കോക്ക്പിറ്റിൽ വനിതാ സുഹൃത്തിനെ കയറാൻ അനുവദിച്ച സംഭവം; വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും അന്വേഷണം പൂർത്തിയാവുന്നത് വരെ ജോലിയിൽനിന്ന് മാറ്റിനിർത്തും

New Update

publive-image

Advertisment

ഡൽഹി : വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറാന്‍ പൈലറ്റ് അനുവദിച്ച സംഭവത്തില്‍ വിമാനത്തിലെ എല്ലാ ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഉത്തരവ്. എയര്‍ഇന്ത്യ അധികൃതര്‍ക്ക് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.

ജീവനക്കാരെ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 27-ന് എയര്‍ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ കാബിന്‍ ക്രൂവിലുണ്ടായിരുന്നയാളാണ് ഇതുസംബന്ധിച്ച് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന് പരാതി നല്‍കിയത്.

പൈലറ്റ് ഇതേ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് കടക്കാന്‍ അനുവദിച്ചു എന്നായിരുന്നു പരാതി. സംഭവത്തില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും, അന്വേഷണം നടക്കുന്നതിനാല്‍ എല്ലാവരെയും ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തുകയാണെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

അന്വേഷണം പൂര്‍ത്തിയാവും വരെ ഈ നില തുടരുമെന്നും അറിയിച്ചു. അതേസമയം സംഭവത്തില്‍ പൈലറ്റിന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കും. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പൈലറ്റിനെയും ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

Advertisment