കവിത

മനസ്സിരംമ്പം (കവിത)

സത്യം ഡെസ്ക്
Monday, September 20, 2021

-ബിജു ജോസഫ് കുന്നുംപുറം

എഴുതിമായിച്ച വരികളൊരു ബാഷ്പ-
ബലിയായിയെന്നെ തൊട്ടുണർത്തുന്നു.
ആശകളിണചേർന്ന് ചാപിള്ള ജനിപ്പിച്ചു
താളമറ്റടിവച്ച് മനസ്സിൽ കുഴിച്ചിട്ടു.

തെളിഞ്ഞുവിളറുന്ന ചിന്തകളിൽ നിന്നും
ഓടിയകലുവാൻ ചുവടുകൾവച്ചു ഞാൻ.
വീണ്ടുമെഴുതി ചോരകിനിയുമാ
പോയകാലത്തെ നീറുമോർമ്മകൾ.

നിറമാർന്ന സ്വപ്നങ്ങളടിവേരുനീങ്ങി
നിലതെറ്റിവീണു ചിതറിത്തെറിച്ചുപോയി.
കാർമുകിൽകൊണ്ട് മാഞ്ഞുപോയി ജീവിത –
മഴവില്ല് പോലും കരിവീണിരുണ്ടുപോയി.

ചന്ദ്രബിംബംപോൽ ശോഭയുണ്ടായിരുന്നു
മോഹങ്ങൾക്കൊരുകാലം, പോയകാലം.
ഇന്ന് നിശക്കിരുട്ടൂ പോരാ, രാവിന് നീളം പോരാ
പകലും വേണ്ട പകലോനും വേണ്ട.

തേച്ചുരച്ചിട്ടിനി കാര്യമില്ലീ ശിൽപം
കാരിരുമ്പുപോൽ നോവു പുതഞ്ഞുപോയി.
സ്വപ്‌നങ്ങൾ നട്ടതും വളമിട്ടുപോറ്റതും
ബാല്യകാലത്തെ നടവഴിക്കരികിലാ.

തിരികെ അടിവച്ചാ ബാല്യത്തിലെത്തുവാൻ
എന്തിഷ്ടമാണെന്നോ വ്യർത്ഥമാണെങ്കിലും…!!

×