ്ങനെ ഹലീമ ബീവിയായി... ഔലിയത്തിയായി.. ഒരുനാള്‍ ഖലീഫമാരുടെ ഒരു സംഘം അറവനയും ദഫും മുട്ടി വന്ന് അവളെ കൊണ്ടു പോയി. നേര്‍ത്തു തെളിഞ്ഞു വരുന്ന പ്രഭാത വെളിച്ചത്തിലൂടെ അവളേയും കൊണ്ട് ആ സംഘം പച്ചപ്പാര്‍ന്ന വയല്‍വരമ്പിലൂടെ ഒരു ജാഥയായി പാടിപ്പാടി നീങ്ങുന്നതും നോക്കി അപ്പോള്‍ പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന ദേഹങ്ങളോടെ ദേശക്കാര്‍ സങ്കടത്തോടെ നോക്കി നില്‍ക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

തമ്പ്രാന്‍ ഖലീഫ എന്ന നോവല്‍ വ്യത്യസ്തമാകുന്നത് മിത്തും യാഥാര്‍ഥ്യവും കൂടിക്കുഴഞ്ഞ് മാന്ത്രികമായ ഒരു അനുഭവലോകം സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ കൃതികള്‍ക്കു ശേഷം മലയാള നോവല്‍ സാഹിത്യത്തില്‍ ഭ്രമാത്മകമായ തലം ഇത്രയും നന്നായി ആവിഷ്കരിച്ച മറെറാരു കൃതിയുണ്ടോ എന്നു സംശയമാണ്.

തമ്പ്രാനും ഖലീഫയും മാറി മാറി ഒളിച്ചു കളിക്കുന്ന ഹലീമയുടെ മനസ്സിലേക്ക് വായനക്കാരന് ഒരു തീര്‍ഥാടനത്തിന്‍റെ വിശുദ്ധിയോടെ ഇറങ്ങിച്ചെല്ലാനാവും. ഹലീമയുടെ ഗര്‍ഭാവസ്ഥപോലും പ്രതീകവല്‍ക്കരിച്ച് അന്ധവിശ്വാസങ്ങളുടെയും വിശ്വാസ ദൗര്‍ബ്ബല്ല്യങ്ങളുടെയും നേരെ പരിഹാസ ശരങ്ങള്‍ തൊടുക്കുകയാണ് നോവലിസ്ററ് ചെയ്യുന്നത്.

അടിമപ്പെടാനും അപകീര്‍ത്തിപ്പെടാനും മാത്രം വിധിക്കപ്പെട്ട പെണ്ണിന് കുടഞ്ഞെറിയാനും കുതറി നില്‍ക്കാനും കഴിയണമെന്നാണ് ഹലീമ പഠിപ്പിക്കുന്ന പാഠം. ഏറനാടന്‍ ഭാഷയുടെ തെളിമയും സൗന്ദര്യവുമാണ് ഈ നോവലിന്‍റെ കരുത്തും അഴകും എന്ന് പറയാതെ വയ്യ.

കഥ പറയുമ്പോള്‍ കടിഞ്ഞാണില്ലാത്ത ഒരു കുതിരയുടെ മനസ്സാണ് അബു ഇരിങ്ങാട്ടിരി എന്ന കഥാകാരന്.

മറയില്ലാതെ തുറന്നുവെക്കലാണ് തനിക്ക് എഴുത്തെന്നും പ്രധിഷേധങ്ങളും നിലപാടുകളും രേഖപ്പെടുത്തുന്നതിനോടൊപ്പം അനുഭവിച്ചതും അനുഭവിക്കാനുള്ളതും സ്വപ്നങ്ങളുമൊക്കെ പകര്‍ത്തിവെക്കലാണെന്നും പുസ്തകത്തിന്‍െറ ആമുഖത്തില്‍ നോവലിസ്ററ് പറയുന്നുണ്ട്.

നന്‍മയുടെ ഒരു വെളിച്ചക്കീറ് എല്ലാ രചനകളിലും ഉണ്ടായിരിക്കേണമേ എന്നു പ്രാര്‍ഥിക്കുന്നുമുണ്ട്. ചേറുമ്പ് ദേശത്തെ സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് നാട്ടുപഴമകളുടെയും ഐതിഹ്യങ്ങളുടെയും ഉപ്പും മധുരവും ലയിപ്പിച്ചെടുത്ത് കഥ പറയുന്ന ഈ എഴുത്തുകാരന് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സാധ്യമാവുന്നുണ്ടെന്ന് തമ്പ്രാന്‍ ഖലീഫ എന്ന നോവല്‍ തെളിയിക്കുന്നുണ്ട്

cultural
Advertisment