രചന

പാതി മറഞ്ഞ സ്വപ്നം… (കഥ)

സമദ് കല്ലടിക്കോട്
Wednesday, September 29, 2021

-ഗീതു താനൂർ

നിർജ്ജീവമായ ഒരവസ്ഥയിലൂടെയാണ് കാലം കടന്നു പോകുന്നതെന്ന് വിനയനു തോന്നി. ജൂൺ മാസത്തിലെ വിളറിയ ചന്ദ്രൻ, മേഘക്കീറുകൾക്കിടയിൽ നിന്ന് ഒളിഞ്ഞു നോക്കുന്നു. നേർത്തതെങ്കിലും ദീർഘമായ നിശ്വാസത്തോടെ കൈകൾ കൂട്ടിത്തിരുമ്മി കൊണ്ട് അയാൾ മുറിക്കുള്ളിലേയ്ക്ക് കയറി. അർത്ഥവും രൂപവുമില്ലാത്ത ചിന്തകൾ മനുഷ്യനെ എവിടെയും കൊണ്ടെത്തിക്കില്ലെന്ന് അയാൾക്ക് തോന്നി.

അടുത്ത മുറിയിൽ ലേഖ എന്തൊക്കെയോ അടുക്കി പെറുക്കി വെയ്ക്കുന്നതിന്റെ ശബ്ദം ഒരുൾക്കിടിലത്തോടെ അയാൾ കേട്ടു. അവളെ കാണാൻ വയ്യെങ്കിലും അവളുടെ നിഴൽ വെളുത്ത ചുമരിൽ ചലിയ്ക്കുന്നത് കാണാമായിരുന്നു. വെറുപ്പോ, സ്നേഹമോ, സഹതാപമോ ഒന്നും കൂടാതെ അയാൾ വീണ്ടും ഓർത്തു.

ലേഖ തന്റെ ഭാര്യ. കഴിഞ്ഞ 5 വർഷമായി അവൾ തന്റെ ഭാര്യയാണ്. ഇപ്പോഴും അങ്ങനെയാണ്, എന്നാൽ ആ പദവിയുടെ ആയുസ് ഇനി ഏതാനും മണിക്കുറുകളുടെ സമയത്തേയ്ക്ക് മാത്രം. വഴിതെറ്റിയ നക്ഷത്രത്തെ പോലെ അവൾ അകന്നു പോകും. അനിവാര്യമായത് സംഭവിക്കാതിരിക്കില്ല.

കൃത്യമായ നാലതിരുകളിൽ ഒതുക്കാൻ വയ്യാത്ത ജീവിതം. കാലത്തിന് തടഞ്ഞു നിർത്താൻ പറ്റാത്തത്ര ഒഴുക്ക്. വീട്ടിലുള്ളവരെല്ലാം എതിർത്ത ബന്ധത്തിന് താൻ ഊടും പാവും നൽകി. സ്നേഹിച്ചിട്ട് നഷ്ടപ്പെടുന്നത് വിധിയും സ്നേഹിച്ചിട്ട് സ്വന്തമാക്കുന്നത് ഭാഗ്യവുമാണെന്ന് ധരിച്ചു. തന്റെ അനിയത്തിക്കുട്ടിക്ക് അവളെ താൻ തത്തമ്മ എന്നാണ് വിളിച്ചിരുന്നത്. ലേഖയുടെ ഫോട്ടോ കാണിച്ചപ്പോൾ അവൾ തന്നോട് പറഞ്ഞു. ഏട്ടന് ഈ കുട്ടിയെ വേണ്ടാട്ടോ !

അച്ഛനെയും അമ്മയേയും ഏട്ടൻ വേദനിപ്പിക്കരുത്. ഏട്ടൻ ഇവിടെ നിന്ന് പോയാൽ എനിക്കാരാ ഉള്ളത്. തനിക്ക് അവളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. എല്ലാം ജലരേഖകൾ പോലെ. അഞ്ച് വർഷം കഴിഞ്ഞു വീട്ടിൽ പോയിട്ട്.

