Advertisment

ഗുജറാത്തിലെ ബറോഡയോട്​ അതിർത്തി പങ്കിടുന്ന ജാബുവയിലെ ചർച്ചുകൾ ഞായറാ​​ഴ്ച തകർക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്​; രാഷ്​ട്രപതിയുടെ അടിയന്തിര ഇടപെടൽ തേടി ബിഷപ്പുമാർ

New Update

publive-image

Advertisment

ഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ ഞായറാഴ്​ച ക്രൈസ്​തവ ദേവാലയങ്ങൾ തകർക്കുമെന്ന്​ വിശ്വ ഹിന്ദുപരിഷത്തി​ന്‍റെ ഭീഷണി. ഗുജറാത്തിലെ ബറോഡയോട്​ അതിർത്തി പങ്കിടുന്ന ജാബുവയിലെ ചർച്ചുകൾ പൊളിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകിയിരിക്കുന്നതായി  കാണിച്ച്​ ബിഷപ്പ്​ പോൾ മുനിയയുടെ നേതൃത്വത്തില്‍ ജില്ലാ കലക്​ട​​ര്‍ക്ക് നിവേദനം നല്‍കി.

ക്രൈസ്​തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ അടിയന്തിരമായി ഇടപെടണമെന്നഭ്യർഥിച്ച്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, മുഖ്യമന്ത്രി, ഗവർണർ എന്നിവർക്കും നിവേദനമയച്ചിട്ടുണ്ട്​. സംസ്​ഥാനത്ത്​ നേരത്തെയും ക്രൈസ്​തവ സമൂഹത്തിനെതിരെ നിരവധി അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്​.

മേഖലയിലെ എല്ലാ ചർച്ചുകളും അടച്ചുപൂട്ടണമെന്ന്​ ആസാദ്​ പ്രേംസിങ്​ എന്ന വി.എച്ച്​.പി നേതാവ്​ ഈ വർഷം ആദ്യം ആവശ്യമുയർത്തിയിരുന്നു. ഇതു സംബന്ധിച്ച്​ പൊലീസിലും റവന്യൂ വകുപ്പിലും പരാതി നൽകിയെങ്കിലും സംരക്ഷണ നടപടികളൊന്നുമുണ്ടായില്ല.

പകരം റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്​ഥൻ ക്രൈസ്​തവ പുരോഹിതൻമാരോട്​ ത​ന്‍റെ മുന്നിൽ ഹാജറായി തങ്ങളുടെ പ്രവർത്തന രീതി വിശദീകരിക്കാനാണ്​ ആവശ്യപ്പെട്ടത്​. എങ്ങിനെയാണ്​ പുരോഹിത നിയമന​മെന്ന്​ വ്യക്​തമാക്കണമെന്നും പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ അല്ല ക്രൈസ്​തവരായതെന്ന്​ സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട ഉദ്യോഗസ്​ഥൻ വിവരങ്ങൾ തെറ്റെന്ന്​ കണ്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്​ നൽകി.

പത്തു ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ നാലു ശതമാനം മാത്രം വരുന്ന ക്രൈസ്തവർക്കെതിരായ നീക്കങ്ങളിൽ ഭരണകൂടം അക്രമികൾക്കൊപ്പം നിൽക്കുകയാണെന്ന്​ ബിഷപ്​ മുനിയ മാധ്യമങ്ങളോട്​ പറഞ്ഞു.

ചർച്ചുകൾ അനധികൃതമായാണ്​ നിർമിച്ചിരിക്കുന്നതെന്ന്​ കണ്ടെത്തിയാൽ അധികൃതർക്ക്​ നടപടിയെടുക്കാമെന്നിരിക്കെ സ്വകാര്യ വ്യക്​തികളെയും സംഘടനകളെയും അഴിഞ്ഞാടാൻ വിടുന്നത്​ അതിക്രമത്തിന്​ കൂട്ടുനിൽക്കലാണ്​.

വി.എച്ച്​.പി അക്രമവും ഭീഷണിയും അഴിച്ചുവിടു​മ്പോൾ മതംമാറ്റം തടയൽ നിയമത്തി​ന്‍റെ മറപറ്റി ക്രൈസ്​തവർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാവുകയാണ്​ അധികൃതർ. പൊലീസും റവന്യൂവകുപ്പും സമുദായ​ത്തോട്​ മുൻവിധിയോടെയാണ്​ പെരുമാറുന്നതെന്ന്​ ഭോപ്പാൽ കാത്തലിക്​ അതിരൂപതാ പി.ആർ.ഒ ഫാദർ മറിയ സ്​റ്റീഫൻ പറഞ്ഞു.

അതിക്രമങ്ങൾ തടയാൻ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും ഇടപെടണമെന്ന്​ ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ അംഗവും യുനൈറ്റഡ്​ ക്രിസ്​ത്യൻ ഫോറം ദേശീയ കോ ഓർഡിനേറ്ററുമായ ഡോ. മൈക്കൽ വില്യംസ്​ ആവശ്യപ്പെട്ടു.

delhi news
Advertisment