/sathyam/media/post_attachments/b2TokSkO5NSZFoHPrfhE.jpg)
-സിജി ചിറ്റാർ
അമ്മ
എല്ലാത്തിനും അവർക്ക് അമ്മ വേണം
പ്രഭാതത്തിൽ ഉറക്കം വിട്ടാലും കണ്ണു തുറക്കാതെ അമ്മയെ കണികണ്ടുണരാനായി
കണ്ണുകൾ അടച്ച് വെച്ച് അവർ അമ്മയെ വിളിക്കും.
അമ്മ അടുത്തെത്തി മോളേയെന്നൊ മോനേയെന്നോ വിളിക്കാതെ അന്നത്തെ ദിവസം ആരംഭിക്കാൻ അവർക്ക് ഇഷ്ടമല്ല.
അത്രയ്ക്ക് ഇഷ്ടമായിരുന്നു അമ്മയെ അവർക്ക്
അവർ നടപ്പിലും എടുപ്പിലും ഊണിലും ഉറക്കത്തിലും
അമ്മ അമ്മ എന്നുരുവിട്ടുകൊണ്ടിരുന്നു
അവർക്ക് മക്കളായിട്ടും അമ്മയുടെ അടുത്തെത്തിയാൽ അമ്മ തന്നെ അവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും
അവരുടെ എച്ചിൽ മടിയില്ലാതെ വാരി
അവർ ഉണ്ണുന്ന പാത്രങ്ങൾ തട്ടിയെടുത്ത് കഴുകി വെച്ചു
അവർക്കായി പാൽ കാച്ചി കിടക്കും മുമ്പ് മറക്കാതെ കുടിപ്പിച്ചു
അവരുടെ തുണികൾ കഴുകിയുണങ്ങി
മടക്കി അയൺ ചെയ്തു ഏൽപ്പിക്കുമ്പോൾ മകൾ പുഞ്ചിരി യോടെ
അമ്മയെ വട്ടം കെട്ടിപ്പിടിച്ചു ഉമ്മവെച്ചു
എന്റെ പുന്നാര അമ്മ
അമ്മയെ കാണാതെ കഴിച്ചു കൂട്ടുന്ന വിരസമായ ജീവിതത്തെക്കുറിച്ച്
അമ്മയോട് മതിയാവോളം സംസാരിച്ചുകൊണ്ട്
ഊൺമേശമേൽ
യുദ്ധാനന്തരം ഗാന്ധാരി കണ്ട കുരുക്ഷേത്രഭൂമി പോലെ അലച്ചുവാരി ഏമ്പക്കം വിട്ടു
അമ്മയുടെ തോളിൽ തട്ടി.
പാചകം ബഹുകേമം
തണ്ടവിരൽ മുദ്ര കാട്ടി
ഇത്രയും സ്നേഹം മതിയൊ അമ്മേയെന്ന് അവരുടെ കണ്ണുകൾ വിളിച്ചു ചോദിയ്ക്കുന്നുണ്ടായിരുന്നു
അമ്മയ്ക്ക് അത് വായിക്കാനാവുന്നുണ്ടെന്നത് അമ്മമനസിൻ്റെ കുസൃതിയായിരുന്നു
ഒരു രാത്രി കിടക്കയിൽ മൂത്രമൊഴിക്കുന്ന കൊച്ചു മകനെ വാരി പുണർന്ന്
ആ അമ്മ അണ്ഢകടാഹം മുഴുവൻ കണ്ണുകളിലാവാഹിച്ച്
നിത്യവിശ്രമത്തിലേയ്ക്ക് ഒളിച്ചു പോയി
ചലനമറ്റ അമ്മയെ നോക്കിമക്കൾ ചടങ്ങുകളിൽ മുഴുകി
ഇതു കണ്ടുകൊണ്ട് അത്രയും നാൾ ആ ശരീരത്തിൽ കുടിയിരുന്ന ആത്മാവ് ഊറി ചിരിച്ചു.
നാളെമുതൽ അടുക്കളയിൽ വിയർക്കുന്ന ആ മനുഷ്യരേയോർത്ത്
അമ്മയായിരുന്നു കുഞ്ഞേ
ഇത്ര നാളും ഞാൻ
അവിടെയെങ്ങാനും മര്യാദയ്ക്ക് കുത്തിയിരുന്നോ തള്ളെയെന്നു പറഞ്ഞ് എൻ്റെ മക്കൾ വീട്ടുപണികളേറ്റെടുക്കുന്ന ഒരു നാളിനായി കൊതിച്ച് കൊതിച്ച് യാത്രപറഞ്ഞ ഒരമ്മ