ഈ ലോകത്തിലെ ഏറ്റവും സ്ഥായിയായ ഭാവം ശത്രുതയാണോ? ലേഖയുടെ സ്വഭാവത്തിൽ വൈരുദ്ധ്യങ്ങൾ ചേക്കേറിയത് അവളുടെ ഓഫീസിലെ സനൂപുമായുള്ള സൗഹ്യദത്തിലാണ്. എപ്പോഴും ജോക്കുകൾ പറഞ്ഞ് ചിരിപ്പിക്കുന്ന ലേഖയുടെ ഭാഷയിൽ ചാമിങ്ങ് പേഴ്സൺ, എല്ലാവരും ഇഷ്ടപ്പെടുന്ന തരം പേഴ്സണാലിറ്റി.

അപ്പോൾ താൻ വെറും പഴഞ്ചൻ നാട്ടുമ്പുറക്കാരനായി. ജീവിതം പകിട പോലെയാണ് അടുത്തത് എന്താണ് വരിക എന്നറിയില്ല. എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. സനൂപിന്റെ ബർത്ത്ഡെ പാർട്ടിക്ക്. അവൾ തന്നേയും വിളിച്ചു.

ഒഴിഞ്ഞു മാറാൻ നോക്കി, കഴിഞ്ഞില്ല. പോകാമെന്ന് സമ്മതിച്ചപ്പോഴാണ് അവളുടെ മുഖമൊന്ന് പ്രകാശിച്ചത്. പിറ്റേ ദിവസം ഫങ്ഷൻ കഴിഞ്ഞ് വന്നപ്പോഴാണ് അവൾ പറഞ്ഞത് ഇന്നലെ നിങ്ങളുടെ ഫോണിൽ ഒരു കോൾ വന്നു. വീട്ടിൽ നിന്നായിരുന്നു. അച്ഛന് സുഖമില്ലെന്ന് വേഗം പുറപ്പെടണമെന്ന്.

ഞാൻ പറയാതിരുന്നത്. ഫങ്ഷൻ മുടങ്ങുമല്ലോ എന്നോർത്തിട്ടാണ്. തികച്ചും നിസംഗതയോടെ, താൻ ചെന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കുറച്ച് ബന്ധുക്കൾ ഉണ്ടായിരുന്നു അവിടെ ആരും തന്നോട് മിണ്ടിയില്ല. തത്തമ്മ തന്നെ കണ്ട് ഓടി വന്നു കെട്ടി പിടിച്ചു പൊട്ടിക്കരഞ്ഞു.

അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. തന്നോട് ആരും പറഞ്ഞില്ല. അച്ഛന്റെ ഉഗ്രശാസന കൊണ്ടാവാം. തന്നെ അറിയിക്കാതിരുന്നത്. പൂമുഖത്തു കിടക്കുന്ന അച്ഛനിരിക്കുന്ന ചാരു കസേര… തന്നെ നോക്കി അട്ടഹസിക്കുന്നതായി തോന്നി.

തനിക്ക് ജോലി കിട്ടി ആദ്യമായി നഗരത്തിലേയ്ക്ക് പോകുമ്പോൾ ട്രയിൻ കയറി … താൻ തിരിഞ്ഞു നോക്കിയപ്പോൾ പുറം കൈകൊണ്ട് കണ്ണുനീർ തുടയ്ക്കുന്ന അച്ഛന്റെ രൂപം പിന്നിട് പലപ്പോഴും തന്റെ മനസിനെ ഈറനണിയിച്ചിട്ടുണ്ട്. അയാൾ പുറത്തേയ്ക്ക് നോക്കി തിരക്കൊഴിഞ്ഞ നിരത്ത് മുഖം മറച്ച പെൺകുട്ടിയെ പോലെ തോന്നുന്നു..

×