/sathyam/media/post_attachments/uaoKMOt2MAcq9qacAhqM.jpg)
ഡല്‍ഹി: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതന പരിഷ്കരണ വിഷയത്തിൽ ഡൽഹി സർക്കാരിന്റെ നിലപാട് മാറ്റം അംഗീകരിക്കാനാവില്ലെന്ന് ഡൽഹി ഹൈ ക്കോടതി. സ്വകാര്യ ആശുപത്രി മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ വേതനവും, തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്താൻ ഉതകുന്ന പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് ഡൽഹിയിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ 2017- ൽ ഡൽഹി ഹൈ- ക്കോടതിയെ സമീപിച്ചിരുന്നു.
ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് 2019- ൽ വിധി പുറപ്പെടുവിച്ചു. ഹർജി കാലയളവിൽ, സുപ്രീം കോടതിയുടെ ഉത്തരവുകൾ പ്രകാരം രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ ശുപാർശകൾ സംസ്ഥാനം ശരി വയ്ക്കുകയും, സംസ്ഥാനം ഡി ജി എച്ച് എസ് ചെയർമാന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പ്രസ്തുത റിപ്പോർട്ട്, സുപ്രീം കോടതിയുടെ ഉത്തരവുകൾ പ്രകാരം രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ ശുപാർശകൾ അംഗീകരിക്കുന്നതുമാണ്.
പിന്നീട്, 2019-ൽ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കാഞ്ഞ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സിജു തോമസ് നൽകിയ കോടതിയലക്ഷ്യ കേസിലാണ് ഡൽഹി സർക്കാരിന്റെ നിലപാട് മാറ്റത്തെ കോടതി നിശിതമായി വിമർശിച്ചത്.
കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികമാണെന്ന് പ്രസ്താവിച്ചുകൊണ്ട് നിലവിൽ നൽകിയ സത്യവാങ്മൂലം നിലപാടിലെ തിരിഞ്ഞ് പോക്കാണ്. സർക്കാരിന്റെ ഈ പെരുമാറ്റം വിലമതിക്കുന്നില്ല.
24.07.2019-ലെ സിംഗിൾ ജഡ്ജിയുടെ ഉത്തരവും, 19.08.2021-ലെ സത്യവാങ്മൂലം സമർപ്പിച്ചതിനുമിടയിൽ സർക്കാർ വരുത്തിയ 180 ഡിഗ്രി നിലപാട് മാറ്റം ഇതിനിടയിൽ എന്തെങ്കിലും സംഭവിച്ചുവെന്ന ആശങ്ക കൂടുതൽ ഉയർത്തുന്നു. കോടതിയുടെ ഉത്തരവുകളെ മനഃപൂർവം അനുസരിക്കാത്തതായും ഇതിനെ വ്യാഖ്യാനിക്കാം. കോടതി നിരീക്ഷിച്ചു.
ഹർജിക്കാർക്കുവേണ്ടി അഡ്വ. ഡോക്ടർ. അമിത് ജോർജ്, അഡ്വ.റായ്ദുർഗം ഭരത്, അഡ്വ.പിയോ ഹരോൾഡ്, അഡ്വ.അമോൽ ആചാര്യ എന്നിവർ കോടതിയിൽ ഹാജരായി. വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി മൂന്നാഴ്ചത്തെ സമയം സർക്കാർ എ.എസ്.സി ഗൗതം നാരായൺ തേടി.
സർക്കാർ അടുത്ത വാദത്തിന് മുമ്പ് 22.07.2019 - ലെ ഉത്തരവ് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, പ്രസ്തുത ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ, 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമുള്ള കോടതിയലക്ഷ്യ നടപടികൾ എന്തുകൊണ്ട് തെറ്റ് ചെയ്തവർക്കെതിരെ സ്വീകരിക്കാൻ പാടില്ല എന്ന് വിശദീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നേരിട്ട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ്. സുബ്രമണ്യം പ്രസാദ് ജെ - യുടെ ഉത്തരവിൽ നിർദേശിക്കുന്നു. ജൂലൈ 12- ആം തീയതി കേസ് കോടതി വീണ്ടും പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us