ഡൽഹി: കോടികൾ വിലമതിക്കുന്ന സ്വർണ്ണബിസ്‌ക്കറ്റ് കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് സ്വർണ്ണബിസ്‌ക്കറ്റുകളുമായി രണ്ടു പേർ അറസ്റ്റിലായത്.
നോർത്ത് 24 പർഗനാസ് ജില്ലയിലെ പെട്രാപോളിനടുത്തുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലാണ് സ്വർണ്ണവേട്ട നടന്നത്. 52 സ്വർണ്ണബിസ്‌ക്കറ്റുകളാണ് പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
സ്വർണ്ണബിസ്‌ക്കറ്റുമായി അഗർത്തലയിൽ നിന്നും ധാക്ക വഴി കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന റോയൽ ഫ്രണ്ട്ഷിപ്പ് ഇന്റർനാഷണൽ പാസഞ്ചർ ബസിലായിരുന്നു ഇരുപ്രതികളും യാത്ര ചെയ്തിരുന്നത്. ബസിന്റെ ഇന്ധന ടാങ്കിന് സമീപത്ത് നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.
ബസിന്റെ ഡ്രൈവറായ മുസ്തഫയും സഹായി മതൂർ റഹ്മാനുമാണ് പിടിയിലായത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിഎസ്എഫ് അറിയിച്ചു.