/sathyam/media/post_attachments/kutPx8plURSjuUK0lNRD.jpg)
ഡല്‍ഹി: ഡല്‍ഹി കോർപ്പറേഷനിൽ 22 വർഷത്തെ വിജയകരമായ സേവനത്തിനു ശേഷം മലയാളിയായ ശിവപ്രസാദ് മാർച്ച് 31നു വിരമിക്കുന്നു. 1983ൽ ഡൽഹി അഡ്മിനിസ്ട്രേഷന്റെ ഭാഗമായാണ് ശിവപ്രസാദ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സർവീസസ്, ഭരണ പരിഷ്കരണം, വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് എന്നീ വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.
2000 ഏപ്രിൽ അഞ്ചിന് ജൂനിയർ അനലിസ്റ്റ് ആയി ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ചേർന്നു (തസ്തിക പിന്നീട് അസിസ്റ്റന്റ് ഡയറക്ടർ ആയി). ഈ പദവിയിൽ 2011 വരെ ഓർഗനൈസേഷൻ ആൻഡ് മെത്തേഡ്സ് വകുപ്പിൽ സേവനമനുഷ്ഠിച്ചു. ഈ സമയത്ത് മുനിസിപ്പൽ കോർപറേഷൻ മൂന്നായി വിഭജിക്കപ്പെട്ടു; 3 കോർപറേഷനുകൾ നിലവിൽ വന്നു. ശിവപ്രസാദ് വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്കു നിയോഗിക്കപ്പെട്ടു.
കോർപറേഷന്റെ ആദ്യ മേയറായി ചുമതലയേറ്റ മീര അഗർവാൾ, തന്റെ മേയർ ഓഫിസിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശിവപ്രസാദിനെ തിരഞ്ഞെടുത്തു. മേയറുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി അദ്ദേഹത്തെ നിയമിച്ചു.
മേയറുടെ ഓഫിസിലെ ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും പൊലീസ്, മാധ്യമങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായുള്ള ഏകോപനം മികവോടെ നിർവഹിക്കുകയും ചെയ്തതിലൂടെ, ഓഫീസിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറി. ഇതുവഴി കോർപറേഷനിൽ പിന്നീട് വന്ന 9 മേയർമാർക്കൊപ്പം പ്രവർത്തിക്കാനുള്ള ബഹുമതി ശിവപ്രസാദിനു ലഭിച്ചു.
900 കോടി രൂപയുടെ കടബാധ്യത ഉൾപ്പെടെ കോർപറേഷൻ നേരിട്ട പ്രതിസന്ധികൾ തരണം ചെയ്യാൻ ഒഎസ്ഡി എന്ന നിലയിൽ മേയർമാരെ സഹായിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
ഇതിനിടയിൽ, അസിസ്റ്റന്റ്‍ ഡയറക്ടറിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി അദ്ദേഹത്തിനു സ്ഥാനക്കയറ്റം ലഭിച്ചു. 2020 സെപ്റ്റംബർ ഒന്നിന് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ മുനിസിപ്പൽ സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റു (മുനിസിപ്പൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് ഒറ്റപ്പാലം സ്വദേശിയായ ശിവപ്രസാദ്).
മുനിസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ ‘ഇ അജൻഡ’ പദ്ധതിക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു. അജൻഡകളുടെ കടലാസ് പതിപ്പ് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ വിലമതിക്കുന്ന കടലാസ് ലാഭിക്കാൻ കോർപറേഷനു സാധിക്കും. പരിസ്ഥിതി സംരക്ഷണത്തിനും ഇതു സഹായിക്കും. പദ്ധതിയുടെ പരീക്ഷണം പൂർണ വിജയമായിരുന്നു. കോർപറേഷന്റെ അടുത്ത സെഷനിൽ പദ്ധതി നടപ്പാക്കും.
കോവിഡ് വ്യാപന വേളയിലെ നിയന്ത്രണങ്ങൾ മറികടക്കാൻ ഒാൺലൈൻ വഴിയുള്ള വിർച്വൽ യോഗങ്ങൾ സംഘടിപ്പിക്കാൻ അദ്ദേഹം മുൻകയ്യെടുത്തു. ബജറ്റ് സമയബന്ധിതമായി അവതരിപ്പിക്കാനും ഇതുവഴി സാധിച്ചു. യോഗങ്ങൾ ഓൺലൈൻ വഴി നടത്താനുള്ള യജ്ഞത്തിന്റെ പതാകവാഹകരായി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മാറി. മറ്റു കോർപറേഷനുകൾ പിന്നീട് ഈ പാത പിന്തുടരുന്നു.
ഭാര്യ: ഗീതാ മേനോന്‍ (എഡിറ്റര്‍, ചില്‍ഡ്രന്‍സ് വേള്‍ഡ് മാഗസിന്‍). മകള്‍: നന്ദിതാ മേനോന്‍ (ഓക്സ്ഫോര്‍ഡ് യൂണിവേഴിസിറ്റ് പ്രസ് റൈറ്റ്സ് അസോസിയേറ്റ്). മരുമകന്‍: പ്രണവ് (ബിസിനസ് മാനേജര്‍, മിനര്‍വ ടെക്നോളജീസ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us