കൊച്ചി: ഇന്ത്യൻ ഭാഷയിൽ കുട്ടികളുടെ സാഹിത്യത്തിന് മികച്ച സംഭാവന നൽകുന്നവർക്കുള്ള ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ദി ബിഗ് ലിറ്റിൽ ബുക്ക് അവാർഡിന് (ബി എൽ ബി എ) പ്രൊഫ. എസ് . ശിവദാസ്, ദീപ ബൽസവർ എന്നിവർ അർഹരായി. യുവ വായനക്കാർ, രക്ഷിതാക്കൾ, സ്‌കൂളുകൾ, പ്രസാധകർ, എഴുത്തുകാർ തുടങ്ങിയവരെ ഒന്നിപ്പിക്കുന്ന വേദിയാണ് ബി എൽ ബി എ. ബി എൽ ബി എയുടെ ആറാമത് എഡിഷനാണ് ഈ വർഷത്തേത്. 490 നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചത്. ഇത്തവണ മലയാള ഭാഷയിലെ സാഹിതിത്യങ്ങളാണ് എഴുത്തുകാരുടെ വിഭാഗത്തിൽ പരിഗണിച്ചത്. ഇല്ലുസ്ട്രേഷൻ വിഭാഗത്തിൽ എല്ലാ ഭാഷകളെയും പരിഗണിച്ചിരുന്നു.
കോട്ടയം സ്വദേശിയായ ശിവദാസ് നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. ബി എൽ ബി എ അവാർഡ് ഏറെ പ്രചോദനം നൽകുന്നതാണെന്നും ടാറ്റ ഗ്രൂപ്പിന്റെയും പരാഗിന്റെയും പ്രവർത്തന പൈതൃകവും പ്രവർത്തനങ്ങളും ഏറെ മൂല്യവത്താണെന്നും പ്രൊഫ. എസ് . ശിവദാസ് പ്രതികരിച്ചു. കുട്ടികളുടെ എഴുത്തുകാരൻ എന്ന നിലയിൽ കരിയറിന്റെ പുതിയൊരു തുടക്കമാണ് ഈ അവാർഡെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സാഹിത്യത്തിൽ ശാസ്ത്രാവബോധമുള്ള മികച്ച എഴുത്തുകാരനാണ് പ്രൊഫ. ശിവദാസെന്ന് അവാർഡ് ജ്യുറി അംഗങ്ങളായ ഗ്രേസ്‌ട്രോക്, ഡോ.എം.എം. ബഷീർ, പോൾ സക്കറിയ, ഷെർലിൻ റഫീഖ്, സുനിത ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു.
മുംബൈ സ്വദേശിയായ ആർട്ടിസ്റ്റായ ദീപ ബൽസവർ മൃഗങ്ങളുടെയും പുസ്തകങ്ങളുടെയും വരകളുടെയും കൂട്ടുകാരിയാണ്. വെറ്ററിനറി ഡോക്ടറാകാൻ കൊതിച്ചിരുന്ന ദീപ പക്ഷെ ആർട്ട്സ് കോളേജിലാണ് ചേർന്നത്. മൃഗങ്ങളെ സുശ്രൂഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ കഥകളും വരകളുമായി മുന്നോട്ട് പോകാനായിരുന്നു ദീപയുടെ തീരുമാനം. കുട്ടികൾക്ക് വേണ്ടി പുസ്തകങ്ങൾ രചിക്കുക എന്നത് ഏറെ ഉത്തരവാദിത്വമുള്ള കർത്തവ്യമാണെന്ന് അവർ പ്രതികരിച്ചു. ദീപയുടെ വരകളുടെ സൗന്ദര്യം . നിറങ്ങൾ, രൂപങ്ങൾ, അവതരണം എന്നിവ എടുത്തുപറയേണ്ടതാണെന്നും ജൂറി അംഗങ്ങളായ ആശാട്ടി മദ്‌നാനി, പ്രോഥി റോയ്, റാണി ധാർകാർ, സുനന്ദിനി ബാനർജി, തേജസ്വിനി ശിവാനൻ എന്നിവർ വിലയിരുത്തി.
ഇന്ത്യൻ ഭാഷകളിലെ മികച്ച കുട്ടികളുടെ സാഹിത്യങ്ങൾ അവരിൽ വായനാശീലം വളർത്തുന്നതിലും വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തുന്നുവെന്ന് ടാറ്റ ട്രസ്റ്റ്സ് വിദ്യാഭ്യാസ വിഭാഗം മേധാവി അമൃത പട്വർദ്ധൻ അഭിപ്രായപ്പെട്ടു കൂടാതെ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങളും അറിയിച്ചു.