Advertisment

സ്നേഹപൂർവ്വം (കവിത)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

-സി.എച്ച് ഫസ്ന യൂസുഫ്, പുലാപ്പറ്റ

പ്രിയനേ..

പൂക്കളും

ശലഭങ്ങളും

വെയിലും

മഴയും കൊണ്ട്

നീ വർണാഭമാക്കിയ

എന്റെയാരാമത്തിൽ

നിന്നെയോർക്കാ

നൊരിടവേളയില്ലാവിധം

എന്റെ രാപ്പകലുകൾ

കിതച്ചോടുകയാണ്..

ഇടതടവില്ലാ

വിളികൾക്കുത്തരം പറഞ്ഞ്...

വിശക്കുന്ന വയറുകളെ-

യോർത്താധി പിടിച്ച്...

ചിന്തകളിൽ

ചെയ്തുതീർക്കാൻ ബാക്കിയുള്ളവ കുത്തിനിറച്ച്..

ഇന്നലെയും,

ഇന്നും,

നാളെയും,,

എനിക്കറിയാം...

നീയും ഞാനും

മാത്രമുള്ള

നിമിഷങ്ങളിൽ

നിന്റെ മടിയിൽ തല ചായ്ച്ച്...

ഹൃദയാഴങ്ങളിലെ ഊറലുകൾ

ഒരു പെരുമഴയായ്

പെയ്തു തീർത്ത്

നിന്നിലേക്കലിഞ്ഞു ചേരാൻ

ഹൃദയം വെമ്പുന്നത്

നീ അറിയുന്നുണ്ട്….

അതിനാലല്ലോ,

ഓരോ നെടുവീർപ്പിലും

നീട്ടിയും,

കുറുക്കിയും,

ഉറക്കെയും, പതുക്കെയും

വിളിച്ചാലും

ഒട്ടുമേ

വിരസപ്പെടാതെ

ഓടിവന്നെന്നെ നീ

വാരിപ്പുണരുന്നത്..

പ്രിയനേ ഓർക്കാതിരിക്കാ

നെനിക്കാവതില്ല...

കിനാവിലെങ്കിലും…,

ഇടയ്ക്കിടെ

കിനാക്കളുടെ പറുദീസയിൽ

ഞാനെന്റെ

മുസല്ല വിരിക്കാറുണ്ട്....

അവിടെ

താഴ്‌വാരങ്ങളുടെയറ്റത്ത്

ഇലന്ത മരങ്ങളിൽ

വെളിച്ചം പൂക്കാറുണ്ട്..

തുടിക്കുന്ന ഖൽബും കണ്ണുമായി

വേച്ചും,കിതച്ചും

നീയെന്ന വെളിച്ചത്തിലേക്ക്

ഞാൻ ഓടിനോക്കാറുണ്ട്....

കാതങ്ങളകലെയെങ്കിലും

അതിലൊരു കിരണമെങ്കിലും

വന്നെന്റെ

നെറുകയിൽ ചുംബിച്ച്

മറയാറുണ്ട്...

ഇരുട്ട് മൂടിത്തുടങ്ങിയോരെൻ

ഹൃദയാ കാശത്തിൽ

നിലാവുദിക്കാൻ

എനിക്കത്രയും മതി..

എനിക്കത്രയും മതി...

cultural
Advertisment