/sathyam/media/post_attachments/J2agRubIOYlcIOtpeZY6.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ പ്രതിനിധികളുമായി നോര്‍ക്ക റൂട്ട്സ് റെസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും പദ്ധതികള്‍ ആവിഷ്കരിക്കാനുമായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടത്തിവരുന്ന യോഗങ്ങളുടെ ഭാഗമായാണ് ഡല്‍ഹിയില്‍ കേരള ഹൗസില്‍ യോഗം ചേര്‍ന്നത്.
നാട്ടില്‍നിന്ന് ഡല്‍ഹിയില്‍ വരുന്ന മലയാളികള്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം, കേരള ഹൗസില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് തുടങ്ങുക, നോര്‍ക്ക റൂട്ട്സിന്‍റെ അറ്റസ്റ്റേഷന്‍ സെന്‍റര്‍ ഡല്‍ഹിയില്‍ ആരംഭിക്കുക, മലയാളികള്‍ക്കായി സാംസ്കാരിക സമുച്ചയം, ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് പദ്ധതി, ലോക കേരള പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ ഉണ്ടാക്കുക, ത്രൈമാസ യോഗങ്ങള്‍ സംഘടിപ്പിക്കുക, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ കേരളത്തിലെ വിലാസം ഉള്‍പ്പെടുത്തുക, വിദേശ മലയാളികള്‍ക്കായി നിയമസഹായ സെല്‍ രൂപവല്‍ക്കരിക്കുക, മരണപ്പെടുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായധനം ലഭ്യമാക്കുക, സഹായധന പദ്ധതികളുടെ നിബന്ധനകള്‍ ലഘൂകരിക്കുക, ഇന്ത്യയ്ക്കകത്തെ പ്രവാസികളുടെ ഡയറക്ടറി ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു.
ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിശോധിക്കുമെന്നും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയ്ക്കകത്തുള്ള പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി, കേരള ഹൗസ് കണ്‍ട്രോളര്‍ സി.എ അമീര്‍, നോര്‍ക്ക ഓഫീസര്‍ ജെ. ഷാജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us