ന്യൂ ഡൽഹി: കോവിഡ് മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് സാന്ത്വനമേകുന്ന സഹായ പദ്ധതിയുമായി ഡൽഹി മലയാളി അസോസിയേഷൻ രംഗത്ത്. ജപ്പാനിലെ നിഹോൺ കൈരളി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് .
ഡൽഹി എൻ.സി.ആർ. മേഖലയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എട്ട് കുടുംബങ്ങൾക്ക് ധനസഹായം നൽകിക്കൊണ്ട് പദ്ധതിക്ക് തുടക്കമിടും.
ഡി.എം.എ. കോവിഡ് ഹെൽപ്പ് ഡെസ്‌ക് കൺവീനറും വൈസ് പ്രസിഡന്റുമായ മണികണ്ഠൻ കെ.വി.യുടെ നേതൃത്വത്തിലുള്ള 13 അംഗ കമ്മിറ്റിയാണ് സഹായ നിധി വിതരണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഒക്ടോബർ 26 ചൊവ്വാഴ്ച്ച വൈകുന്നേരം ഡി.എം.എ.യുടെ മെഹ്റോളി ഏരിയയിൽ സഹായ നിധിയുടെ വിതരണോദ്ഘാടനം നടക്കും.
ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ കുടുംബങ്ങളിൽ നിന്ന് ഡി.എം.എ. ശേഖരിച്ചു വച്ചിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്.
നിഹോൺ കൈരളി ഫൗണ്ടേഷന്റെ സഹായത്തോടെ അർഹതപ്പെട്ട കൂടുതൽ പേരിലേക്ക് സഹായ ധനം എത്തിക്കുന്നത്തിനായി ഡി.എം.എ. പ്രസിഡന്റ് കെ രഘുനാഥ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി പറഞ്ഞു.
-പി.എൻ ഷാജി