കൊവാക്‌സിൻ, കൊവിഷീൽഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തവരിൽ രൂപം കൊള്ളുന്ന ആന്റിബോഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതായി പഠനങ്ങൾ

New Update

publive-image

Advertisment

ഡൽഹി: കൊവാക്‌സിൻ, കൊവിഷീൽഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തവരിൽ രൂപം കൊള്ളുന്ന ആന്റിബോഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതായി പഠനങ്ങൾ. കൊവാക്‌സിൻ എടുത്തവരിൽ രണ്ട് മാസത്തിനകവും കൊവിഷീൽഡ് എടുത്തവരിൽ മൂന്ന് മാസത്തിനകവും ആന്റിബോഡി കുറയുമെന്നാണ് കണ്ടെത്തൽ.

ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററും ഐസിഎംആറും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. പഠനം നടത്തുന്നതിനായി 614 പേരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.

ഇതിൽ 308 സാമ്പിളുകൾ കൊവിഷീൽഡ് സ്വീകരിച്ചവരുടെയും ശേഷിക്കുന്നത് കൊവാക്‌സിന്റെയുമാണെന്ന് ഐസിഎംആർ-ആർഎംആർസി ശാസ്ത്രജ്ഞൻ ഡോ. ദേവ്ദത്ത് ഭട്ടാചാര്യ അറിയിച്ചു.

ആരോഗ്യപ്രവർത്തകരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 533 പേരിലും ആന്റിബോഡികളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രണ്ട് ഡോസെടുത്ത ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. വാക്‌സിനേഷന് ശേഷം 24 ആഴ്ചകൾ വരെ ഇവരെ നിരീക്ഷിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ നിന്ന് തന്നെ ആന്റിബോഡിയുടെ അളവിൽ കുറവ് കണ്ടെത്തി. 2021 മാർച്ചിലായിരുന്നു പഠനം ആരംഭിച്ചത്.

മനുഷ്യശരീരത്തിലെ സാധാരണമായ ആന്റിബോഡിയായ ഇമ്മ്യൂണോഗ്ലോബുലിൻ ജി-യുടെ അളവിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ആന്റിബോഡിയുടെ അളവ് കുറയുന്നുണ്ടെങ്കിലും അവയുടെ സാന്നിധ്യം വാക്‌സിൻ സ്വീകരിച്ചവരിൽ തുടരുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.

NEWS
Advertisment