Advertisment

സ്വകാര്യ ആശുപത്രി മേഖലയിലും നഴ്സിംഗ് ഓഫീസർ പദവി നടപ്പാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

New Update

publive-image

Advertisment

ഡല്‍ഹി: സ്വകാര്യ ആശുപത്രി മേഖലയിലും നഴ്സിംഗ് ഓഫീസർ പദവി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.

വിഷയത്തിൽ 2016 സെപ്റ്റംബർ 9 -ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സ്വകാര്യ ആശുപത്രി മേഖലയിലും ബാധകമാണോ ? ബാധകമാണെങ്കിൽ എന്തുകൊണ്ട് അത്‌ നടപ്പാക്കുന്നതിന് വേണ്ട നിർദേശങ്ങൾ നൽകിയില്ല ? എന്നി വിഷയത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് രേഖ പള്ളി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരേ യോഗ്യതയുള്ളവരെ തരംതിരിച്ച്‌ കാണുന്നത് വിവേചനപരവും ഇന്ത്യൻ ഭരണഘടനയുടെ 14 -ാം വകുപ്പിന്റെ ലംഘനവും ആണെന്ന് അസോസിയേഷനായി ഹാജരായ അഡ്വ. ജോസ് ഏബ്രഹാം കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാരിനെയും, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, ഡൽഹി നഴ്സിംഗ് കൗൺസിൽ എന്നി സ്ഥാപനങ്ങളെയും ഹർജിയിൽ കക്ഷി ചേർത്തിരുന്നു.

കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ നാമകരണം ഓഫീസർ പദവിയിലേക്ക് ഉയർത്തിക്കൊണ്ട് 2016 -ലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര ഉത്തരവിന്റ അടിസ്ഥാനത്തിൽ, ഡൽഹി ഉൾപ്പെടെ ഉള്ള പല സംസ്ഥാന സർക്കാറുകളും നഴ്സുമാരുടെ നാമകരണത്തിൽ മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ ഉള്ള ആശുപത്രികളിൽ മാത്രമാണ് ഇത് നടപ്പിലായത്.

സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഈ പദവി ലഭ്യമാക്കുന്നതിന് വേണ്ട യാതൊരു നടപടിയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. വിഷയം കോടതി ഡിസംബർ 21- ന് വീണ്ടും പരിഗണിക്കും.

delhi news
Advertisment