ഡൽഹി; വീഡിയോക്കായി 300 കി.മി വേഗത്തിൽ ബൈക്ക് റൈഡിങ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് യൂട്യൂബർക്ക് ദാരുണാന്ത്യം. പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാൻ ആണ് ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടത്. 300 കിലോമീറ്റർ വേഗതയിൽ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡിറിൽ ഇടിക്കുകയായിരുന്നു.
ഡെറാഡൂണ്‍ സ്വദേശിയായ അഗസ്ത്യ ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് അഗസ്ത്യ അപകടത്തിൽപ്പെട്ടത്. യമുന എക്സ്പ്രസ് വേയിലെ ഡിവൈഡറിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഗസ്ത്യ തെറിച്ചുവീഴുകയും ഹെൽമറ്റ് തകരുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഗസ്ത്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അലിഗഡ് ജില്ലയിലെ തപ്പാൽ പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. 25 കാരനായ അഗസ്ത്യക്ക് യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. ബൈക്ക് യാത്രകളും സാഹസിക യാത്രകളും ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു